സിപിഎം ജാഗ്രതൈ; സൂക്ഷിച്ചാല്‍ ദു:ഖിക്കാതിരിക്കാം

 


ADVERTISEMENT

-എസ് എ ഗഫൂര്‍

(www.kvartha.com 03.02.2018) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ ഒരുവശത്തും അതിനു മുന്നോടിയായ സമ്മേളനങ്ങളുമായി നീങ്ങുന്നതിനിടെ ചെന്നുപെട്ട കുരുക്കില്‍ നിന്ന് പൂര്‍ണമായി ഊരിപ്പോകാനാകാതെ സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനം കൂടി ഫെബ്രുവരി അഞ്ചിനു സമാപിച്ചാല്‍ ഇനി സംസ്ഥാന സമ്മേളനമാണ്.

ചെറിയ ഉത്തരവാദിത്തങ്ങളല്ല. സംസ്ഥാന സെക്രട്ടറിയായി ആദ്യ ഊഴം വിജയകരമായി പൂര്‍ത്തിയാക്കിയ കോടിയേരി ബാലകൃഷ്ണന്‍ രണ്ടാം വട്ടവും സെക്രട്ടറിയാകും എന്ന കാര്യത്തില്‍ പ്രത്യേകിച്ചാര്‍ക്കും സംശയമൊന്നുമില്ല. പിണറായി 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്നതു പ്രകാരമാണെങ്കില്‍ 2030 വരെ കോടിയേരി യുഗവുമാണ്.

എന്നാല്‍ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ആരോപണം പൊടുന്നനെയാണ് കോടിയേരിയെയും പാര്‍ട്ടിയെയും ഉലച്ചത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും പ്രശ്‌നം അവര്‍ പരിഹരിച്ചുകൊള്ളുമെന്നും പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞെങ്കിലും ജനത്തിന് സംശയം തീരില്ല. അത് സ്വാഭാവികവുമാണ്. വിഷയം ഊതിവീര്‍പ്പിച്ചു നിര്‍ത്താന്‍ ഒരു വിഭാഗം മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഉള്ളപ്പോള്‍ പ്രത്യേകിച്ചും.

 സിപിഎം ജാഗ്രതൈ; സൂക്ഷിച്ചാല്‍ ദു:ഖിക്കാതിരിക്കാം
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യണോ അതോ ബിജെപിക്ക് 2019ലും വേഗത്തില്‍ ജയിച്ച് ഫാസിസത്തേക്കുറിച്ചുള്ള സൈദ്ധാന്തിക സംശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തണോ എന്ന ആലോചനകളുടെ ഭാരമാണ് ഇതിനൊപ്പമുള്ള മറ്റൊരു കാര്യം. കേന്ദ്ര സമിതിയില്‍ ജനറല്‍ സെക്രട്ടറി കോടിയേരിയെ വോട്ടിനിട്ടു പൂട്ടി കോണ്‍ഗ്രസിനെ നോക്കി ചിരിക്കുന്നതു പോലും നിഷിദ്ധമാക്കുന്ന കാര്യത്തില്‍ ഏകദേശം വിജയിച്ചാണ് നില്‍പ്പ്.


കേരള ഘടകമാണ് അതിനു ചരടുവലിച്ചതെന്ന് മാധ്യമങ്ങള്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ സ്വതവേ എപ്പോഴും ചിരിക്കുന്ന സംസ്ഥാന സെക്രട്ടറി ചിരി അമര്‍ത്തുകയും കുറച്ചു മാത്രം ചിരിക്കുന്ന മുഖ്യമന്ത്രി തലയറഞ്ഞു ചിരിക്കുകയും ചെയ്യും. മന്ദന്മാര്‍, കേരളത്തിലല്ലാതെ പിന്നെവിടെയെങ്കിലും ഞങ്ങളുടെ പാര്‍ട്ടിക്ക് നേരേ നില്‍പ്പു ശേഷി ഇപ്പോഴില്ല എന്ന് ഈ മാധ്യമങ്ങള്‍ക്ക് ഇനിയും മനസ്സിലായില്ലല്ലോ എന്ന പുച്ഛത്തിന്റെ തനതു രീതികളാണ് അതൊക്കെ.

ബംഗാളില്‍ ഭരണം പോയ പിന്നാലെ ലോക്കല്‍ കമ്മിറ്റികളൊക്കെ അങ്ങനെതന്നെ ഭരണംകിട്ടിയ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു പോകുന്ന സംഭവങ്ങള്‍ ഈ പാവങ്ങള്‍ അറിയുന്നില്ലല്ലോ എന്നതും ഈ പരിഹാസത്തിനു കാരണമാണ്. പിന്നെയുള്ളത് മണിക് സര്‍ക്കാരിന്റെ പാവം ത്രിപുര. കുറച്ചുകാണിക്കുന്നതു ശരിയല്ലെങ്കില്‍ കണക്കുകൂട്ടുമ്പോള്‍ എത്രയുണ്ട് ത്രിപുരയുടെ വലിപ്പവും ത്രിപുരയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണവും.

കേരളത്തിന് ആഗോളതലത്തില്‍ പല റെക്കോഡുകളും ഉള്ളതുകൊണ്ടും മോഡിയും അമിത് ഷായും ഉള്‍പ്പെടെ നോട്ടമിട്ടിരിക്കുന്നതുകൊണ്ടുമുള്ള വലിയ പ്രാധാന്യമുണ്ട്. ആ കേരളമാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് എന്നത് പുതിയ കാര്യമല്ല. രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്കൊക്കെ നന്നായി ബോധ്യമുള്ള കാര്യം.

ഏതായാലും കേന്ദ്ര സമിതിയുടെ യെച്ചൂരിവധം ആട്ടക്കഥ ആടിത്തീരുന്നതിനു മുമ്പ് ദേ കിടക്കുന്നു കോടിയേരിയും മകനും താഴെ. മകന് ഒരാപത്ത് വരിക എന്നുവച്ചാല്‍ പാര്‍ട്ടി സെക്രട്ടറിയായാലും സഹിക്കില്ല. അത് പ്രകൃതി നിയമമാണ്. പാര്‍ട്ടി സെക്രട്ടറിയെ ഉലയ്ക്കുന്ന ആപത്തെന്നു വച്ചാല്‍ അത് പാര്‍ട്ടിക്കു മൊത്തത്തിലാണ് വരുന്നത്. അതും പ്രകൃതി നിയമമാണ്. പ്രകൃതിയ സിനേഹിക്കുന്നവരുടെ പാര്‍ട്ടിയായതുകൊണ്ടുള്ള നിയമമല്ല. അതങ്ങനെയായിപ്പോയതാണ്.

സെക്രട്ടറിക്ക് നൊന്താല്‍ പാര്‍ട്ടിക്ക് നോവും. സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവിന്റെ പെരിസ്‌ട്രോയിക്ക വരുന്നതിനു തൊട്ടുമുമ്പ് വരെ അങ്ങനെയായിരുന്നു. അതിനു ശേഷം ആ യൂണിയന്‍ ഇല്ലാതാവുകയും നമ്മള്‍ അവരെ ശ്രദ്ധിക്കാതാവുകയും ചെയ്തതുകൊണ്ട് അതിനു മുമ്പുള്ള കാര്യങ്ങളേ പരിഗണിക്കാറുള്ളു. ആയതിനാല്‍ സെക്രട്ടറിയുടെ വേദന പാര്‍ട്ടി ഏറ്റെടുക്കുക എന്നത് പ്രത്യേക പരാമര്‍ശം ആവശ്യമില്ലാത്ത സ്വാഭാവിക കാര്യമാണ്.

അങ്ങനെയൊരു നോവിന്റെ ആഴത്തില്‍ ഈ പാര്‍ട്ടികോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നിയമസഭാ സമ്മേളനത്തിന്റെയും നിശാഗന്ധി നൃത്തോത്സവത്തിന്റെയുമൊക്കെ ടെന്‍ഷന് ഇടയില്‍ പെട്ടുപോയിരിക്കുന്നു സിപിഎം. അതുകണ്ട് ചിരിക്കുന്നവര്‍ വിരുദ്ധന്മാരാണ്. വെടിവയ്ക്കട്ടെ വിരുദ്ധന്മാര്‍ എന്ന മുദ്രാവാക്യം പണ്ട് വിളിച്ചതു മാറ്റി ചുമ്മാചിരിച്ചോട്ടെ വിരുദ്ധന്മാര്‍ എന്ന് പറഞ്ഞ് മിണ്ടാതിരിക്കാന്‍ പറ്റില്ല. പണി പാളും.

അതുകൊണ്ടാണ് ദുബൈയിലെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പെന്നു കേട്ടപ്പോള്‍ ആകെക്കൂടി കലികൊണ്ടത്. കോടിയേരിയുടെ മകന്‍ ബിനോയി കോടിയേരി തട്ടിപ്പു കേസില്‍ പ്രതിയാണ് എന്നല്ല വാര്‍ത്ത വന്നത്. സിപിഎമ്മിന്റെ കേരളത്തിലെ പ്രമുഖ നേതാവിന്റെ മകന്‍ എന്നാണ്. മണിക്കൂറുകള്‍ കഴിഞ്ഞാണ് കോടിയേരിയുടെ പേര് പ്രതിപക്ഷ നേതാവും മറ്റും പറഞ്ഞത്. അതുംകഴിഞ്ഞ് വാര്‍ത്ത കത്തിപ്പിടിച്ചപ്പോഴാണ് ബിനോയി കോടിയേരി പത്രക്കുറിപ്പുമായി വന്ന് കാര്യങ്ങള്‍ വിശദീകരിച്ചത്.

ആ വിശദീകരണം ഏറെക്കുറെ ബോധ്യപ്പെടുന്നതുമായിരുന്നു. ഇടപാടും കേസുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും 60,000 ദിര്‍ഹം പിഴയടയ്ക്കാന്‍ ദുബൈ കോടതി നിര്‍ദേശിച്ചെന്നും അതോടെ കേസ് റദ്ദായെന്നുമായിരുന്നു വിശദീകരണത്തിന്റെ ആകെത്തുക. പക്ഷേ, കേരളത്തിലെ സിപിഎമ്മിന്റെ ഒരു പ്രമുഖ നേതാവിന്റെ മകന്‍ എന്നു കേട്ടപ്പോഴേ എന്തുകൊണ്ടാണ് ആളുകള്‍ അത് കോടിയേരിയുടെയും മകന്റെയും കാര്യമാണ് എന്ന മട്ടില്‍ സംസാരിച്ചത്? അതാണ് പ്രശ്‌നം.

സത്യത്തില്‍ ബിനോയിയുടെ പേരല്ല നേരത്തേതന്നെ പ്രശസ്തനായ ബിനീഷിന്റെ പേരാണ് ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ ഒരേയൊരു പ്രമുഖ നേതാവല്ല കോടിയേരി. തലയെടുപ്പുള്ള നിരവധി നേതാക്കള്‍ ഇപ്പോഴുമുണ്ട്. അവരില്‍ പലര്‍ക്കും ആണ്‍മക്കളുമുണ്ട്. എന്നിട്ടും പറയാത്ത പേരില്‍ ആളുകള്‍ ഊഹിച്ചെടുത്തത് എന്തുകൊണ്ടാകാം എന്ന് ചിന്തിക്കുകതന്നെ വേണം. മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല, പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയുമാണ് ചിന്തിക്കേണ്ടത്.

താരതമ്യേന മുരടനോ കുഴപ്പക്കാരനോ അല്ലാത്ത പേരുദോഷങ്ങളില്‍ മുമ്പനല്ലാത്ത കോടിയേരിയുടെ മുഖം ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനമനസ്സുകളില്‍ വന്നു പോകുന്നതിനു പിന്നില്‍ എന്തോ ഒന്നുണ്ട്. ബിനോയി കോടിയേരിയുടെ ഇപ്പോഴത്തെ കേസിന്റെ കാര്യംതന്നെ എടുക്കുക. ഇപ്പോള്‍ കേസും യാത്രാ നിരോധനവും ഇല്ലെന്നല്ലേ വരുന്നത്, കേസേ ഉണ്ടായിരുന്നില്ല എന്നല്ലല്ലോ. ചില കുഴപ്പങ്ങളില്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ മക്കള്‍ ചെന്നുപെടുന്നു.

പാര്‍ട്ടിയെ കൊത്തിക്കീറാന്‍ കാത്തിരിക്കുന്നവര്‍ അത് പല ഇരട്ടിയായി ആഘോഷിക്കുന്നു. ചിലപ്പോഴെങ്കിലും പാര്‍ട്ടിയുടെ ഉള്ളില്‍ നിന്നുതന്നെ ആ ആഘോഷത്തിനു പൊട്ടിക്കാന്‍ പടക്കവും കത്തിക്കാന്‍ പൂത്തിരിയും ലഭിക്കുന്നു. നിസ്സാരമായി നിഷേധിച്ചും വ്യാജ വാര്‍ത്തകളെന്നു പുച്ഛിച്ചും തള്ളിക്കളയാന്‍ കഴിയുന്നത്ര ലളിതമല്ല കാര്യങ്ങള്‍. അടിത്തറ മാന്തുന്ന ജെസിബികളായി മാറുന്നത് മക്കളായാലും മറ്റേതു ബന്ധുക്കളായാലും നിലയ്ക്കു നിര്‍ത്തുകയാണ് വേണ്ടത്.

കര്‍ക്കശമായി നിലയ്ക്കു നിര്‍ത്തുക എന്നതിനര്‍ത്ഥം അവരെ കൃത്യമായും മൂല്യങ്ങള്‍ പഠിപ്പിച്ച് സുതാര്യമായി ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നാണ്. കേള്‍ക്കുമ്പോള്‍ തമാശ തോന്നിയേക്കാം. പക്ഷേ, സഖാവേ, സഖാക്കളേ, മൂല്യങ്ങള്‍ ഇപ്പോഴും പൂര്‍ണമായും എടുക്കാ നാണയങ്ങളായി മാറിയിട്ടില്ല. വേണ്ടതുപോലെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പിന്നെയത് വിട്ടുപോവുകയുമില്ല. അല്ലെങ്കില്‍ ഇതിങ്ങനെ വന്നുകൊണ്ടിരിക്കും.

ജാഗ്രതൈ..

Keywords: CPM, be cautions about frauds, they are in and out, Conference, Thiruvananthapuram, Article, Kodiyeri Balakrishnan, Trending, Chief Minister, Allegation, Politics, Congress, Election, BJP, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia