Sporting Legend | പെലെ വിടവാങ്ങിയിട്ട് 2 വർഷം; കാലത്തെ മറികടന്ന് കറുത്തമുത്തിൻ്റെ കളിയഴക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഐതിഹ്യ കഥകളിൽ ആകാശഗോളങ്ങൾ കീഴടക്കിയ ശക്തരെ പോലെ അവൻ ഫുട്ബോളിനെ കീഴടക്കി.
● കാൽപന്തുകൾ കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ വിശ്വ താരം.
● ലോകത്ത് ഫുട്ബോളിനെ കുറിച്ച് ധാരണ ഇല്ലെങ്കിലും പെലെയേ അറിയാത്തവർ ചുരുക്കം.
(KVARTHA) ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായ ഫുട്ബോൾ ലോകത്തിന്റെ കിരീടം വെക്കാത്ത രാജാവ് എന്നറിയപ്പെടുന്ന ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത കറുത്ത മുത്തെന്ന് ലോകം വിളിക്കുന്ന പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ് ഡോ നാസിമെന്റോ ഈ ലോകത്തോട് വിടവാങ്ങിയിട്ട് ഡിസംബർ 29ന് രണ്ടുവർഷം തികയുന്നു.

ഐതിഹ്യ കഥകളിൽ ആകാശഗോളങ്ങൾ കീഴടക്കിയ ശക്തരെ പോലെ അവൻ ഫുട്ബോളിനെ കീഴടക്കി. കാൽപ്പന്തിന്റെ തട്ടകത്തിൽ ഒരു കാട്ടുകുതിരയെപ്പോലെ കടിഞ്ഞാൺ ഇല്ലാതെ, വിശ്രമമില്ലാതെ അവൻ ഓടി. കാൽപന്തുകൾ കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ വിശ്വ താരം. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത പേരിന്റെ ഉടമ. ലോകത്ത് ഫുട്ബോളിനെ കുറിച്ച് ധാരണ ഇല്ലെങ്കിലും പെലെയേ അറിയാത്തവർ ചുരുക്കം.
സോഷ്യൽ മീഡിയയും വാർത്ത മാധ്യമങ്ങളും ഇന്നത്തെ സംഘടിത രൂപം കൈവരിക്കുന്നതും എത്രയോ ദശകങ്ങൾക്ക് മുമ്പ് ഒരു സ്ഥലത്ത് നടന്ന വിവരങ്ങൾ മറ്റ് സ്ഥലത്തെത്താൻ ആഴ്ചകൾ വേണ്ടുന്ന കാലഘട്ടത്തിൽ നടന്ന പെലയുടെ പടയോട്ടം കാലത്തെ അതിജീവിച്ച് എല്ലാ സ്ഥലത്തും എത്തി എന്നത് ആ ജനപ്രീതിയുടെ നേർസാക്ഷ്യമാണ്. നീഗ്രോ വംശജനായ കറുത്ത വർഗ്ഗക്കാരനായ നാസി മെന്റോയെ സമ്പന്ന വർഗത്തിലെ ആൾക്കാർ പരിഹസിക്കാൻ വേണ്ടി അഴുക്ക് എന്ന അർത്ഥം വരുന്ന പെലെ എന്ന വാക്കിൽ പരിഹസിച്ചിരുന്നു. ആ വാക്ക് ലോക ഫുട്ബോൾ ചരിത്രപുസ്തകത്തിന്റെ മറുവാക്കായി എന്നത് കാലത്തിന്റെ കാവ്യനീതിയാകാം.
ബ്രസീലിനായി തുടർച്ചയായി നാല് ലോകകപ്പുകളിൽ കളിക്കുകയും മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിക്കുകയും ചെയ്ത താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പു കളിലായിരുന്നു ഈ കിരീടങ്ങൾ. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോൾ താരവും പെലെയാണ്. പെലെ ആകെ 1284 ഗോളുകൾ 1363 കളിയിലായി നേടിയിട്ടുണ്ടെന്ന് കളിയെഴുത്തുകാർ പറയുന്നു. മഞ്ഞപ്പടയ്ക്കായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളും ഇതിൽ ഉൾപ്പെടും. മൂന്നു തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത പെലെ എസ്കേപ്പ് ടു വിക്ടറി എന്ന ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
1957 ജൂലൈ ഏഴിന് മാരക്കാനയിൽ അർജന്റീനയ്‌ക്കെതിരെ ആയിരുന്നു പെലെയുടെ ആദ്യ അന്താരാഷ്ട്ര മത്സരം. ആ മത്സരത്തിൽ, 16 വർഷവും ഒൻപത് മാസവും പ്രായമുള്ള അദ്ദേഹം ബ്രസീലിനായി തന്റെ ആദ്യ ഗോൾ നേടി, തന്റെ രാജ്യത്തിനായി ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി. ആ റെക്കോർഡ് ഇതുവരെയും ഭേദിക്കപ്പെട്ടിട്ടില്ല. പെലെ കളത്തിലിറങ്ങിയപ്പോൾ ബ്രസീൽ ടീമിന്റെ റെക്കോർഡ് 67 വിജയങ്ങളും 14 സമനിലകളും 11 തോൽവികളുമാണ്.
1958 -ലെ ലോകകപ്പിലാണ് പത്താം നമ്പർ ജഴ്‌സി ധരിക്കാൻ തുടങ്ങിയത്. 1958-ൽ ലോകകപ്പിൽ അരങ്ങേറി. കരിയറിലെ ആദ്യ മേജർ ടൂർണമെന്റായിരുന്നു അത്. കാൽമുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയിൽ ഫ്രാൻസിനെതിരേ ഹാട്രിക്ക് നേടി ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോൾ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകർത്ത് അന്ന് ബ്രസീൽ കിരീടം നേടി. നാലു മത്സരങ്ങളിൽ ആറു ഗോളുകൾ നേടിയ പെലെയെ ടൂർണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. 1970 ലോകകപ്പിൽ ഗോൾഡൻ ബോളും സ്വന്തമാക്കി.
1971 ജൂലൈ 18ന് റിയോ ഡി ജനെയ്റോയിൽ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീൽ ജേഴ്സിയിലെ അവസാന മത്സരം. 1977 ഒക്ടോബർ ഒന്നിന് ന്യൂയോർക്ക് കോസ്മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണൽ കരിയറിൽ ഈ രണ്ടു ക്ലബ്ബുകൾക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 1999 ൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കായിക താരമായി തിരഞ്ഞെടുത്ത പെലെ ബ്രസീലിൽ കായിക മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ 2022 ഡിസംബർ 29 ന് തന്റെ 82-ാമത്തെ വയസിൽ ഈ ലോകത്തോട് വിടപറഞ്ഞു.
#Pele #FootballLegend #WorldCup #Brazil #SoccerIcon #FootballHistory