ശ്രീജേഷിന് ജന്മനാടിന്റെ ഉജ്വല വരവേല്‍പ്; പാരിതോഷികം സംബന്ധിച്ച് ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി

 


കൊച്ചി: (www.kvartha.com 10.08.2021) ടോക്യോ ഒളിംപിക്സില്‍ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഹോകി ഗോള്‍കീപെര്‍ പി ആര്‍ ശ്രീജേഷിന് ജന്മനാടിന്റെ ഉജ്വല വരവേല്‍പ്. വിമാനത്താവളത്തില്‍ ആരാധകരും സുഹൃത്തുക്കളും അടക്കം അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോകിയില്‍ ഇന്‍ഡ്യ മെഡല്‍ നേടുന്നത്.

ശ്രീജേഷിന് ജന്മനാടിന്റെ ഉജ്വല വരവേല്‍പ്; പാരിതോഷികം സംബന്ധിച്ച് ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിനെ കായികമന്ത്രി വി അബ്ദുറഹ് മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ക്കു പുറമേ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോകി അസോസിയേഷന്‍ തുടങ്ങിയവയുടെ ഭാരവാഹികളും എത്തിയിരുന്നു. നെടുമ്പാശേരിയില്‍നിന്നു സര്‍കാര്‍ ഒരുക്കിയ തുറന്ന ജീപില്‍ പരിസരവാസികളെ അഭിവാദ്യം ചെയ്തുകൊണ്ടാണു ജന്മനാടായ കിഴക്കമ്പലം എരുമേലിയിലേക്കു ശ്രീജേഷ് മടങ്ങിയത്. വിമാനത്താവളം മുതല്‍ അദ്ദേഹത്തിന്റെ ജന്മനാടായ പള്ളിക്കര വരെ വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കും.

ടോക്യോയില്‍ ലഭിച്ച നേട്ടത്തെ ഇരട്ടി മധുരത്തില്‍ എത്തിക്കുന്നതാണു നാട്ടില്‍ ലഭിച്ച സ്വീകരണമെന്നു ശ്രീജേഷ് പറഞ്ഞു. 'ഏതൊരാളും സ്വര്‍ണ മെഡലാണ് ആഗ്രഹിക്കുന്നത്. എങ്കിലും 41 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച വെങ്കലത്തിന്റെ തിളക്കത്തിനു മാറ്റു കുറയില്ല. ഹോകി ടീമിന് ഇന്‍ഡ്യയില്‍ ഇത്തരത്തില്‍ ഒരു സ്വീകരണം ലഭിക്കുന്നത് അവിശ്വസനീയമാണെന്നും ശ്രീജേഷ് പറഞ്ഞു.

അതിനിടെ ശ്രീജേഷിനെ സംസ്ഥാന സര്‍കാര്‍ തഴഞ്ഞെന്ന പ്രചരണം അവാസ്തവമാണെന്ന് മന്ത്രി അബ്ദുറഹ് മാന്‍ പറഞ്ഞിരുന്നു. മെഡല്‍ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ശ്രീജേഷ് കേരള സര്‍കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. അതുകൂടി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Keywords: Warm reception to Sreejesh at home land, Kochi, News, Sports, Tokyo, Tokyo-Olympics-2021, Winner, Compensation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia