സെറീന വില്യംസിന് തിരിച്ചടി; തകര്‍ന്നത് 43ാം റാങ്കുകാരി റോബര്‍ട്ടാ വിന്‍സിയുടെ മുന്നില്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 12.09.2015) ടെന്നീസില്‍ ലോക ഒന്നാംനമ്പര്‍ താരമായ സെറീനാ വില്യംസിന് തിരിച്ചടി. സെറീനയെ മുട്ടുകുത്തിച്ചത് ലോക 43ാം റാങ്കുകാരി റോബര്‍ട്ടാ വിന്‍സി. ഇതോടെ ടെന്നീസിലെ ഇരുമ്പു വനിതയെ തകര്‍ത്ത് വിന്‍സി യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സിന്റെ ഫൈനലില്‍ കടന്നിരിക്കയാണ്.

കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം മോഹവുമായിറങ്ങിയ സെറീനയെയും ടെന്നീസ് ആരാധകരെയും വിന്‍സിയുടെ വിജയം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. ആദ്യ സെറ്റ് നിഷ്പ്രയാസം സെറീന സ്വന്തമാക്കിപ്പോള്‍ വിജയം സെറീനയ്ക്ക് തന്നെയായിരിക്കുമെന്നാണ് കാണികള്‍ കണക്കുകൂട്ടിയത്. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് തുടര്‍ന്നുള്ള രണ്ട് സെറ്റുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ഇറ്റലിക്കാരി വിന്‍സി പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍:  26, 64, 64.

ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ചാമ്പ്യനും ഈ വര്‍ഷത്തെ മൂന്ന് ഗ്രാന്‍ഡ് സ്ലാമുകളും സ്വന്തമാക്കിയ സെറീനയ്ക്ക് കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം ഗ്രൗണ്ടിലുണ്ടായത്. ലോക ഒന്നും രണ്ടും റാങ്കുകാര്‍ പിന്‍നിര താരങ്ങളോട് തോല്‍ക്കുന്നതാണ് സെമിയില്‍ കാണാനായത്.

വെള്ളിയാഴ്ച നടന്ന ആദ്യ സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലെപ്പ് 26ാം സീഡ് ഇറ്റാലിയന്‍ താരം ഫ്‌ലാവിയ പെന്നേറ്റയോട് പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടം ഇറ്റാലിയന്‍ താരങ്ങള്‍ തമ്മിലാണെന്നതാണ് മറ്റൊരു പ്രത്യേകത. വിന്‍സിയുടെയും പെന്നേറ്റയുടേയും ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia