Thurium Music | പയ്യന്നൂരില്‍ തുരിയം സംഗീതോത്സവം മെയ് 28ന് തുടങ്ങും


*വായ്പാട്ട്, കഥകളിപ്പദ കച്ചേരി എന്നിവയും നടക്കും
*പ്രവേശനം പാസ് മൂലം നിയന്ത്രിക്കും
കണ്ണൂര്‍: (KVARTHA) പെരിങ്ങോം പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന 19-ാമത് തുരീയം സംഗീതോത്സവം 2024 പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ മെയ് 28 മുതല്‍ 41 ദിവസങ്ങളിലായി നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദഭാരതി കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28ന് വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന പ്രാരംഭ സമ്മേളനത്തില്‍ കഥാകൃത്ത് ടി പത്മനാഭന്‍, റിയര്‍ അഡ് മിറല്‍ കെ മോഹനന്‍, എം മുകുന്ദന്‍, പ്രിയദര്‍ശന്‍, പികെ ശ്രീമതി ടിചര്‍, ടി ഐ മധുസൂദനന്‍ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും.
പുല്ലാങ്കുഴല്‍ സംഗീത വിസ്മയം പത്മ വിഭൂഷണ്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ സംഗീതത്തോടെയാണ് സംഗീതോത്സവം തുടങ്ങുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മല്ലാടി സഹോദരമാരായ ശ്രീറാം പ്രസാദ് - രവികുമാര്‍, എം കെ ശങ്കരന്‍ നമ്പൂതിരി, വിവേക് സദാശിവം, നിത്യശ്രീ മഹാദേവന്‍, സഞ്ജയ് സുബ്രഹ്‌മണ്യം, പണ്ഡിറ്റ് രമേഷ് നാരായണ്‍, മദ്രാസ് പി ഉണ്ണികൃഷ്ണന്‍, ഡെല്‍ഹി പി സുന്ദര്‍ രാജന്‍, സാകേത് രാമന്‍, കാഞ്ചന സഹോദരിമാര്‍ തുടങ്ങിയരുടെ വായ്പാട്ട്, കഥകളിപ്പദ കച്ചേരി എന്നിവയും നടക്കും.
സമാപന ദിനം വൈകുന്നേരം മൂന്ന് മണി മുതല്‍ ഹിന്ദുസ്ഥാനി സംഗീതം സുമിത്ര ഗുഹയുടെ പാട്ട്. 6-30 ന് സമാപന സമ്മേളത്തില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, ടി പത്മനാഭന്‍, കൊച്ചി മെട്രോ എം ഡി ലോക് നാഥ് ബഹ് റ, ഡി ഐ ജി തോംസണ്‍ ജോസ്, വിദ്യാധരന്‍ മാസ്റ്റര്‍, സംവിധായകന്‍ കമല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പഞ്ചരത്‌ന കീര്‍ത്തനാലാപവും ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അസീം, ഡോ. രഞ്ജിത് കുമാര്‍, എ രഞ്ജിത് എന്നിവരും പങ്കെടുത്തു.