ശരിയാണ്, കേരളം ഭ്രാന്താലയമാണ്

 


ADVERTISEMENT

അനസ് ആലങ്കോള്‍

(www.kvartha.com 02.03.2018) സാംസ്‌കാരത്തിന്റെ സമ്പന്നതയില്‍ വിരാജിച്ചിരുന്ന കേരളം സംസ്‌കാര ശൂന്യതയിലേക്ക് കുതിക്കുന്ന കാഴ്ചകള്‍ കാണാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സാക്ഷരതയിലും ആരോഗ്യ മേഖലയിലും വൃത്തിയുടെ കാര്യത്തിലും നൂറ് തികഞ്ഞുവെന്ന് പറഞ്ഞ് അഹങ്കരിക്കുന്ന കേരളത്തില്‍ തന്നെയാണ് അന്നം അപഹരിച്ചെന്ന പേരില്‍ ഒരു മനുഷ്യനെ നിര്‍ദാക്ഷിണ്യം കൊന്നത്. 3,600 കോടി വായ്പ വാങ്ങി മുങ്ങിയ വിക്രം കോത്താരിയും 6800 കോടി വായ്പ എടുത്ത് സ്ഥലം വിട്ട ജതിന്‍ മെഹ്തയും 9,000 കോടി കടം വാങ്ങി വിദേശത്ത് സുഖിക്കുന്ന വിജയ് മല്യയും 11,500 കോടി വായ്പ വാങ്ങി വിലസുന്ന നീരവ് മോദിയും സുഖലോലുപതിയില്‍ ആറാടുന്ന അതെ ഭാരതത്തില്‍ തന്നെയാണ് ഒരു കിലോ അരിയും 250 ഗ്രാം മുളക് പൊടിയും രണ്ട് പായ്ക്ക് ബീഡിയും ഒരു വയര്‍ കഷ്ണവും മോഷ്ടിച്ചതിന് ഒരു തുളളി വെളളം പോലും കൊടുക്കാതെ ഒരു മനുഷ്യനെ അടിച്ചു കൊന്നത്.

അട്ടപ്പാടിയിലെ മധു എന്ന മനുഷ്യനെ നാട്ടുമൃഗങ്ങള്‍ കടിച്ചുകീറി കൊന്നത് നിസാരമായ കാര്യത്തിനായിരുന്നു. മോഷണം നടത്തി സമ്പന്നനാവണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ അത്രയും നിസ്സാരമായ വസ്തുക്കള്‍ മോഷ്ടിക്കുമായിരുന്നില്ലെന്ന് സാമാന്യ ബുദ്ധിയുളള എല്ലാവര്‍ക്കും മനസിലാവും. നഗരത്തില്‍ മണിമാളികയുടെ നീണ്ട നിര ഉണ്ടാവുമ്പോള്‍ അവന്‍ തെരെഞ്ഞെടുത്തത് ചെറിയ പെട്ടിക്കടയായിരുന്നു. തന്റെ വിശപ്പടക്കാന്‍ ഇതുമതി എന്ന ധാരണയാവണം ആ പെട്ടിക്കടയില്‍ കയറാന്‍ മധുവിനെ പ്രേരിപ്പിച്ചത്. നാല് നേരം വയര്‍ നിറയെ ഭക്ഷണം കഴിച്ച് ശ്വാസം വിടാന്‍ ബുദ്ധിമ്മുട്ടുന്ന മലയാളികളെ ഞെട്ടിക്കുന്നതായിരുന്നു മധുവിന്റെ വയറ്റില്‍ ആകെ ഉണ്ടായിരുന്നത് പഴത്തിന്റെ ഒരു കഷ്ണം മാത്രം എന്ന വാര്‍ത്ത.

'ഏമാ, അവര്‍ കാട്ടില്‍ നിന്ന് എന്നെ പിടിച്ച് കൊണ്ട് വരികയായിരുന്നു. 'കളളന്‍' എന്ന് പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്തു' അത് നിസ്സഹായതയുടെ പറച്ചിലായിരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മോഷ്ടിച്ച വസ്തുക്കള്‍ തൊണ്ടി സഹിതം പിടികൂടി തല്ലിച്ചതച്ച് പോലീസിന് കൈമാറിയപ്പോള്‍ ഇനി ഞാന്‍ ജീവിക്കില്ലെന്ന് മനസ്സിലാക്കിയ നിസഹായതയുടെ പറച്ചില്‍. 'എന്തിനാണ് അവനെ തല്ലി കൊന്നത്? അവന്‍ കാട്ടുകനികള്‍ ഭക്ഷിച്ച് ജീവിക്കുമായിരുന്നില്ലേ?'എന്ന മധുവിന്റെ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ കേരളം കൈമലര്‍ത്തുന്നു.

മലയാളി എന്ന പദത്തിന്റെ തുടക്കത്തിലുളള 'മ' എന്ന അക്ഷരത്തില്‍ മനുഷ്യത്വം എന്ന അര്‍ത്ഥവും അടങ്ങിയിരുന്നു. എന്നാല്‍ തുടക്കത്തിലെ 'മ' എന്ന അക്ഷരത്തില്‍ മൃഗമെന്ന അര്‍ത്ഥം കൂടി കുടികൊളളുന്നുവെന്നാണ് സമകാലിക സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാത്താന്‍ സഞ്ചാരം ആരംഭിച്ചതോടെ മനസാക്ഷിയും എങ്ങോ പോയി മറഞ്ഞിരിക്കുന്നു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി ഓര്‍ഡര്‍ കൊടുത്ത ഭക്ഷണം ക്യാന്‍സല്‍ ചെയ്ത് ആരോ ബാക്കിയാക്കി പോയ ഭക്ഷണം കഴിച്ച് ക്യാഷറിന്റെ അടുത്ത് സ്ഥാപിച്ചിരിക്കുന്ന അനാഥകള്‍ക്കുളള സംഭാവന പെട്ടിയില്‍ താന്‍ ഓര്‍ഡര്‍ കൊടുത്ത ഭക്ഷണത്തിന്റെ വില നിക്ഷേപിച്ച് മടങ്ങുന്ന യുവാവിന്റെ വീഡിയോ കണ്ടവരല്ലേ നമ്മള്‍? ക്ലാസില്‍ വന്ന അധ്യാപകന്‍ ഏതാണ് നിങ്ങള്‍ക്ക് ഇഷ്ടമുളള ഭക്ഷണമെന്ന് ചോദിക്കുമ്പോള്‍ ക്ലാസിലെ കുട്ടികളെല്ലാം ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ പേര് പറയുമ്പോള്‍ ബെഞ്ചില്‍ തല വെച്ച് കരയുന്ന കുട്ടിയുടെ കഥ വായിച്ചവരല്ലേ നിങ്ങള്‍? കരയുന്ന കുട്ടിയുടെ പേര് വിളിച്ച് എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോള്‍ വിശപ്പിനാണ് ഏറ്റവും കൂടുതല്‍ രുചി എന്ന് വിളിച്ച് പറഞ്ഞ കഥ കേട്ടവര്‍ക്കൊന്നും ഈ ക്രൂരതയ്ക്ക് മാപ്പ് നല്‍ക്കാന്‍ കഴിയില്ല.

വിശപ്പ് സഹിക്കാന്‍ കഴിയാതെ വീട്ടില്‍ കയറി മോഷ്ടിക്കുകയും വയര്‍ നിറഞ്ഞതിന്റെ ആലസ്യം കാരണം പടിവാതില്‍ക്കല്‍ കിടന്ന് ഉറങ്ങിപ്പോവുകയും വാതില്‍ തുറന്ന വീട്ടുടമ താന്‍ ആരെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കളളനാണെന്നും വിശപ്പ് സഹിക്കാന്‍ കഴിയാതെ കയറിയതാണെന്നും തുറന്ന് സമ്മതിക്കുന്ന എം.പി നാരായണ പിളളയുടെ 'കളളന്‍' എന്ന കഥയിലെ കഥാപാത്രത്തെ വായിച്ചര്‍ക്കൊന്നും മധുവിന്റെ മരണത്തില്‍ ദു:ഖിക്കാതിരിക്കാനാവില്ല.

അറുപത് തികയുന്ന കേരള ചരിത്രത്തിന്റെ അന്തസ് തകര്‍ത്ത് കളയുന്നതായിരുന്നു മധുവിന്റെ മരണം എന്ന കാര്യത്തില്‍ സന്ദേഹമില്ല. ജാതി വ്യവസ്ഥകളും അയിത്ത ആചാരങ്ങളും നാടുകടത്തപ്പെട്ടുവെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം നാടുനീളെ പാടി നടക്കുന്നവര്‍ക്ക് തന്നെ ആദിവാസി വിഭാഗത്തോട് പുഛമാണ്. കേരളത്തിന് പുറത്തുളള സംസ്ഥാനങ്ങളിലേക്ക് പോയാല്‍ ഞങ്ങള്‍ കേരളീയനാണെന്ന് അഭിമാനിച്ചിരുന്ന ഞങ്ങള്‍ക്ക് ഞാനൊരു കേരളനീയനാണെന്ന് പറയാന്‍ ഭയമാണ്. ഞാനൊരു കേരളീയനാണെന്ന് പറഞ്ഞാല്‍ ഒരു പാവം മനുഷ്യനെ തല്ലി കൊന്നവരുടെ നാട്ടുകാരനാണല്ലേ? എന്ന് ചോദിച്ച് ബാക്കിയുളളവര്‍ മുഖം ചുളിക്കുമോ എന്ന ഭയം!. പശുവിന്റെ മാസം സൂക്ഷിച്ചെന്ന് ആരോപിച്ച് ഒരു പാവം മനുഷ്യനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊന്നപ്പോള്‍ കേരളം അത്തരം കാര്യങ്ങളില്‍ നിന്ന് മുക്തമാണെന്ന് ഞങ്ങള്‍ അഭിമാനിച്ചിരുന്നു. മാംസം കയ്യിലേന്തിയതിന് ഒരു പാവം വിദ്യാര്‍ത്ഥിയെ ഇല്ലാതാക്കിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ കേരളം ഇങ്ങനെ ഒന്നുമല്ലെന്ന് മേനി പറഞ്ഞിരുന്നു. എന്നാല്‍ ഇരുന്നൂറ് രൂപയുടെ സാധനം മോഷടിച്ചതിന് ഒരു പാവത്തിനെ തല്ലി കൊന്നത് ലോക ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. ലജ്ജയാണ് ഞങ്ങള്‍ക്ക്  മനുഷത്വമില്ലാത്തവരുടെ നാട്ടിലെ ഒരംഗമാണെന്ന് പറയാന്‍.

മധു.... നീയാണ് തെറ്റുകാരന്‍. നീ ചെയ്തത് രാജദ്രോഹ കുറ്റമാണ്.
സത്യം പറയൂ.... ഒരു കിലോ അരി നീ കട്ടെടുത്തില്ലേ..? മൂന്നോളം ഉളളികളും നീ എടുത്തില്ലേ...? രണ്ട് പായ്ക്കറ്റ് ബീഡിയും നീ എടുത്തില്ലേ...? പോരാതത്തിന് ഒരു കഷ്ണം വയറും! ഇത്രയും മോഷ്ടിച്ചിട്ട് നിന്നെ ശിക്ഷിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ ജീവിച്ചിട്ട് എന്ത് കാര്യം!

സെല്‍ഫിയെടുക്കുന്നതിന് പകരം ആ പാവപ്പെട്ട മനുഷ്യന്റെ ദയനീയത വിവരിച്ച് എഴുതി നീ പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ മനുഷ്യത്വം മരവിക്കാത്ത മനസുകള്‍ ഓടി എത്തുമായിരുന്നു. എല്ലാ സ്ഥലത്തും സെല്‍ഫി എടുത്ത് ശീലിക്കുന്ന മലയാളികളാണ് ദൈവത്തിന്റെ നാടിന്റെ ശാപം. ഇല്ലെങ്കിലും ജീവന് വേണ്ടി പൊരുതുന്ന പാവം മനുഷ്യനെ ബാക്ക് ഗ്രൗണ്ടാക്കി സെല്‍ഫി എടുക്കാന്‍ അയാള്‍ക്ക് എങ്ങനെ സാധിച്ചു. സെല്‍ഫിയെടുത്ത് ലൈക്കിനും ഷെയറിനും നീ കാട്ടിയ ആര്‍ത്തി അദ്ദേഹത്തിന് ഒരു നുളള് ഭക്ഷണം വാങ്ങി കൊടുക്കുന്നതില്‍ കാണിച്ചിരുന്നെങ്കില്‍... നിന്നെ തേടി അനേകം ലൈക്കുകള്‍ ഒഴുകി എത്തുമായിരുന്നു... നീ വാങ്ങി കൊടുത്ത ഭക്ഷണം ബാഗ്രൗണ്ടാക്കി സെല്‍ഫി എടുത്തിരുന്നെങ്കില്‍ താജ്മഹലിന്റെ മുന്നില്‍ നിന്ന് നീ എടുത്ത ഫോട്ടോയെക്കാളും അതിന് ഭംഗിയുണ്ടാവുമായിരുന്നു.

മധുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് താളുകള്‍ നിറഞ്ഞത് മനസാക്ഷി മരവിക്കാത്ത ഒരു വലിയ സമൂഹം വളര്‍ന്ന് വരുന്നുണ്ടെന്ന ശുഭ പ്രതീക്ഷ നല്‍ക്കുന്നുണ്ടെങ്കിലും അവഗണന നേരിടേണ്ടി വരുന്ന ആദിവാസി വിഭാഗത്തെ പറ്റിയോ മനുഷ്യത്വം മരവിച്ച കേരളത്തെ പറ്റിയോ ചര്‍ച്ച ചെയ്യുന്നതിന് പകരം രാഷ്ട്രീയ തലങ്ങളിലേക്ക് ചര്‍ച്ച വ്യാപിപ്പിക്കുന്നത് പ്രതീക്ഷകളെ തകര്‍ത്ത് കളയുന്നു. ഇതൊക്കെ മുന്നില്‍ കണ്ടാവണം കാലങ്ങള്‍ ഏറെ മുമ്പ് ശ്രീ നാരായണ ഗുരു കേരളത്തെ ഭ്രാന്തലയമെന്ന് വിശേഷിപ്പിച്ചത്. സാക്ഷാതയുടെയും സമാധാനത്തിന്റെയും കഥകള്‍ പറഞ്ഞ് ആ മഹാമനീഷിയെ അന്ന് ചിലര്‍ വിമര്‍ശിച്ചിരുന്നു. ശരിയാണ്. കേരളം ഭ്രാന്തലയമാണ്. ഇവിടെയുള്ളവര്‍ ഭ്രാന്തന്മാരും. ഭിക്ഷാടനം നിരോധിക്കാന്‍ വേണ്ടി നാടുനീളെ ക്യാമ്പയിന്‍ നടത്തുകയും നിരോധന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ വേണ്ടി പിരിവിനിറങ്ങുകയും ചെയ്ത വിദ്യഭാസ വിചക്ഷണന്മാരുടെ നാടാണ് നമ്മുടേത്. എവിടെയെങ്കിലും ഒരു കുട്ടിയെ കാണാതെ ആയാല്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ കുറ്റം ചാര്‍ത്തി അവരെ ആട്ടിയോടിക്കാന്‍ ആര്‍ത്തി കാണിക്കുന്നവരുടെ നാട്.

സാക്ഷരതയിലും സംസ്‌കാരത്തിലും നൂറ് തികയുന്നതിന് മുമ്പ് സ്‌നേഹത്തിന്റെയും സന്മനസിന്റെയും സഹവര്‍ത്തിത്വത്തിന്റെ കാര്യത്തിലും നൂര്‍ തികയണം. അങ്ങനെ വരുമ്പോള്‍ മാത്രമാണ് സുന്ദരമായ സമൂഹം സാധ്യമാവുന്നത്.

ശരിയാണ്, കേരളം ഭ്രാന്താലയമാണ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Article, Trending, Madhu Kerala, Tribal, Anas Alangol, Killed, Correct, Kerala is a lunatic asylum!
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia