ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മമതയ്‌ക്കെതിരെ ഗാംഗുലിയെ കളത്തിലിറക്കുമോ? മോദിയുടെ റാലിയില്‍ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്ന് റിപോര്‍ട്
Mar 4, 2021, 09:39 IST
കൊല്‍ക്കത്ത: (www.kvartha.com 04.03.2021) ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്നാണ് റിപോര്‍ടുകള്‍. അതേസമയം ഗാംഗുലി ഈ വിഷയത്തില്‍ മനസ് തുറന്നിട്ടില്ല.
മമത ബാനര്‍ജിക്കെതിരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മുഖം ഇല്ലാത്തത് ബിജെപിയുടെ സാധ്യത കുറയ്ക്കുന്നു എന്ന സര്‍വ്വെകളുടെ പശ്ചാത്തലത്തില്‍ ഗാംഗുലിയെ കളത്തിലെത്തിക്കാന്‍ വലിയ പരിശ്രമമമാണ് നടക്കുന്നത്.
ബിജെപിക്ക് വേണ്ടി ദാദ കളത്തിലിറങ്ങുമോ എന്നത് തന്നെയാണ് ബംഗാളി മാധ്യമങ്ങളിലടക്കം രണ്ടു ദിവസമായി പ്രധാന ചര്‍ച്ച. ഇതുവരെയും സസ്‌പെന്‍സ് നിലനിര്‍ത്തുന്ന ഗാംഗുലി മനസ് തുറക്കുമോയെന്നതാണ് അറിയാനുള്ളത്.
മത്സരിക്കുന്നതില്‍ ഗാംഗുലിയാണ് തീരുമാനം എടുക്കേണ്ടതെന്നും താരത്തെ സ്വാഗതം ചെയ്യുന്നതായും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. മാര്‍ച് 27, ഏപ്രില്‍ ഒന്ന് തീയതികളില്‍ നടക്കുന്ന ഒന്ന്, രണ്ട് ഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്നും ബിജെപി അറിയിച്ചു.
ഇന്ത്യന്‍ ക്രികെറ്റിന് വലിയ സംഭാവന നല്‍കിയ മുന്‍ നായകന്‍ സൗരവ് ഗാംഗുലി പോരാട്ടത്തിനിറങ്ങിയാല്‍ ബംഗാളില്‍ ഉടനീളം അത് തരംഗം സൃഷ്ടിക്കുമെന്നാണ് ബിജെപി കരുതുന്നത്. ഹൃദ്രോഗത്തിന് ചികിത്സ ആവശ്യമായി വന്ന ഗാംഗുലി അവസാന വാക്ക് പറഞ്ഞിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖന്‍.
എന്നാല്‍ തതാഗത് റോയി, സുവേന്ദു അധികാരി, സ്വപന്‍ ദാസ്ഗുപ്ത ലോക്കറ്റ് ചാറ്റര്‍ജി തുടങ്ങിയവരും ഈ സ്ഥാനം ആഗ്രഹിക്കുന്നവരാണ്. നാല്പത് ശതമാനം വോട്ട് ലോക്‌സഭയില്‍ നേടിയ ബിജെപിക്ക് അഞ്ചു ശതമാനം വിഹിതം കൂടുതല്‍ കിട്ടാന്‍ നല്ലൊരു മുഖം അനിവാര്യമാണ്, ഗാംഗുലി ഇല്ല എന്നാണ് ഉത്തരം നല്കുന്നതെങ്കില്‍ മമതയ്‌ക്കെതിരെ മോദി എന്നതാവും ബിജെപി മുദ്രാവാക്യം.
നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31നാണ് ആശുപത്രി വിട്ടത്. ആഞ്ചിയോപ്ലാസ്റ്റിക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.