നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നിലച്ചതായി പോലീസ്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല, സുപ്രധാന തെളിവുകള്‍ നശിപ്പിച്ചതായി സംശയം, ദൃശ്യങ്ങള്‍ കിട്ടിയേ തീരൂ എന്ന് ദിലീപ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 17.02.2018) നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായാണ് വിവരം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും തെളിവുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു എന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസിന്റെ നീക്കം. നിലവില്‍ പ്രത്യേക അന്വേഷണസംഘമില്ല. എല്ലാ ഉദ്യോഗസ്ഥര്‍ക്കും മറ്റു ചുമതലകള്‍ നല്‍കിയതായാണ് വിവരം.

  നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നിലച്ചതായി പോലീസ്; ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല, സുപ്രധാന തെളിവുകള്‍ നശിപ്പിച്ചതായി സംശയം, ദൃശ്യങ്ങള്‍ കിട്ടിയേ തീരൂ എന്ന് ദിലീപ്

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്നായിരുന്നു പോലീസിന്റെയും പ്രോസിക്യുഷന്റെയും ഇതുവരെയുള്ള വാദം. ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയതിന് ഒരു തെളിവും പോലീസിനും ലഭിച്ചിട്ടില്ല. കേസ് വിചാരണയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ദിലീപിനു വേണ്ടിയാണ് പ്രതികള്‍ കുറ്റകൃത്യം ചെയ്തതെന്ന് എങ്ങനെ വാദിച്ച് പിടിച്ചുനില്‍ക്കാനാവും എന്നതാണ് പ്രോസിക്യുഷന് മുന്നിലുള്ള പ്രധാന പ്രശ്‌നം.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ശനിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി കോടതി തള്ളിയിരുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളില്‍ പോലീസ് കൃത്രിമം കാട്ടിയെന്നാണ് ദിലീപ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ദൃശ്യങ്ങളിലുള്ള സ്ത്രീ ശബ്ദം പോലീസ് മായ്ച്ചു കളഞ്ഞുവെന്നും അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ദിലീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേരളത്തെ ഞെട്ടിച്ചുകൊണ്ടു യുവനടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്നു. 2017 ഫെബ്രുവരി 17നു രാത്രി കൊച്ചിയില്‍ ഓടുന്ന വാഹനത്തിലാണു നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവര്‍ത്തകരുടെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണു മുഖ്യപ്രതിയെന്നും പിന്നീടു വ്യക്തമായി. പോലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും സുനിയെ കിട്ടിയില്ല. ഒടുവില്‍ എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയില്‍നിന്നു വലിച്ചിറക്കിയാണു പോലീസ് അറസ്റ്റു ചെയ്തത്.

ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ചു ചലച്ചിത്ര പ്രവര്‍ത്തകര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഞ്ജു വാരിയര്‍ നടത്തിയ പ്രതികരണമാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. ക്വട്ടേഷന്‍ സംഘം പണത്തിനുവേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയില്‍ അവസാനിച്ചേക്കാമായിരുന്ന കേസാണു ദിലീപിലേക്ക് എത്തിയത്. ചലച്ചിത്ര മേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കലക്ടീവ്) രൂപീകരണത്തിനും സംഭവം കാരണമായി.

തെളിവെടുപ്പിനുശേഷം പോലീസ് ആദ്യ കുറ്റപത്രം നല്‍കി. നടിയെ ആക്രമിച്ചു ബ്ലാക്‌മെയില്‍ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗപ്പെടുത്തി എന്നായിരുന്നു കുറ്റപത്രം. കേസിലെ ഗൂഢാലോചനയെക്കുറിച്ചു മൗനം പാലിച്ചു. പിന്നെയാണു പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തും ദിലീപിന്റെ ക്വട്ടേഷനാണെന്ന ആരോപണവുമുയര്‍ന്നത്. ഇതിനെതിരെ ദിലീപ് പരാതി നല്‍കി. പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജൂണ്‍ 28ന് ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടു.

കേരളത്തെ ഞെട്ടിച്ചു ജൂലൈ 10നു ദിലീപ് അറസ്റ്റിലായി. 85 ദിവസം നീണ്ട ജയില്‍ വാസം. ദിലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനിയും ദിലീപുമടക്കം 12 പേരാണു പ്രതികള്‍. വിചാരണ എപ്പോള്‍ തുടങ്ങുമെന്നു തീരുമാനിക്കാനായി കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിന്റെ ഒരു ഭാഗവും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു ശത്രുതയുണ്ടെന്നു സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാല്‍ ഈ ഗൂഢാലോചനയ്ക്കും കൃത്യത്തിനും പിന്നില്‍ ദിലീപാണെന്ന മൊഴികള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Actress attack case: Probe to find phone stalled, Dileep insists on examining visuals, Kochi, News, Trending, Mobile Phone, Police, Cinema, Entertainment, Dileep, Court, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia