8 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി ഒളിംപിക് മെഡല്‍ ലേലം ചെയ്ത് താരം; ഒടുവില്‍ തുകയോടൊപ്പം മെഡലും തിരികെ കിട്ടി!
Aug 19, 2021, 12:12 IST
വാഴ്‌സോ: (www.kvartha.com 19.08.2021) ഇക്കഴിഞ്ഞ ടോകിയോ ഒളിംപിക്‌സില്‍ വനിതാ ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടിയ പോളന്‍ഡ് താരം മരിയ ആന്ദ്രെസിക് തന്റെ മെഡല്‍ ലേലത്തില്‍ വച്ചു. 8 മാസം മാത്രം പ്രായമുള്ള മിലോസെക് മാലിസ എന്ന കുരുന്നിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് സ്വന്തം മെഡല്‍ ലേലത്തില്‍ വച്ചത്. ഒന്നേകാല്‍ ലക്ഷം ഡോളറിനാണു (ഏകദേശം 92 ലക്ഷം രൂപ) മെഡല്‍ ലേലത്തില്‍ വച്ചത്.
എന്നാല്‍ പോളന്‍ഡിലെ സൂപെര്‍ മാര്‍കെറ്റ് ചെയിനായ സാബ്ക അത്രയും തുക മുടക്കി മെഡല്‍ ലേലത്തില്‍ പിടിച്ചു. മാത്രമല്ല, കുഞ്ഞിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുകയും നല്‍കിയ സാബ്ക, മരിയയുടെ നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ട് അവര്‍ ഒരു കാര്യംകൂടി ചെയ്തു. തങ്ങള്‍ ലേലത്തില്‍ പിടിച്ച മെഡല്‍ മരിയക്ക് തന്നെ തിരിച്ചുകൊടുക്കുകയും ചെയ്തു.
'പോളന്‍ഡിലുള്ള മിലോസെക് മാലിസ എന്ന 8 മാസം പ്രായമുള്ള കുഞ്ഞിനാണ് ഹൃദയ സംബന്ധമായ ഗുരുതര പ്രശ്‌നം കാരണം അടിയന്ത ശസ്ത്രക്രിയ ആവശ്യമായി വന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ആശുപത്രികളൊന്നും തന്നെ ഈ ശസ്ത്രക്രിയയുടെ സങ്കീര്‍ണതകള്‍ കാരണം ഇത് ചെയ്യാന്‍ തയ്യാറായില്ല. ഇതോടെ അമേരികയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡികല്‍ സെന്റര്‍ മാത്രമായി മിലോസെക് മാലിസയുടെ മാതാപിതാക്കളുടെ അവസാന പ്രതീക്ഷ.
ശസ്ത്രക്രിയക്കായി 3,85000 യു എസ് ഡോളറെന്ന ഭീമമായ തുകയായിരുന്നു ചെലവ്. പണം കണ്ടെത്താനായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ഒരു ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ അവസ്ഥ ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കേ ആവശ്യമുള്ള തുകയുടെ പകുതി മാത്രമേ അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചുള്ളൂ. ഇതോടെയാണ് മരിയ ആന്ദ്രേസിക് സഹായവുമായി രംഗത്തെത്തിയത്.
64.61 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചായിരുന്നു മരിയയുടെ വെള്ളി മെഡല്‍ നേട്ടം. ചൈനയുടെ ലിയു ഷിയിങ്ങിനായിരുന്നു (66.34 മീറ്റര്‍) ഈ ഇനത്തില്‍ സ്വര്‍ണം. ഒളിംപിക്സില്‍ ഒരു മെഡല്‍ നേടാന്‍ വര്‍ഷങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും വേണം. നിരവധി ത്യാഗങ്ങള്‍ ചെയ്ത് സ്വന്തമാക്കുന്ന ഒളിംപിക് മെഡലിന്റെ മൂല്യം വിലമതിക്കാനാകാത്തതാണ്. ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള എന്തിനെക്കാള്‍ വിലപിടിപ്പുള്ളതാണ് കായിക താരങ്ങള്‍ക്ക് ഒളിംപിക് മെഡല്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.