Tragic Death | തീ ആളിപടർന്നപ്പോള്‍ കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവോ? നോവായി അങ്കമാലിയിലെ തീപ്പിടുത്തം; വിശദമായ അന്വേഷണത്തിന് പൊലീസ്


രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോഴേക്കും മുകളിലെ നിലയിലെ മുറി മുഴുവൻ കത്തി നശിച്ചിരുന്നു
അങ്കമാലി: (KVARTHA) ശനിയാഴ്ച പുലർച്ചെയുണ്ടായ തീപ്പിടുത്തത്തിൽ വീടിൻ്റെ കിടപ്പുമുറി കത്തിനശിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി മരണപ്പെട്ടതിന്റെ ഞെട്ടലിലാണ് അങ്കമാലിയിലെ അങ്ങാടിക്കടവ് പറക്കുളം നിവാസികൾ. അങ്കമാലി പാറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍ (45) ഭാര്യ അനുമോള്‍ (40) മക്കളായ ജൊവാന (8), ജെസ്‌വിന്‍ (5) എന്നിവരാണ് വെന്തുമരിച്ചത്.
വീടിൻ്റെ മുകൾനിലയിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. നാട്ടുകാർ ഏറെ പരിശ്രമിച്ചെങ്കിലും അഗ്നിരക്ഷാസേന എത്തിയ ശേഷമാണ് തീയണക്കാനായത്. മുറിയിൽ കട്ടിലിന്റെ രണ്ടറ്റത്ത് കത്തിക്കരിഞ്ഞ നിലയിലാണ് ദമ്പതികളുടെ മൃതദേഹം ഉണ്ടായിരുന്നത്. എന്നാൽ കുട്ടികളുടെ മൃതദേഹം വാതിലിന് സമീപമാണ് കണ്ടെത്തിയത്. തീ ആളിപടർന്നപ്പോള്‍ കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടാവാമെന്നാണ് സംശയിക്കുന്നത്.
ബിനീഷിൻ്റെ അമ്മ വീട്ടിലുണ്ടായിരുന്നുവെങ്കിലും താഴത്തെ നിലയിൽ കിടന്നിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോഴേക്കും മുകളിലെ നിലയിലെ മുറി മുഴുവൻ കത്തി നശിച്ചിരുന്നു. അഗ്നിശമന സേനയെത്തി തീയണച്ച ശേഷമാണ് മരിച്ചവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പുറത്തെടുത്തത്.
സംഭവത്തിൽ അങ്കമാലി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. തീപ്പിടുത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുറത്തുനിന്നുള്ള എന്തെങ്കിലും ഇടപെടലുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടുണ്ടാകാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്. കച്ചവട സ്ഥാപനം നടത്തുകയായിരുന്നു ബിനീഷ്. അനു സ്വകാര്യ ആശുപത്രിയിലെ ലബോറട്ടറി അധ്യാപികയായിരുന്നു. ജൊവാനയും ജെസ്‌വിനും വിദ്യാർഥികളാണ്.