Alert | ജാഗ്രത! ഈ ഉത്പന്നം വാങ്ങുന്നവർ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ടാറ്റ സ്റ്റീൽ
● ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല.
● അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമാണ് ഉൽപ്പന്നങ്ങൾ വാങ്ങേണ്ടത്.
കൊച്ചി: (KVARTHA) ടാറ്റ സ്റ്റീലിന്റെ പേരിൽ വ്യാജ ഫൈബർ റീഇൻഫോർസ്ഡ് പോളിമർ (എഫ്ആർപി) വെസലുകൾ വിപണിയിൽ നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഈ വ്യാജ ഉൽപ്പന്നങ്ങൾ ടാറ്റ സ്റ്റീലിന്റെ കർശന ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്നും ഉപയോക്താക്കൾക്ക് അപകടം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ടാറ്റാ സ്റ്റീലിന്‍റെ എഫ്ആർപി വെസലുകള്‍ രാസ വസ്തുക്കളുടെ സംഭരണവും പ്രോസസിംഗും ജല സംസ്കരണം പവർ പ്ലാന്‍റുകൾ തുടങ്ങിയ വ്യവസായങ്ങളിലാണ് ഉപയോഗിക്കുന്നത്. ഉയർന്ന ശക്തി, തുരുമ്പ് പ്രതിരോധം, ഈടുനിൽപ്പ് എന്നിവയെ മുൻനിർത്തിയാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യാജ ഫൈബർ റീഇൻഫോർസ്ഡ് പോളിമർ ഉത്പന്നങ്ങള്‍ക്കെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രം ടാറ്റ സ്റ്റീല്‍ എഫ്ആർപി വെസലുകള്‍ വാങ്ങണമെന്നും കമ്പനി അഭ്യർത്ഥിച്ചു.
വ്യാജ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷയേയും ഈടുനിൽപ്പിനേയും ബാധിച്ചേക്കാം. കെംടെക് ട്രേഡിംഗാണ് ടാറ്റാ സ്റ്റീലിന്‍റെ കേരളത്തിലെ അംഗീകൃത വിതരണക്കാർ. ഗുണനിലവാരത്തിലും സുരക്ഷയിലും ഉയർന്ന നിലവാരം പുലർത്താൻ ടാറ്റ സ്റ്റീൽ പ്രതിജ്ഞാബദ്ധരാണെന്നും വ്യാജ ഉത്പന്നങ്ങളുടെ വിതരണം തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.