ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായത് കേന്ദ്ര സര്‍ക്കാര്‍ ഇനിയും അറിഞ്ഞിട്ടില്ല; പ്രവര്‍ത്തനം മോശമെന്ന് ആക്ഷേപം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.02.2018) പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് വിവരാവകാശ രേഖ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്‌റയെ വിജിലന്‍സിന്റെ തലപ്പത്ത് എത്തിച്ചതെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.

ഐ.പി.സി നിയമപ്രകാരം ലീവ് വേക്കന്‍സിയില്‍ ഒരാളെ ഒരു മാസത്തില്‍ കൂടുതല്‍ നിയമിക്കണമെങ്കില്‍ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നിരിക്കെ ബെഹ്‌റയുടെ നിയമനം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടുകയോ ഔദ്യോഗികമായി അറിയിക്കുകയോ പോലും ചെയ്തിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2017 മാര്‍ച്ച് 31നാണ് ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്.

 ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായത് കേന്ദ്ര സര്‍ക്കാര്‍ ഇനിയും അറിഞ്ഞിട്ടില്ല; പ്രവര്‍ത്തനം മോശമെന്ന് ആക്ഷേപം

അതേസമയം, വിജിലന്‍സ് ഡയറക്ടറായുള്ള ബെഹ്‌റയുടെ പ്രവര്‍ത്തനം മോശമാണെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ബെഹ്‌റ ചുമതലയേറ്റതോടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായ 13 കേസുകളിലാണ് തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അഴിമതികേസുകളില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥരുടേതടക്കം 30 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ബെഹ്‌റ ചുമതലയേറ്റ 11 മാസത്തിനിടെ റദ്ദാക്കി. ഉന്നതര്‍ക്കെതിരെ അന്വേഷണം മുറുകുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതും ഇപ്പോള്‍ വിജിലന്‍സില്‍ പതിവാണെന്നാണ് ആക്ഷേപം.

ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട 688 ത്വരിത പരിശോധനകളാണു ബെഹ്‌റ വിജിലന്‍സിന്റെ ചുമതലയേറ്റപ്പോള്‍ ഉണ്ടായിരുന്നത്. അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അനധികൃത സ്വത്തുസമ്പാദനം, തൃശൂര്‍ എസ്പി രാഹുല്‍ ആര്‍.നായര്‍ക്കെതിരെയുള്ള ക്വാറി കൈക്കൂലി വിവാദം ഉള്‍പ്പെടെ 13 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസുകളില്‍ തെളിവില്ലെന്നു ചൂണ്ടികാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സികുട്ടിയമ്മ തുടങ്ങിയവര്‍ക്കെതിരെയുള്ള ആരോപണങ്ങളിലും തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇ.പി.ജയരാജനെതിരെ കേസെടുത്തതു തെറ്റായിപ്പോയെന്നു സത്യവാങ്മൂലം നല്‍കി. കൂടാതെ ഇനിയും ഒട്ടേറെ കേസുകളില്‍ തെളിവില്ലെന്നു റിപ്പോര്‍ട്ടു നല്‍കാനുള്ള തയാറെടുപ്പിലുമാണ്.

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കണമെന്നും തന്റെ കൂടി അനുമതിയോടെ മാത്രമേ കേസെടുക്കാവൂ എന്ന നിര്‍േദശവും ബെഹ്‌റ നല്‍കിയിട്ടുണ്ട്. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുളള അന്വേഷണത്തിനുപോലും മടിക്കുകയാണ് ഉദ്യോഗസ്ഥര്‍. മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച അന്വേഷണ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റുകയും ചെയ്തു.

അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതു പതിവാണ്. ഗതാഗത കമ്മിഷണറായിരിക്കെ അനധികൃത നിയമനം നടത്തിയെന്ന കേസില്‍ ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെ ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണം നടത്തിയ നാലു ഉദ്യോഗസ്ഥരെ മാറ്റി. കെഎംഎംഎല്‍ അഴിമതി ആരോപണം, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള മൈക്രോഫിനാന്‍സ് അഴിമതി ആരോപണം, സിഡ്‌കോയുടെ തലപ്പത്തിരിക്കുമ്പോള്‍ സജി ബഷീര്‍ നടത്തിയ മണല്‍ കുംഭകോണം തുടങ്ങിയ കേസുകളിലെ അന്വേഷണ തലവന്‍മാരെ നിരവധി തവണയാണ് മാറ്റിയത്.

Keywords: Behera's Appointment As Vigilance Chief Violates Norms, Thiruvananthapuram, News, Politics, Holidays, Probe, Vigilance, Report, Trending, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia