കൊലപാതകം നടക്കുമ്പോള്‍ താന്‍ ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് സമ്മതിച്ച് സുശീല്‍ കുമാര്‍; കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ താരം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞത് 18 ദിവസം

 


ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ കുമാറിന്റെ കൊലപാതകം നടക്കുമ്പോള്‍ താന്‍ ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ച് കേസില്‍ അറസ്റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍.

കൊലപാതകം നടക്കുമ്പോള്‍ താന്‍ ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് സമ്മതിച്ച് സുശീല്‍ കുമാര്‍; കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ താരം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞത് 18 ദിവസം

മെയ് നാലാം തീയതി ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍ കുമാര്‍ കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെ ഒളിവില്‍ പോയ സുശീലിനെയും സുഹൃത്ത് അജയ് കുമാറിനേയും ശനിയാഴ്ച രാവിലെ പഞ്ചാബില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം നടന്ന സമയത്ത് ഛത്രസാല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന് സുശീല്‍ കുമാര്‍ സമ്മതിച്ചത്.

18 ദിവസമാണ് സുശീല്‍ കുമാര്‍ പൊലീസിനെ വെട്ടിച്ച് കഴിഞ്ഞത്. ഋഷികേശിലെ ഒരു ആശ്രമത്തിലായിരുന്നു കുറച്ചു ദിവസത്തെ താമസം. പിന്നീട് തിരികെ ഡെല്‍ഹിയിലെത്തി. ഈ യാത്രക്കിടെ മീററ്റിലെ ടോള്‍പ്ലാസ കടന്നുപോകുന്ന താരത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

ഡെല്‍ഹിയില്‍നിന്ന് ഹരിയാണയിലെ ബഹാദൂര്‍ഘട്ടിലേക്കാണ് ഇരുവരും പിന്നീട് മുങ്ങിയത്. അവിടെനിന്ന് ചണ്ഡീഗഢിലേക്കും പഞ്ചാബിലെ ഭട്ടിന്‍ഡയിലേക്കും പോയി. പിന്നീട് ചണ്ഡീഗഢില്‍ നിന്ന് ഗുരുഗ്രാമിലെത്തി. അവിടെനിന്നാണ് വെസ്റ്റ് ഡെല്‍ഹിയിലേക്ക് വന്നത്. ഇതിനിടെ കാര്‍ ഉപേക്ഷിച്ച ഇരുവരും യാത്ര സ്‌കൂടെറിലാക്കിയിരുന്നു. സ്‌കൂടെറില്‍ യാത്രചെയ്യുമ്പോഴാണ് ഇരുവരെയും വെസ്റ്റ് ഡെല്‍ഹിയിലെ മുണ്ട്ക ടൗണില്‍വെച്ച് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പമാണ് സുശീലിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, പൊലീസിനു പിടികൊടുക്കാതെ സ്ഥലം മാറിക്കൊണ്ടിരുന്ന സുശീല്‍ കുമാറിന്റെ കൈവശമുണ്ടായിരുന്ന പണം തീര്‍ന്നിരുന്നതായി പൊലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് നഗരത്തിലൊരിടത്തുനിന്ന് പണം സംഘടിപ്പിക്കാനുള്ള യാത്രയ്ക്കിടെയാണ് താരത്തെ പൊലീസ് പിടികൂടിയത്.

നേരത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുശീല്‍കുമാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും പ്രഥമ ദൃഷ്ട്യാ താരത്തിനെതിരെ തെളിവുണ്ടെന്ന് കണ്ട് ജാമ്യാപേക്ഷ തള്ളിയിരുന്നു. സുശീല്‍കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുശീലിനെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മറ്റുള്ള ഗുസ്തി താരങ്ങളുടെ മുന്നില്‍വെച്ച് സാഗര്‍ സുശീലിനെക്കുറിച്ച് മോശമായി സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. സാഗറിനെ ഒരു പാഠംപഠിപ്പിക്കാന്‍ തീരുമാനിച്ച സുശീലും കൂട്ടരും ഇദ്ദേഹത്തെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടുവന്ന് സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഏരിയയില്‍വെച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സാഗര്‍ റാണ പിന്നീട് മരിച്ചു. സാഗറിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു.

2008 ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിപിക്‌സില്‍ വെള്ളിയും നേടിയ താരമാണ് സുശീല്‍ കുമാര്‍. 2012ലെ ലന്‍ഡന്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പതാകയേന്തി അഭിമാനത്തോടെ ടീമിനെ നയിച്ചു തലയുയര്‍ത്തി നീങ്ങിയ ഗുസ്തി താരം സുശീല്‍ കുമാറാണു ഇപ്പോള്‍ തലതാഴ്ത്തി വിലങ്ങണിഞ്ഞു നില്‍ക്കുന്നത്. ഇനി പോരാട്ടം നിയമത്തിന്റെ ഗോദയില്‍.

2008 ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കലം, 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി എന്നിങ്ങനെയാണ് രാജ്യത്തിനു വേണ്ടിയുള്ള താരത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ ഗുസ്തിയുടെ പോസ്റ്റര്‍ ബോയ് ആയി സുശീല്‍ മാറിയത് അതിവേഗമാണ്. ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത മെഡലുകള്‍ സ്വന്തമായുള്ള സ്വതന്ത്ര ഇന്ത്യയിലെ ഒരേയൊരു താരമാണ് സുശീല്‍.

Keywords:  Sushil Kumar interrogated by Delhi Police, reveals he was present during brawl at Chhatrasal Stadium, New Delhi, News, Sports, Killed, Arrested, Police, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia