മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കു വീഴ്ചയുണ്ടായിട്ടില്ല, ആശുപത്രിയില്‍ എത്തിച്ചത് രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നും റിപ്പോര്‍ട്ട്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.03.2018) ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് മതിയായ ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകനെ രക്ഷിക്കാവുന്ന അവസ്ഥയില്‍ അല്ല ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യ വകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് മുരുകനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് ആശുപത്രികളില്‍ രേഖപ്പെടുത്താത്തതു വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ എന്നീ ആശുപത്രികളിലെ ആറു ഡോക്ടര്‍മാര്‍ക്കു സംഭവത്തില്‍ വീഴ്ച സംഭവിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കു വീഴ്ചയുണ്ടായിട്ടില്ല, ആശുപത്രിയില്‍ എത്തിച്ചത് രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നും റിപ്പോര്‍ട്ട്

റോഡ് അപകടത്തില്‍ പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ മരിക്കാനിടയായത് കൃത്യസമയത്തു ചികിത്സ നല്‍കുന്നതില്‍ അധികൃതര്‍ക്കു വീഴ്ച പറ്റിയതിനെത്തുടര്‍ന്നാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു വിവിഐപി വെന്റിലേറ്ററും 16 സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററും ഒഴിവുണ്ടായിട്ടും മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രവേശിപ്പിക്കാന്‍ തയാറായിരുന്നില്ലെന്ന് ആരോഗ്യവകുപ്പു നടത്തിയ അന്വേഷണത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മുരുകന് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. മാത്രമല്ല, മുരുകനെ പ്രവേശിപ്പിക്കാന്‍ തരത്തിലുള്ള വെന്റിലേറ്റര്‍ ഇല്ലായിരുന്നു. മുരുകനെ ആശുപത്രിയില്‍ കൊണ്ടുവന്ന കാര്യം ഡ്യൂട്ടി ഡോക്ടര്‍മാര്‍ ആശുപത്രി രേഖകളില്‍ ആക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.വി.ശ്രീകാന്ത്, ജൂനിയര്‍ റസിഡന്റ് ഡോ.പാട്രിക് പോള്‍ എന്നിവരോട് ആരോഗ്യവകുപ്പ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മുരുകനെ ഡോ.പാട്രിക് ഡ്യൂട്ടി നഴ്‌സിനൊപ്പം ആംബുലന്‍സിലെത്തി കണ്ടെങ്കിലും അത് ആശുപത്രി രേഖകളില്‍പ്പെടുത്തിയില്ല. വെന്റിലേറ്റര്‍ ഒഴിവുണ്ടോ എന്ന് പരിശോധിച്ചശേഷം ആംബ്യുബാഗ് നല്‍കാമെന്ന് അറിയിച്ചെങ്കിലും മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള തുടര്‍നടപടികളെടുത്തില്ല. ഒ.പി ടിക്കറ്റെടുക്കണമെന്ന നിര്‍ദേശവും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 ഓഗസ്റ്റ് 16നാണ് കൊല്ലത്തുണ്ടായ അപകടത്തില്‍ മുരുകന്‍ മരിച്ചത്. മുരുകനെ ആദ്യം പോലീസ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വീണ്ടും കൊല്ലം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുവരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കൊല്ലത്തെ അഞ്ചു സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ല.

അതേസമയം, ഡോക്ടര്‍മാരുടെ വിശദീകരണം ലഭിച്ചശേഷം ഇവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കും. മുരുകന്റെ മരണത്തില്‍ ജോയിന്റ് ഡി.എം.ഇ, ആരോഗ്യവകുപ്പ് ഡയറക്ടര്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ എന്നിവരുള്‍പ്പെട്ട സമിതി കഴിഞ്ഞ ആഗസ്റ്റ് 16നാണ് ആരോഗ്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Keywords: Murugan's death health department medical board report supports doctors, Thiruvananthapuram, Injured, News, Local-News, Trending, Medical College, hospital, Treatment, Report, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia