Stress | കുട്ടിക്കാലത്തെ മാനസിക സമ്മർദം നേരത്തെയുള്ള ലഹരി ഉപയോഗത്തിന് കാരണമാകുന്നു, വെളിപ്പെടുത്തലുമായി പുതിയ പഠനം 

 
stress


'മോശം പെരുമാറ്റം, അവഗണന, കൂട്ടുകാർ അല്ലെങ്കിൽ പ്രിയപ്പെട്ട മറ്റുള്ളവർ തുടങ്ങിയവരുമായുള്ള സംഘർഷം കുട്ടികളുടെ സ്വഭാവ മാറ്റത്തിന് കാരണമാകാം '

ന്യൂഡെൽഹി: (KVARTHA) കൗമാരക്കാരിലും, സ്ത്രീകളിലും കുട്ടിക്കാലത്തെ സമ്മർദം നേരത്തെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിനു കാരണമാകുമെന്ന് പഠനം. മോശം പെരുമാറ്റം, അവഗണന, കൂട്ടുകാർ, പ്രിയപ്പെട്ട മറ്റുള്ളവർ തുടങ്ങിയവരുമായുള്ള സംഘർഷം എന്നിങ്ങനെയുള്ള കുട്ടികളുടെ അനുഭവങ്ങളാണ് ആദ്യകാല ജീവിതത്തിലെ സമ്മർദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ബോസ്റ്റണിലെ എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗമായ എൻഡോ 2024ൽ (ENDO 2024) അവതരിപ്പിച്ച പഠനമനുസരിച്ച്, ആഘാതകരമായ സംഭവങ്ങൾ പുരുഷന്മാരിൽ, ലഹരിവസ്തുക്കളുടെ ഉപയോഗ സാധ്യത വർധിപ്പിക്കും. അതേസമയം പാരിസ്ഥിതിക സമ്മർദം സ്ത്രീകളിൽ അപകടസാധ്യത വർധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു. ചെറുപ്രായത്തിൽ തന്നെ ലഹരിവസ്തുക്കളുടെ ഉപയോഗം ആരംഭിക്കുന്നത് നിരവധി ആരോഗ്യപ്രശ്ങ്ങളുടെ നേരത്തേയുള്ള ആഗമനത്തിന് കാരണമാകുമെന്ന് ഗവേഷകനായ അലക്‌സാന്ദ്ര ഡോണോവൻ പറഞ്ഞു
 
അഡോളസൻ്റ് ബ്രെയിൻ കോഗ്‌നിറ്റീവ് ഡെവലപ്‌മെൻ്റ് (ABCD) എന്ന പഠനത്തിൽ പങ്കെടുത്ത 8,608 പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവരങ്ങൾ അവർ വിശകലനം ചെയ്തു, പഠനം ആരംഭിക്കുമ്പോൾ അവർക്ക് ഒമ്പത് അല്ലെങ്കിൽ 10 വയസായിരുന്നു. കുട്ടിക്കാലത്തെ മാനസിക സമ്മർദം പുരുഷന്മാരിൽ 9-18 ശതമാനവും, സ്ത്രീകളിൽ 13-20 ശതമാനവും നേരത്തെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗ സാധ്യത സ്ഥിരീകരിച്ചു. മാനസികമായി ശക്തരല്ലാത്ത ആളുകൾ, ലഹരി ഉപയോഗിക്കുന്നതിലൂടെ ശക്തരാകാൻ ശ്രമിക്കുന്ന പ്രത്യേക തരം മാനസികാവസ്ഥയുടെ പ്രതിഫലനമായിരുന്നു പഠനഫലമായി ലഭിച്ചതെന്ന് ഗവേഷകർ പറയുന്നു.

കുട്ടികളുടെ മാനസികാരോഗ്യത്തിന് എത്രമാത്രം വിലയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു പഠനം. കുട്ടികളിലെ പെരുമാറ്റ രീതിയിലുണ്ടാകുന്ന ഏതൊരു മാറ്റവും രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിച്ചുകൊണ്ട്, അവരുടെ ഉറ്റ സുഹൃത്തുക്കളായി കൂടെതന്നെ ഉണ്ടാകണമെന്നാണ് ഗവേഷകർ പറയുന്നത്. ആവശ്യഘട്ടങ്ങളിൽ ഡോക്ടറുടെയോ കൗൺസിലർമാരുടെയോ സഹായം തേടാൻ മടിക്കരുതെന്നും പഠന രചയിതാക്കൾ കൂട്ടിച്ചേർക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia