ടോക്യോ ഒളിംപിക്സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്‍ഡ്യ; ബോക്സിംഗില്‍ ചൈനീസ് തായ്പെയ് താരത്തെ തോല്‍പിച്ച് ലവ്ലിന സെമിയില്‍
Jul 30, 2021, 09:50 IST
ടോക്യോ: (www.kvartha.com 30.07.2021) ടോക്യോ ഒളിംപിക്സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്‍ഡ്യ. വനിതകളുടെ 69 കിലോ ബോക്സിംഗില്‍ ചൈനീസ് തായ്പെയ് താരത്തെ തോല്‍പിച്ച് ലവ്ലിന ബോര്‍ഗോഹെയ്ന്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ടറില്‍ ചൈനീസ് തായ്പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് (4-1) ലവ്ലിന സെമിയിലേക്ക് മുന്നേറിയത്.
നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമായ താരത്തെയാണ് ലവ്ലിന പരാജയപ്പെടുത്തിയത്. ഇതോടെ മീരാബായ് ചാനുവിന് ശേഷം ടോക്യോ ഒളിംപിക്സില്‍ ഇന്‍ഡ്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പിച്ചു.
ആദ്യ റൗന്‍ഡില്‍ ഇഞ്ചോടിഞ്ച് പോരാടിയ ലവ്ലിന 3-2-ന് റൗന്‍ഡ് വിജയിച്ചു. ചൈനീസ് തായ്പെയ് താരത്തിനെതിരേ രണ്ടാം റൗന്‍ഡില്‍ ആധിപത്യം പുലര്‍ത്തിയ ലവ്ലിന 5-0നാണ് രണ്ടാം റൗന്‍ഡ് സ്വന്തമാക്കിയത്. പിന്നാലെ മൂന്നാം റൗന്‍ഡിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്‍ഡ്യയ്ക്കായി മെഡല്‍ ഉറപ്പാക്കുകയായിരുന്നു.
23കാരിയായ ലവ്ലിന അസം സ്വദേശിയാണ്. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്സ് ബോക്സിംഗില്‍ ഇന്‍ഡ്യയുടെ മൂന്നാമത്തെ മെഡലാണിത്.
ഷൂടിംഗില്‍ ഇന്‍ഡ്യക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്‍ഡ്യന്‍ പ്രതീക്ഷയായ മനു ഭാക്കറും രാഹി സര്‍ണോബത്തും യോഗ്യതാ റൗന്‍ഡില്‍ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അതേസമയം 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്ലെ ദേശീയ റെകോര്‍ഡ് തിരുത്തി. 8:18.12 മിനുറ്റില്‍ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെകോര്‍ഡാണ് മറികടന്നത്. എന്നാല്‍ ഏഴാമതായേ അവിനാഷിന് ഫിനിഷ് ചെയ്യാനായുള്ളൂ.
അമ്പെയ്ത്തില്‍ ഇന്‍ഡ്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപികാ കുമാരി ക്വാര്‍ടറിലെത്തിയത് പ്രതീക്ഷയാണ്. റഷ്യന്‍ താരത്തെ തോല്‍പിച്ചാണ് മുന്നേറ്റം. ക്വാര്‍ടറില്‍ കരുത്തയായ എതിരാളിയെയാണ് ദീപികയ്ക്ക് നേരിടേണ്ടത്. തെക്കന്‍ കൊറിയന്‍ താരമായ ആന്‍ സാനിനെയാണ് ദീപിക നേരിടുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.