ചതുരംഗപ്പലകയിലെ വിശ്വവിജയി: ആനന്ദിന്റെ കിരീട നേട്ടത്തിന് 38 വർഷം


● പത്മവിഭൂഷൺ ലഭിക്കുന്ന ആദ്യ കായികതാരവും ആനന്ദാണ്.
● ഖേൽ രത്ന പുരസ്കാരവും നേടിയിട്ടുണ്ട്.
● ഇന്ത്യയെ ചെസ്സ് ലോകത്ത് അടയാളപ്പെടുത്തിയ താരം.
● ഇന്ത്യ ഇപ്പോൾ ഒരു ചെസ്സ് ഫാക്ടറിയായി വളരുന്നു.
ഭാമനാവത്ത്
(KVARTHA) ചരിത്രാതീത കാലം മുതൽ ഇന്ത്യയിലെ രാജാക്കന്മാർ അവരുടെ വിനോദത്തിനും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്ന ഒരു പ്രധാന മാർഗ്ഗമായിരുന്നു ചതുരംഗം. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച്, 64 കളങ്ങളിലായി രാജാവും രാജ്ഞിയും മന്ത്രിയും ആനയും കുതിരയും കാലാൾപ്പടയും ഉൾപ്പെടുന്ന സൈന്യം മാനസിക കരുത്തുകൊണ്ട് എതിർസൈന്യത്തെ കീഴടക്കുന്ന ഈ കളി, പല യുദ്ധവിജയങ്ങളിലും രാജാക്കന്മാർക്ക് ആത്മവിശ്വാസം പകർന്നിരുന്നു.

രാജാക്കന്മാരുടെ കാലഘട്ടത്തിനുശേഷം സോവിയറ്റ് യൂണിയനും അമേരിക്കയും അടക്കിഭരിച്ച ആധുനിക ചെസ്സ് ലോകത്ത് കാർപ്പോവും കാസ്പറോവും ഫിഷറുമെല്ലാം വെട്ടിത്തിളങ്ങിയപ്പോൾ ഇന്ത്യയുടെ സ്ഥാനം പലപ്പോഴും ചതുരംഗപ്പലകയ്ക്ക് പുറത്തായിരുന്നു.
ആ അപമാനത്തിന് അറുതി വരുത്തി ഇന്ത്യയിൽ നിന്ന് ഒരു രാജകുമാരൻ രാജ്യത്തിന്റെ ആദ്യത്തെ ചെസ്സ് ഗ്രാൻഡ് മാസ്റ്ററായതിന്റെ 38-ാം വാർഷികമാണ് ഇന്ന്.
'വിഷി' എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന ചെന്നൈ സ്വദേശിയായ വിശ്വനാഥൻ ആനന്ദ്, തന്റെ പേരിനെ അന്വർത്ഥമാക്കി ചെസ്സ് ബോർഡിലെ വിശ്വനാഥനാകാനുള്ള പോരാട്ടം തുടങ്ങിയതിന്റെ ആദ്യ വിജയം നേടിയത് 1987-ലാണ്.
പതിനെട്ടാം വയസ്സിൽ കോയമ്പത്തൂരിൽ നടന്ന ശക്തി ഫിനാൻസ് ഇന്റർനാഷണൽ ടൂർണമെന്റിൽ വിജയിച്ചുകൊണ്ടാണ് ആനന്ദ് ഇന്ത്യയുടെ ആദ്യ ഗ്രാൻഡ് മാസ്റ്റർ എന്ന പദവി നേടിയത്. അദ്ദേഹത്തിന്റെ ഈ നേട്ടം രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഗ്രാൻഡ് മാസ്റ്ററും മുൻ ലോക ചെസ്സ് ചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദ്, ലോക കിരീടം നേടുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ്.
അഞ്ചു തവണ ലോക ചെസ്സ് ചാമ്പ്യനും, രണ്ടു തവണ റാപ്പിഡ് ചെസ്സ് ചാമ്പ്യനും, ഒരു തവണ ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യനുമായി അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു. ആറ് തവണ ചെസ്സ് ഓസ്കാർ പുരസ്കാരവും നേടി.
രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ ഖേൽ രത്ന പുരസ്കാരം നേടിയ ആനന്ദിനെ രാജ്യം പത്മവിഭൂഷൺ നൽകിയും ആദരിച്ചിട്ടുണ്ട്. പത്മവിഭൂഷൺ ലഭിക്കുന്ന ആദ്യത്തെ കായികതാരവും അദ്ദേഹമാണ്.
2010-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് വേണ്ടി പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഒരുക്കിയ വിരുന്നിൽ ക്ഷണിക്കപ്പെട്ട ഏക കായികതാരം എന്ന അപൂർവ്വ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.
ആനന്ദ് തുടങ്ങിവെച്ച ഈ പോരാട്ടം പിന്നീട് വന്ന തലമുറ ഏറ്റെടുത്തതിന് നാം സാക്ഷികളാണ്. ഇന്ന് ഇന്ത്യയിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി നിരവധി ഗ്രാൻഡ് മാസ്റ്റർമാരുണ്ട്. ഇന്ത്യ ഒരു ചെസ്സ് ഫാക്ടറിയായി വളർന്നുകൊണ്ടിരിക്കുകയാണ്.
ആനന്ദിനുശേഷം ഒരു പുരുഷ ചാമ്പ്യനും ഈ വർഷം ഒരു വനിതാ ചാമ്പ്യനും ഇന്ത്യയിൽ നിന്ന് ഉയർന്നു വന്നത് ഇന്ത്യൻ ചെസ്സിനെ ലോകം അത്ഭുതത്തോടെ നോക്കുന്നതിന് കാരണമായി.
വിശ്വനാഥൻ ആനന്ദിന്റെ നേട്ടങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: 38 years since Viswanathan Anand became India's first GM.
#ViswanathanAnand #Chess #Grandmaster #India #IndianChess #Sports