T20 World Cup | ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക ഇന്‍ഡ്യയെ അഞ്ച് വികറ്റിന് തകര്‍ത്തു
Oct 30, 2022, 20:16 IST
ADVERTISEMENT
പെര്‍ത്: (www.kvartha.com) ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക ഇന്‍ഡ്യയെ അഞ്ച് വികറ്റിന് തകര്‍ത്തു. മൂന്ന് കളികളില്‍ അഞ്ച് പോയിന്റുമായി ദക്ഷിണാഫ്രിക ഗ്രൂപ് 2 പട്ടികയില്‍ ഒന്നാമതെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്‍ഡ്യ ദക്ഷിണാഫ്രികയ്ക്ക് മുന്നില്‍ 134 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രികന്‍ ടീം 19.4 ഓവറില്‍ അഞ്ച് വികറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
വളരെ മോശം തുടക്കമായിരുന്നു ടീം ഇൻഡ്യയുടെത്. 14 പന്തിൽ 15 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം പുറത്തായി. പിന്നീട് വികറ്റുകളുടെ കുത്തൊഴുക്കായിരുന്നു. കെഎൽ രാഹുൽ ഒമ്പത് റൺസും വിരാട് കോഹ്ലി 12 റൺസും നേടി പുറത്തായി. ലുങ്കി എൻഗിഡിയാണ് മൂവരെയും പവലിയനിലേക്ക് അയച്ചത്. ഇതിന് പിന്നാലെ അക്സർ പട്ടേലിന് പകരം ടീമിൽ ഇടംപിടിച്ച ദീപക് ഹൂഡയും പരാജയപ്പെട്ടു. അകൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല.
49 റൺസിന് അഞ്ച് വികറ്റ് വീണതിന് ശേഷം ദിനേഷ് കാർത്തിക്കിനൊപ്പം സൂര്യകുമാർ യാദവ് ടീം പൊരുതാൻ തുടങ്ങി. ഇരുവരും ആറാം വികറ്റിൽ 40 പന്തിൽ 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 30 പന്തിൽ ടി20 അന്താരാഷ്ട്ര കരിയറിലെ പതിനൊന്നാം അർധസെഞ്ചുറിയാണ് സൂര്യകുമാർ നേടിയത്. ഇരുവരും ചേർന്ന് ഇൻഡ്യയെ 100 റൺസ് കടത്തി. വെയ്ൻ പാർനെലിന്റെ പതിനാറാം ഓവറിൽ കാർത്തിക് പുറത്തായി. 15 പന്തിൽ ആറ് റൺസാണ് കാർത്തിക്കിന് നേടാനായത്.
19-ാം ഓവറിൽ ആദ്യ പന്തിൽ തന്നെ 11 പന്തിൽ ഏഴ് റൺസെടുത്ത അശ്വിൻ പുറത്തായി. ഇതിന് പിന്നാലെ ഓവറിലെ അവസാന പന്തിൽ സൂര്യകുമാറിനെ മഹാരാജിന്റെ പന്തിൽ പാർനെൽ പിടികൂടി. പെർതിലെ ദുഷ്‌കരമായ പിചിൽ സൂര്യകുമാർ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. 40 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 68 റൺസാണ് താരം നേടിയത്. ദക്ഷിണാഫ്രികയ്ക്കായി ലുങ്കി എൻഗിഡി നാല് വികറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക 19.4 ഓവറിൽ അഞ്ച് വികറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രികയ്ക്ക് 24 റൺസിനിടെ മൂന്ന് വികറ്റ് നഷ്ടമായിരുന്നു. പിന്നീട് 76 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ എയ്ഡൻ മാർക്രവും ഡേവിഡ് മില്ലറും മത്സരം കീഴ്മേൽ മറിച്ചു.
10 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക മൂന്ന് വികറ്റ് നഷ്ടത്തിൽ 40 റൺസ് എന്ന നിലയിലായിരുന്നു. മാർക്രം 41 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റൺസെടുത്തു. മില്ലർ 46 പന്തിൽ 59 റൺസ് നേടി. അവസാന ഓവറിൽ ദക്ഷിണാഫ്രികയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ആറ് റൺസായിരുന്നു. ഭുവനേശ്വറിന്റെ ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും പന്തുകൾ തുടർചയായി രണ്ട് ഫോറുകൾ പറത്തി ദക്ഷിണാഫ്രികൻ ടീം വിജയം കരസ്ഥമാക്കി. ഇൻഡ്യക്കായി അർഷ്ദീപ് സിംഗ് രണ്ട് വികറ്റ് വീഴ്ത്തി.
ടൂർണമെന്റിൽ ദക്ഷിണാഫ്രികയുടെ രണ്ടാം ജയമാണിത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ അഞ്ച് പോയിന്റാണ് ദക്ഷിണാഫ്രികയ്ക്കുള്ളത്. അവരുടെ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. അതേ സമയം മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമായി ഇൻഡ്യക്ക് നാല് പോയിന്റാണുള്ളത്. ബംഗ്ലാദേശ് ടീമും നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ദ. ആഫ്രികയുടെ വിജയം പാകിസ്‌താന്റെ സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയായി. മൂന്ന് മത്സരങ്ങളിൽ രണ്ട് തോൽവിയും ഒരു ജയവുമായി അവർക്ക് രണ്ട് പോയിന്റാണുള്ളത്. നവംബർ രണ്ടിന് ബംഗ്ലാദേശിനെതിരെയാണ് ഇൻഡ്യയുടെ അടുത്ത മത്സരം. ലോകകപിൽ 13 വർഷത്തിന് ശേഷമാണ് ഇൻഡ്യ ദക്ഷിണാഫ്രികയോട് തോൽക്കുന്നത്.
Keywords: Latest-News, ICC-T20-World-Cup, World, World Cup, Sports, Cricket, India, South Africa, Australia, T20 World Cup: SA beat IND by 5 wickets in thriller. < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.



