21 ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം; റെകോര്‍ഡ് സ്വന്തമാക്കി സ്പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍
Jan 30, 2022, 20:19 IST
മെല്‍ബണ്‍: (www.kvartha.com 30.01.2022) ടെന്നീസില്‍ 21 ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെകോര്‍ഡ് സ്വന്തമാക്കി സ്പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഓസ്ട്രേലിയന്‍ ഓപെണ്‍ ടെന്നീസിലാണ് നദാലിന്റെ നേട്ടം. ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവിനെ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്.
ഈ കിരീടനേട്ടത്തോടെ സമാനതകളില്ലാത്ത ചരിത്ര നേട്ടമാണ് ആറാം സീഡായ നദാല്‍ സ്വന്തം പേരില്‍ കുറിച്ചത്. റോജര്‍ ഫെഡറര്‍, നൊവാക് ജോകോവിച് എന്നിവരെ മറികടന്നാണ് 35 കാരനായ നദാല്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം പിന്നീട് മൂന്ന് സെറ്റുകള്‍ നേടിക്കൊണ്ട് നദാല്‍ മത്സരം സ്വന്തമാക്കി. സ്‌കോര്‍; 2-6, 6-7, 6-4, 6-4, 7-5
മെദ്വെദേവ് അനായാസ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും പരിചയസമ്പത്തിന്റെ കരുത്തില്‍ നദാല്‍ തിരിച്ചടിക്കുകയായിരുന്നു. മൂന്ന്, നാല്, അഞ്ച് സെറ്റുകളില്‍ നദാലിന്റെ മാരക ഫോമിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മെദ്വെദേവിന് സാധിച്ചില്ല.
നദാല്‍ നേടുന്ന രണ്ടാം ഓസ്ട്രേലിയന്‍ ഓപെണ്‍ കിരീടമാണിത്. ഇതിന് മുന്‍പ് 2009-ലാണ് താരം കിരീടത്തില്‍ മുത്തമിട്ടത്. അന്ന് സാക്ഷാല്‍ റോജര്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്.
Keywords: Rafael Nadal wins record 21st Grand Slam title with Australian Open comeback victory over Daniil Medvedev, Australian Open, Tennis, Sports, Winner, News, World, Record.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.