ബംഗ്ലാദേശ് പര്യടനത്തിന് തയ്യാര്‍; പാകിസ്ഥാനിലേക്ക് പോകാന്‍ ഭയമാണെന്ന് ഒരു വിഭാഗം ന്യൂസിലന്‍ഡ് താരങ്ങള്‍

 



ഹാമില്‍ടന്‍: (www.kvartha.com 19.08.2021) ന്യൂസിലന്‍ഡ് ക്രികെറ്റ് ടീമിന്റെ ബംഗ്ലാദേശ്, പാകിസ്ഥാന്‍ പര്യടനം അനിശ്ചിതത്വത്തില്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ ഒരു വിഭാഗം ന്യൂസിലന്‍ഡ് താരങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുന്നതില്‍ ആശങ്കയറിയിച്ചു. പര്യടനങ്ങള്‍ക്കായി ന്യൂസിലന്‍ഡ് അടുത്തയാഴ്ച പുറപ്പെടാനിരിക്കെയാണ് പാകിസ്ഥാനിലേക്ക് പോകുന്നതില്‍ ഒരു വിഭാഗം താരങ്ങള്‍ ആശങ്കയറിയിച്ചത്. ബംഗ്ലാദേശ് പര്യടനത്തിന് താരങ്ങള്‍ തയാറാണെങ്കിലും അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യമായ പാകിസ്ഥാനിലേക്ക് പോകുന്നതിലാണ് ആശങ്ക.

ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) യു എ ഇയില്‍ പുനരാരംഭിക്കുന്ന സാഹച്യത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ ഉള്‍പെടെയുള്ള ഏഴു പ്രധാന താരങ്ങള്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍ പര്യടനങ്ങളില്‍ പങ്കെടുക്കുന്നില്ല. 

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ പാക് താലിബാനും കൂടുതല്‍ ശക്തി പ്രാപിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. ഇതോടെ പാകിസ്ഥാനിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുകയും ചെയ്തു. ഇതിനിടെയാണ് താരങ്ങളില്‍ ചിലര്‍ അവിടേക്കു പോകുന്നില്‍ വിമുഖത പ്രകടിപ്പിച്ചത്.

ബംഗ്ലാദേശ് പര്യടനത്തിന് തയ്യാര്‍; പാകിസ്ഥാനിലേക്ക് പോകാന്‍ ഭയമാണെന്ന് ഒരു വിഭാഗം ന്യൂസിലന്‍ഡ് താരങ്ങള്‍


സെപ്റ്റംബര്‍ ഒന്നു മുതല്‍ ധാകയില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ ഉള്‍പെടുന്ന ട്വന്റി20 പരമ്പരയ്ക്കായി ടോം ലാഥത്തിന്റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് ടീം ഓക്ലന്‍ഡില്‍നിന്ന് തിങ്കളാഴ്ചയാണ് പുറപ്പെടുന്നത്. ബംഗ്ലാദേശ് പര്യടനത്തിനുശേഷം ടീം പാകിസ്ഥാനിലേക്കു പോകുമെന്നാണ് അറിയിച്ചിരുന്നത്. 

രണ്ടു പതിറ്റാണ്ടോളം നീളുന്ന ഇടവേളയ്ക്കു ശേഷമാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ പാകിസ്ഥാനില്‍ പര്യടനത്തിന് സമ്മതിച്ചത്. അവിടെ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളും ഉള്‍പെടുന്ന പരമ്പരയാണ് ന്യൂസിലന്‍ഡ് കളിക്കേണ്ടത്. റാവല്‍പിന്‍ഡിയിലും ലഹോറിലുമായി സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ മൂന്നു വരെയാണ് മത്സരങ്ങള്‍. 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ഇന്‍ഡ്യയെ തോല്‍പ്പിച്ച് ജേതാക്കളായശേഷം വിശ്രമത്തിലായിരുന്നു ന്യൂസിലന്‍ഡ് താരങ്ങള്‍. ട്വന്റി20 ലോകകപ് മുന്‍നിര്‍ത്തി അവസാന വട്ട ഒരുക്കത്തിന്റെ ഭാഗമായാണ് ബംഗ്ലാദേശ്, പാകിസ്ഥാന്‍ പര്യടനങ്ങള്‍.

താരങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ പാകിസ്ഥാന്‍ പര്യടനത്തിനു മുന്നോടിയായി ഒരു പ്രതിനിധിയെ അയച്ച് പാകിസ്ഥാനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് ന്യൂസിലന്‍ഡ് ക്രികെറ്റ് ബോര്‍ഡിന്റെ നീക്കം.

Keywords:  News, World, International, New Zealand, Cricket, Cricket Test, Players, Bangladesh, Pakistan, Sports, New Zealand's historic tour of Pakistan in doubt after Taliban takes over Afghanistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia