Pele | പെലെ- കളിമൈതാനങ്ങളില്‍ കാലുകൊണ്ട് ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത സോകര്‍ ഇതിഹാസം; നഗ്‌നപാദ ദാരിദ്ര്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കാല്‍പന്തിന്റെ കല്‍പകാലം തീര്‍ത്തൊരു അഞ്ചടി എട്ടിഞ്ചുകാരന് വിട

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സാവോപോളോ: (www.kvartha.com) പെലെയുടെ കാലത്ത് ജീവിച്ചവരെന്ന് അഹങ്കരിക്കാന്‍ ഇനിയുള്ള തലമുറയ്ക്ക് തീരാ നഷ്ടമായി. ബ്രസീലിന്റെ ഫുട്‌ബോള്‍ രാജാവും ലോകത്തിനുള്ള അതിരുകടന്ന സമ്മാനവുമായിരുന്ന പെലെ വിടവാങ്ങി. ലോകം കണ്ട ഏറ്റവും വലിയ ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തിന് ഉത്തരം പെലെയായിരുന്നു. കാറ്റ് പോയ ഫുട്‌ബോള്‍ പോലെ കായികലോകത്തെ മഹാശൂന്യതയിലേക്ക് തള്ളിവിട്ട് ആ ദൈവം ഓര്‍മയായി.
Aster mims 04/11/2022

കാന്‍സര്‍ ബാധിതനായി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു 82 കാരനായ പെലെ. കീമോതെറാപിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് സമീപമുളള ബൗറുവിലെ തെരുവില്‍ പന്തു തട്ടി നടന്ന എഡ്‌സണ്‍ അരാന്റസ് ദൊ നാസിമെന്റോ എന്ന ദരിദ്രബാലന്‍ പിന്നീട് പെലെ ആവുകയായിരുന്നു. പെലെയുടെ പ്രശസ്തി ബ്രസീലിനും ഫുട്‌ബോളിനുമൊക്കെ മുകളിലായി. 

ബ്രസീലിലെ മിനാസ് ഗിറെസ് സംസ്ഥാനത്തില്‍പ്പെട്ട ട്രെസ് കൊരക്കോസിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു എഡ്‌സണ്‍ അരാന്റസ് ദൊ നാസിമെന്റോയുടെ ജനനം. 1940 ഒക്ടോബര്‍ 23ന് രാത്രി ജനിച്ച പെലെ പിന്നീട് ഫുട്‌ബോളിന്റെ ചക്രവര്‍ത്തിയായത് ദൈവനിയോഗം.

ജോവ റിമോസ് ദൊ നാസിമെന്റോയുടെയും സെലസ്റ്റെ അരാന്റെസിന്റെയും മകനായി ബ്രസീലിലെ ട്രെസ് കോറസ്യൂസ് നഗരത്തിലാണ് എഡ്സണ്‍ അറാന്റെസ് ദൊ നാസിമെന്റോ പിറന്നത്. ഏറ്റവുമധികം ഗോള്‍ നേട്ടവുമായി, നാലു ലോകകപ് കളിക്കുകയും മൂന്നു കപുകള്‍ നേടുകയും ചെയ്ത ലോക റെകോര്‍ഡിട് അയാള്‍ ഫുട്‌ബോളിന്റെ അധിപനായി. ആരാധകര്‍ കറുത്ത മുത്തെന്നും രാജാവെന്നും വാഴ്ത്തി. ഷൂ പോളിഷുകാരനായി തീരുമായിരുന്ന ജീവിതത്തെയാണു കഠിനാധ്വാനം കൊണ്ടു പെലെ മിനുക്കിയെടുത്ത് ആരാധകരെ അമ്പരപ്പിച്ചത്.

Pele | പെലെ- കളിമൈതാനങ്ങളില്‍ കാലുകൊണ്ട് ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത സോകര്‍ ഇതിഹാസം; നഗ്‌നപാദ ദാരിദ്ര്യത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കാല്‍പന്തിന്റെ കല്‍പകാലം തീര്‍ത്തൊരു അഞ്ചടി എട്ടിഞ്ചുകാരന് വിട


തെരുവുകളില്‍, ഷൂ ഇടാത്തവരുടെ നഗ്‌നപാദ ടീമുകളില്‍ അവന്‍ കളി തുടര്‍ന്നു. കടലാസ് പന്തുകളും ഓറന്‍ജുമൊക്കെ തട്ടിത്തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ അവനു മറ്റൊരു പേരുകൂടിയിട്ടു: പെലെ പാദം, അഴുക്ക്, മണ്ണ് എന്നിങ്ങനെ അര്‍ഥങ്ങള്‍. ബൌറു മേയര്‍ സ്പോണ്‍സര്‍ ചെയ്ത ബോയ്സ് ടൂര്‍ണമെന്റില്‍ 11-ാം വയസില്‍ പെലെ എന്ന ഗോളടിയന്ത്രം പിറന്നു. കൂട്ടുകാരിട്ട ഇരട്ടപ്പേരുമായി അവന്‍ ലോകമാകെ അലയടിക്കാന്‍ തുടങ്ങി. ലക്ഷക്കണക്കിന് ആളുകളുടെ ശ്വാസവും നിശ്വാസവുമായി പെലെ. അച്ഛന്റെ കൂട്ടുകാരനും 1934ല്‍ ബ്രസീല്‍ ലോകകപ് ടീമംഗവുമായിരുന്ന വാര്‍ഡര്‍ ഡി ബ്രിടോയാണ് പെലെയിലെ കഴിവിനെ ദീര്‍ഘദര്‍ശനം ചെയ്തത്. 

15-ാം വയസില്‍ ബ്രസീലിലെ സാന്റോസ് ക്ലബിലേക്ക് എത്തിപ്പെട്ടു പയ്യന്‍. ട്രൗസറും ബനിയനും മാത്രം ഇട്ടിരുന്ന പെലെ ആദ്യമായി ഫുള്‍പാന്റും ഷര്‍ടും ഷൂസും ധരിച്ചു. പ്രതിഭയുടെ മേല്‍ പ്രയത്‌നം കൊണ്ട് ചിന്തേരിട്ട നാളുകളായിരുന്നു പിന്നീട്. ആദ്യം ജൂനിയര്‍, അമച്വര്‍ ടീമുകളില്‍. പിന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനല്‍ കളിക്കാരനായി ഫുള്‍ടീമില്‍. പതിനാറാം വയസ്സില്‍ പ്രഫഷനല്‍ ടീമിലെ സ്ഥിരാംഗം. 17ഡാം വയസില്‍ ദേശീയ ടീമിലെ 10-ാം നമ്പര്‍ ജഴ്സിയിലേക്കു സ്ഥാനക്കയറ്റം. ഫുട്ബോളില്‍ 10-ാം നമ്പര്‍ കളിക്കാര്‍ അതോടെ പെലെയുടെ പ്രതിനിധികളായി നിറഞ്ഞാടി. സാന്റോസ് ക്ലബ്ബിനു വേണ്ടി 18 വര്‍ഷം കളിച്ച പെലെ കരിയറിലെ അവസാന കാലത്ത് 2 വര്‍ഷം അമേരികന്‍ ക്ലബായ ന്യൂയോര്‍ക് കോസ്‌മോസിനു വേണ്ടിയും ജഴ്‌സിയണിഞ്ഞു.

മൂന്നു ലോകകപുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെകോര്‍ഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപുകളില്‍ നിന്നുമായി 12 ഗോളുകളും 10 അസിസ്റ്റുമാണ് പെലെ നേടിയത്. 

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ് വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കി. 1958, 1962, 1970 വര്‍ഷങ്ങളിലായിരുന്നു ലോകകപ് വിജയം. 1959 ല്‍ കോപ അമേരിക ടോപ് സ്‌കോറര്‍. ലോകകപ് ആകെ 14 മല്‍സരങ്ങള്‍. ലോകകപ് ഗോള്‍: സ്വീഡന്‍ 1958 ല്‍  6, ചിലി 1962 ല്‍  1 , ഇന്‍ഗ്ലണ്ട് 1966 ല്‍  1 , മെക്‌സികോ 1970 ല്‍ 4 , ആകെ  12 ഗോളുകള്‍. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 

2004 ല്‍ഫിഫാ പ്ലെയര്‍ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓര്‍ഡര്‍ ഓഫ് മെറിറ്റ്. 1973 ഐഒസി അത്‌ലറ്റ് ഓഫ് ദി ഇയര്‍, സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍. 1970 ല്‍ ഫിഫാ ലോകകപ്പ് മികച്ച കളിക്കാരന്‍. 1958 ല്‍ ഫിഫാ ലോകകപ് മികച്ച രണ്ടാമത്തെ കളിക്കാരന്‍ തുടങ്ങിയ ബഹുമതികളും താരം നേടി.  

വിരമിച്ച ശേഷം ഫുട്‌ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം. കളി നിര്‍ത്തി പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും പ്രായമേശാത്ത ബ്രാന്‍ഡായിരുന്നു അഞ്ചടി എട്ടിഞ്ചുകാരനായ പെലെ. കുട്ടികളുടേത് പോലെ നൈര്‍മല്യമുള്ള ചിരപരിചിതമായ ചിരിയാല്‍ പന്തുലകത്തിനപ്പുറം അയാള്‍ നിറഞ്ഞുകവിഞ്ഞു. ചരിത്രത്തില്‍ ഇതുവരെ ഫുട്‌ബോള്‍ കളിച്ചവര്‍ക്കും കളിക്കുന്നവര്‍ക്കും ഇനി കളിക്കാനിരിക്കുന്നവര്‍ക്കും മികവിന്റെ മാണിക്യമാണ് പെലെ എന്ന രണ്ടക്ഷരം. 

1.73 മീറ്റര്‍ മാത്രം ഉയരമുള്ള പെലെ, ഒറ്റയാള്‍ പട്ടാളമായി മൈതാനത്തു 'തലപ്പൊക്കം' കാട്ടിയപ്പോള്‍ യുദ്ധങ്ങള്‍ ആയുധങ്ങള്‍ താഴ്ത്തി സമാധാനപ്പെട്ടു. 1967ല്‍ നൈജീരിയ സന്ദര്‍ശിച്ചപ്പോള്‍, ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ടിരുന്ന രണ്ടു ചേരികളും പെലെയുടെ കളി കാണാന്‍ മാത്രമായി 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച പെരുമ കറുത്ത മുത്തിന് സ്വന്തം.

Keywords:  News,World,international,Brazil,Football,Football Player, Player,Sports,Obituary,Death, hospital,Treatment,World Cup,Top-Headlines,Trending, Soccer Legend who Rose from Barefoot Poverty, Dies 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia