Emotional Video | റോജര്‍ ഫെഡററുടെ വിടവാങ്ങല്‍ മത്സരം വികാരനിര്‍ഭരം; ഇതിഹാസത്തിന് തോല്‍വിയോടെ മടക്കം; കണ്ണീരടക്കാനാവാതെ നദാല്‍; എതിരാളിയെ ഓര്‍ത്ത് ഇത്രയും സങ്കടപ്പെടാന്‍ കഴിയുമെങ്കില്‍ അതാണ് സ്‌പോര്‍ട്‌സിന്റെ സൗന്ദര്യമെന്ന് വിരാട് കോലി; വീഡിയോ
Sep 24, 2022, 13:42 IST
നാഗ്പൂര്‍: (www.kvartha.com) ലേവര്‍ കപില്‍ തന്റെ അവസാന മത്സരം കളിച്ച ടെനീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പരാജയത്തോടെയാണ് കളിക്കളത്തോട് വിടപറഞ്ഞത്. ടെനിസില്‍ നിന്ന് വിരമിച്ച താരത്തിന്റെ വിടവാങ്ങല്‍ മത്സരം വികാരനിര്‍ഭരമായിരുന്നു.
ടെനീസ് കോര്‍ടില്‍ ഫെഡററുടെ ഏറ്റവും വലിയ എതിരാളിയും കോര്‍ടിന് പുറത്തെ ഏറ്റവും അടുത്ത സുഹൃത്തുമായ റാഫേല്‍ നദാലും റോജര്‍ ഫെഡററുമൊത്തുള്ള നിമിഷങ്ങള്‍ ആരാധകരുടെ ഹൃദയം തൊടുന്നതായിരുന്നു.
യൂറോപ് ടീമിന് വേണ്ടി ഇറങ്ങിയ ഫെഡററും റാഫേല്‍ നദാലും അടങ്ങുന്ന സഖ്യം ലോക ടീമിന് വേണ്ടി ഇറങ്ങിയ ജാക് സോക്- ഫ്രാന്‍സസ് ടിയെഫോ സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. മത്സരത്തിന് ശേഷം ഫെഡററിനും നദാലിനും കണ്ണീരടക്കാനായില്ല.
കളിക്കളത്തില്‍ ഫെഡററുടെ ഏറ്റവും വലിയ എതിരാളികളില്‍ ഒരാളായിരുന്നു റാഫേല്‍ നദാല്‍. എന്നാല്‍, കളത്തിന് പുറത്ത് ഇരുവരും വളരെ ഊഷ്മളമായ സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ലേവര്‍ കപിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഫെഡററിന് വികാരനിര്‍ഭരമായ ആശംസയും നദാല്‍ പങ്കുവച്ചിരുന്നു.
'കായികലോകത്തെ എക്കാലത്തെയും മനോഹര ചിത്രം' എന്നായിരുന്നു വിടവാങ്ങല്‍ മത്സരത്തിനിടെ ഫെഡററും നദാലും കണ്ണീരണിഞ്ഞ് ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് ടീം നായകന്‍ വിരാട് കോലി കുറിച്ചത്. എതിരാളിയെ ഓര്‍ത്ത് ഇത്രയും സങ്കടപ്പെടാന്‍ കഴിയുമെന്ന് നമ്മളാരെങ്കിലും കരുതിയിരുന്നോ, അതാണ് സ്‌പോര്‍ട്‌സിന്റെ സൗന്ദര്യം.
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കായിക ചിത്രമാണിത്. സുഹൃത്തുക്കള്‍ നിങ്ങളെയോര്‍ത്ത് കണ്ണീരണിയുന്നുവെങ്കില്‍ നിങ്ങളുടെ പ്രതിഭകൊണ്ട് നിങ്ങളെന്താണ് ചെയ്തതെന്ന് പറയേണ്ടതില്ലല്ലോ. ഇവരെ രണ്ടുപേരെയും ഓര്‍ത്ത് ആദരവ് അല്ലാതെ മറ്റൊന്നുമില്ലെന്നായിരുന്നു ഇരുവരുടെ ചിത്രം പങ്കുവെച്ച് കോലിയുടെ കുറിപ്പ്.
24 വര്‍ഷത്തെ കരിയറിലാകെ 1500ലധികം മത്സരങ്ങളാണ് ഫെഡറര്‍ കളിച്ചത്. 41 വയസുള്ള താരത്തെ കഴിഞ്ഞ മൂന്ന് വര്‍ഷമായി പരുക്കുകള്‍ അലോസരപ്പെടുത്തുന്നുണ്ട്. സ്വിസ് താരമായ ഫെഡറര്‍ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്‌നേഹം പിടിച്ചുപറ്റിയിരുന്നു.
ആകെ 20 കരിയര്‍ ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയിടുള്ള ഫെഡറര്‍ കളിക്കളത്തിലും പുറത്തും മാന്യതയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു. തുടര്‍ച്ചയായി 237 ആഴ്ചകള്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് റെകോര്‍ഡിട്ട ഫെഡറര്‍ യുഗത്തിന് ടെനീസില്‍ അന്ത്യം കുറിക്കുമ്പോള്‍, പുല്‍മൈതാനത്തിലെ കിരീടമണിഞ്ഞ രാജാവായിരുന്നു അദ്ദേഹമെന്ന് കായിക പ്രേമികള്‍ സ്മരിക്കും.
All the Fedal feelings.#LaverCup pic.twitter.com/WKjhcADFoe
— Laver Cup (@LaverCup) September 24, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.