41 വർഷങ്ങൾക്കിപ്പുറവും സെക്കൻഡിന്റെ നൂറിലൊരംശത്തിൽ നഷ്ടപ്പെട്ട ഒളിമ്പിക് സ്വപ്നം


● ഓ.എം. നമ്പ്യാർ ആയിരുന്നു ഉഷയുടെ പരിശീലകൻ.
● മെഡൽ നഷ്ടത്തിൽ ഇന്ദിരാഗാന്ധി ഉഷയെ ആശ്വസിപ്പിച്ചു.
● പുതിയ തലമുറയ്ക്ക് ഉഷ എന്നും പ്രചോദനമാണ്.
● അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡണ്ടായും ഉഷ പ്രവർത്തിച്ചിട്ടുണ്ട്.
നവോദിത്ത് ബാബു
(KVARTHA) രാജ്യത്തെ ത്രസിപ്പിച്ച 'പയ്യോളി എക്സ്പ്രസ്' പി.ടി. ഉഷക്ക് ഒളിമ്പിക് മെഡൽ നഷ്ടമായിട്ട് ഇന്നേക്ക് 41 വർഷം. കോടിക്കണക്കിന് ഭാരതീയരുടെ പ്രതീക്ഷ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ പൊലിഞ്ഞത് 1984 ഓഗസ്റ്റ് 8-നായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അത്‌ലറ്റിക്സിൽ ആദ്യ വ്യക്തിഗത മെഡലെന്ന പി.ടി. ഉഷയുടെയും രാജ്യത്തിന്റെയും സ്വപ്നം കണ്ണീരിൽ കുതിർന്നുപോയ ആ നിമിഷം ഇന്നും ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുണ്ട്. നഷ്ടസ്വപ്‌നങ്ങൾ എപ്പോഴും നമ്മളെ വേട്ടയാടുമെങ്കിലും, പി.ടി. ഉഷയെന്ന കായികതാരത്തെ രാജ്യം എന്നും ആദരവോടെ ഓർക്കുന്നു.

കോഴിക്കോട് പയ്യോളിയിലെ വീട്ടിൽനിന്ന് കടപ്പുറത്തേക്ക് കോച്ച് ഒ.എം. നമ്പ്യാരുടെ കൈപിടിച്ച് നിത്യവും ഓടിക്കയറിയ ആ കൊച്ചു പെൺകുട്ടി അന്താരാഷ്ട്ര വേദികളിലേക്ക് കുതിച്ചെത്തിയത് ഒരു യക്ഷിക്കഥ പോലെ അവിശ്വസനീയമായിരുന്നു.
ഒ.എം. നമ്പ്യാർ എന്ന അതുല്യ കോച്ചിന്റെ ശിക്ഷണത്തിൽ പിലാവുള്ളകണ്ടി തെക്കേക്കണ്ടി ഉഷ എന്ന മെലിഞ്ഞ പെൺകുട്ടി ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ചരിത്രത്തിലേക്ക് നടന്നു കയറിയത് അത്ഭുതത്തോടെയാണ് ലോകം കണ്ടത്.
ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ ആരു ജയിച്ചെന്ന് നഗ്നനേത്രങ്ങൾകൊണ്ട് കണ്ടുപിടിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും തമ്മിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ മാത്രം വ്യത്യാസം.
ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിച്ചപ്പോൾ മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ ഇലക്ട്രോണിക് ക്ലോക്ക് സമയനിർണയം നടത്തിയപ്പോഴാണ് വിധി നിർണയിക്കപ്പെട്ടത്. റൊമാനിയക്കാരി ക്രിസ്റ്റീന കോജോകാരു 55.41 സെക്കൻഡിൽ മൂന്നാം സ്ഥാനം നേടിയപ്പോൾ, സെക്കൻഡിന്റെ നൂറിലൊരംശത്തിന് പിന്നിലായി 55.42 സെക്കൻഡിൽ പി.ടി. ഉഷ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആ നിമിഷത്തിൽ പൊലിഞ്ഞുവീണത് വർഷങ്ങളായുള്ള ഉഷയുടെ സ്വപ്നനേട്ടം മാത്രമായിരുന്നില്ല, നൂറുകോടി ജനങ്ങളുടെ പ്രതീക്ഷ കൂടിയായിരുന്നു. ഉഷയുടെ ദുഃഖം രാജ്യത്തിന്റെ ദുഃഖമായി മാറി. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം രാജ്യം അതീവ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്.
വ്യക്തിപരമായ എല്ലാ വിഷമങ്ങളും മറന്ന് ജനങ്ങൾക്കൊപ്പം നെഞ്ചുവിരിച്ചുനിന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മെഡൽ നഷ്ടത്തിന്റെ സങ്കടത്തിൽ വിഷമിച്ചിരുന്ന ഉഷയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചതും അന്ന് വാർത്തയായിരുന്നു.
പയ്യോളി എന്ന കൊച്ചു ഗ്രാമത്തിൽനിന്ന് ഇന്ത്യയുടെ 'ഗോൾഡൻ ഗേൾ' എന്നും 'പയ്യോളി എക്സ്പ്രസ്' എന്നുമെല്ലാം അറിയപ്പെട്ട പി.ടി. ഉഷ ഇന്ത്യൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ എണ്ണിയാൽ തീരാത്തതാണ്. അതിലുമെത്രയോ വലുതാണ് വരും തലമുറക്ക് അവർ നൽകിയ പ്രചോദനം. പി.ടി. ഉഷയുടെ പാത പിന്തുടർന്ന് എം.ഡി. വത്സമ്മയും ഷൈനി എബ്രഹാമും ഉൾപ്പെടെയുള്ള താരങ്ങൾ ഇന്ത്യൻ അത്‌ലറ്റിക്സിന്റെ സുവർണ്ണ കാലഘട്ടത്തിന് തിരികൊളുത്തി. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിലും ഉഷ സൃഷ്ടിച്ച പ്രകമ്പനങ്ങൾ കാലം എത്ര കഴിഞ്ഞാലും കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കും.
കായിക ജീവിതം അവസാനിപ്പിച്ച ശേഷം സ്വന്തമായി പരിശീലന പരിപാടി തുടങ്ങിയ ഉഷ, നിരവധി മികച്ച താരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. രാജ്യത്തെ കായിക മേഖലക്ക് നൽകിയ സമഗ്ര സംഭാവനകളുടെ പേരിൽ നിരവധി ബഹുമതികൾ നൽകി രാജ്യം അവരെ ആദരിച്ചു. അതിനൊരു ഉദാഹരണമാണ് ഇന്ത്യൻ പാർലമെന്റിലേക്കുള്ള നാമനിർദേശം. ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡണ്ടായും ഉഷ പ്രവർത്തിച്ചിട്ടുണ്ട്.
ഉഷയുടെ വേദനയുടെ നാൽപ്പതാം വാർഷികത്തിന് തൊട്ടടുത്ത ദിവസമാണ് രാജ്യത്തെ കായികപ്രേമികളെ വീണ്ടും വേദനയിലാഴ്ത്തിക്കൊണ്ട് വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ഉണ്ടായത് എന്നത് യാദൃച്ഛികമായിരിക്കാം.
2024-ലെ പാരീസ് ഒളിമ്പിക്സിൽ ഗുസ്തിയിൽ ഫൈനലിൽ കടന്ന വിനേഷ്, 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടപ്പോഴും 40 വർഷം മുമ്പുള്ള അതേ മാനസികാവസ്ഥയിലൂടെയാണ് രാജ്യത്തെ കായിക പ്രേമികൾ കടന്നുപോയത്.
ഓട്ടത്തിൽ എന്നും വിജയിച്ചിട്ടുള്ള ഉഷ, തന്റെ 61-ാമത്തെ വയസ്സിലും ഓട്ടം തുടരുകയാണ്. ട്രാക്കിലല്ല, ഫീൽഡിലാണെന്ന് മാത്രം. കായിക ഭരണാധികാരിയായി രാജ്യത്തിന്റെ കായിക മേഖലക്ക് കുതിച്ചുചാട്ടം നൽകാനുള്ള ഓട്ടത്തിലാണ് ഉഷ ഇപ്പോഴും.
പി.ടി. ഉഷയുടെ ഈ നേട്ടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: 41 years since PT Usha missed an Olympic medal.
#PTOosha #Olympics #IndianAthletics #PayyoliExpress #SportsHistory #Kerala