Ban Threat | ടെലിഗ്രാം ഇന്ത്യയില്‍ നിരോധിക്കും? നിര്‍ണായക നീക്കങ്ങള്‍
ന്യൂഡല്‍ഹി: (KVARTHA) ടെലിഗ്രാം മെസേജിങ് ആപ്പ് ഇന്ത്യയില്‍ നിരോധിക്കാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ടെലിഗ്രാം പങ്കാളിയായെന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ടെലിഗ്രാം സിഇഒ പാവല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നാലെയാണ് നീക്കം.
കുറ്റകൃത്യങ്ങള്‍ക്ക് ടെലഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണത്തിലാണ് ദുരോവിനെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഫ്രാന്‍സിന്റെ ഏജന്‍സി (OFMIN) ദുരോവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഫ്രഞ്ച് അധികാരികള്‍ ടെലിഗ്രാം ആപ്പിന്റെ മോഡറേഷന്‍ നയങ്ങളെക്കുറിച്ചും ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതില്‍ പരാജയപ്പെട്ടതിനെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ചേര്‍ന്ന് അന്വേഷണം നടത്തുന്നത്. നിരോധനം അന്വേഷണത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും.
ടെലിഗ്രാം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നതായും മുമ്പ് വിമര്‍ശനം നേരിട്ടിരുന്നു. ഏറെ വിവാദമായ യുജിസി-നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയെടുത്ത് ഈ പ്ലാറ്റ് ഫോമില്‍ വ്യാപകമായി പങ്കിട്ടതായും കണ്ടെത്തിയിരുന്നു. ഈ പേപ്പര്‍ പ്ലാറ്റ് ഫോമില്‍ 5,000 മുതല്‍ 10,000 രൂപ വരെ തുകയ്ക്ക് വില്‍പനയ്ക്ക് ലഭ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
#TelegramBan #India #PavelDurov #CriminalActivity #UGCNEET #MessagingApp #TechNews