Viral | 'ഫുൾ എ പ്ലസ് ഒന്നുമില്ല, ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തുപിടിക്കുന്നു', വൈറലായി പിതാവിന്റെ കുറിപ്പ്

 

/ ഡോണൽ മുവാറ്റുപുഴ

(KVARTHA) എസ്.എസ്.എൽ.സി ഫലം വന്നിരിക്കുന്നു. ഫുൾ എ പ്ലസ് കിട്ടിയവരുടെ മാതാപിതാക്കൾ മക്കളുടെ മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നു. അവർക്ക് ആശംസകളും ലഭിക്കുന്നുണ്ട്. കുറഞ്ഞ മാർക്ക് കിട്ടിയ കുട്ടികളും അവരുടെ മാതാപിതാക്കളും ഉണ്ടാകുമല്ലോ. അവരോട് ആണ് പറയാനുള്ളത്. കുട്ടികളെ നിങ്ങൾക് കിട്ടിയ മാർക്ക് അത് എത്ര തന്നെ കുറവാണെങ്കിലും നിങ്ങളുടെ ജീവിതവിജയം അളക്കാൻ ഇതൊരു അളവ് കോൽ അല്ല. പക്ഷെ ഇതൊരു വഴിതിരിവ് ആവണം. ഒരു ലക്ഷ്യബോധം ഉണ്ടാക്കാൻ ഈ റിസൾട്ട്‌ കൊണ്ട് നിങ്ങൾക്കായിട്ടുണ്ടെങ്കിൽ നിങ്ങൾക്കാണ് ഫുൾ എ പ്ലസ്.

Viral | 'ഫുൾ എ പ്ലസ് ഒന്നുമില്ല, ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തുപിടിക്കുന്നു', വൈറലായി പിതാവിന്റെ കുറിപ്പ്

ഈ അവസരത്തിൽ ഫുൾ എ പ്ലസ് ഒന്നുമില്ലാത്ത മകനെ ചേർത്തുപിടിക്കുന്ന ഒരു പിതാവിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഫുൾ എ പ്ലസ് കിട്ടാത്തതിനാൽ മക്കളെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് മാതൃകയാകുകയാണ് ഇവിടെ അബ്ബാസ് എന്ന പിതാവ്. ഫുൾ എ പ്ലസ് ഒന്നുമില്ല. ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു എന്നാണ് ഇദ്ദേഹം തൻ്റെ കുറിപ്പിൻ്റെ തലക്കെട്ടിൽ പറയുന്നത്. ഇവിടെ കുറെ രക്ഷകർത്താക്കൾ മക്കളുടെ എ പ്ലസിന്റെ പേരിൽ അഹങ്കാരം നടിച്ചു സോഷ്യൽ മീഡിയയിൽ തള്ളി മറിക്കുന്നത് കാണാം. അവർ ചിന്തിക്കുന്നില്ല എ പ്ലസ് കിട്ടാത്തതിൻ്റെ പേരിൽ എത്രയോ കുട്ടികൾ വേദനിക്കുന്നുണ്ടെന്ന്.

ചില രക്ഷിതാക്കൾ കുട്ടികളുടെ മാർക്ക് ഷീറ്റ് നവമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്ന പ്രവണതയും ഏറുന്നുണ്ട്. അതും ശരിയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരക്കാർക്കുള്ള ഒരു സന്ദേശമാണ് ഈ പിതാവ് തൻ്റെ കുറിപ്പിലൂടെ കൊടുത്തിരിക്കുന്നത്. ജിവിതത്തിൽ എവിടെ എങ്കിലും എത്താൻ മാർക്ക് മാത്രം മതിയാകില്ല എന്ന സന്ദേശം. അദേഹം കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:

'ഫുൾ എ പ്ലസ് ഒന്നുമില്ല. രണ്ട് എ പ്ലസ്, ബാക്കി എയും, ബി യും. ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും, കഴിച്ച പാത്രങ്ങൾ കഴുകുകയും, സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്. ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന്, നന്നായിട്ട് പന്തു കളിക്കുന്നതിന്, ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു.

ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു. ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും, മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു. ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ മുഹമ്മദ് ഹാഷിമിൻ്റെ ഉപ്പ, അബ്ബാസ്'.

ഇതാണ് ഈ പിതാവിന്റെ സന്ദേശം. ഈ മോൻ വലിയ ഉയർച്ചയിലേക്ക് കുതിക്കട്ടെ. അവൻ്റെ ബാപ്പ നമുക്ക് വലിയ സന്ദേശം ആണ് നൽകിയത്. അഭിനന്ദനം. ഇങ്ങനെയൊരു പിതാവിനെ കിട്ടുക എന്നത് ഒരു ഭാഗ്യമാണ് അനുഗ്രഹം ആണ്. നല്ല പിതാവ്, മകൻ ഉയരങ്ങളിലെത്തും. ഒരുപാട് എ പ്ലസുകാർക്ക് ജോലി നൽകുന്ന തരത്തിൽ ഉയരട്ടെ. ഈ ഒരു ആറ്റിറ്റ്യൂഡ് ആണ് നമുക്ക് വേണ്ടത്. ഇതൊന്നും ജീവിതത്തിലെ അവസാന പരീക്ഷ അല്ല. ഉയരങ്ങളിൽ എത്തണമെങ്കിൽ മാനവ സഹോദര്യവും സഹജീവി സ്നേഹവും മനുഷ്യനിൽ ഉണ്ടാകണമെന്ന സന്ദേശമാണ് ഈ പിതാവ് സമൂഹത്തിന് പകർന്നു തന്നത്.

മാതാപിതാക്കളോട് പറയാനുള്ളത് കുട്ടിക്ക് കിട്ടിയ മാർക്ക് അത് എത്ര കുറവ് ആണെങ്കിലും നിങ്ങൾ നിങ്ങളുടെ കുട്ടികളെ ചേർത്തുപിടിക്കുക. ഒരാളും അവരെ മാനസികമായി തകർക്കാൻ അനുവദിക്കാതെ ചേർത്ത് പിടിക്കുക എന്നതുതന്നെയാണ്. ഇപ്പോൾ ഫ്ലക്സിൽ വിലസുന്നവരല്ല താരങ്ങൾ, താരങ്ങൾ വരാനിരിക്കുന്നു എന്ന് തിരിച്ചറിയുക.

Keywords:  SSLC Result, Education, 10th Marks, Viral Post, Social Media, Successful Life, Father, Pocket Money, Attitude, Mentally, Flex Board, SSLC Result: Father's post goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia