Neeraj Chopra | അപ്പീലില്‍ മെഡല്‍ ലഭിച്ചില്ലെങ്കിലും വിനേഷ് ഫോഗട്ട് യഥാര്‍ഥ ചാംപ്യനെന്ന് പറയുന്നവര്‍ നാളെ ഇക്കാര്യം മറന്നുകളയരുതെന്ന് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര
പാരിസ്: (KVARTHA) ഒളിംപിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്‍ഡ്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ലോക കായിക കോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് 13ലേക്കു മാറ്റി. അപ്പീലില്‍ തീരുമാനമെടുക്കാന്‍ ഏക ആര്‍ബിട്രേറ്റര്‍ ഡോ. അനബെല്‍ ബെന്നറ്റിന് പാരിസിലെ സമയം 13ന് വൈകിട്ട് ആറുമണിവരെയാണ് (ഇന്‍ഡ്യന്‍ സമയം 13നു രാത്രി 9.30) സമയം അനുവദിച്ചിരിക്കുന്നത്.
ഭാരപരിശോധനയില്‍ 100 ഗ്രാം അധികമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ മത്സരിക്കുന്നതില്‍ നിന്ന് വിനേഷിന് അയോഗ്യത കല്‍പിക്കുകയായിരുന്നു. ഫൈനലിന് തലേദിവസം ഭാരപരിശോധനയില്‍ വിജയിച്ച ശേഷം മൂന്ന് മത്സരങ്ങള്‍ വിജയിച്ച് ഫൈനലിന് യോഗ്യത നേടിയ തനിക്ക് സംയുക്ത വെള്ളി മെഡല്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചാണ് വിനേഷ് ലോക കായിക കോടതിയെ സമീപിച്ചത്. ഒളിംപിക്‌സില്‍ ഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന യുനൈറ്റഡ് റെസ്‌ലിങ് വേള്‍ഡും രാജ്യാന്തര ഒളിംപിക് കമിറ്റിയുമാണ് കേസിലെ എതിര്‍കക്ഷികള്‍.
ഇന്‍ഡ്യന്‍ സമയം ശനിയാഴ്ച രാത്രി 9.30ന് വിധിപറയുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും കക്ഷികള്‍ക്ക് ആര്‍ബ്രിട്രേറ്റര്‍ മുന്‍പാകെ അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ ഞായറാഴ്ച കൂടി സമയം നല്‍കുകയായിരുന്നു. അതിനിടെ ഫോഗട്ടിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കയാണ് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ചോപ്ര. മെഡല്‍ ലഭിച്ചില്ലെങ്കിലും വിനേഷ് ഫോഗട്ട് യഥാര്‍ഥ ചാംപ്യനാണെന്ന് പറയുന്നവര്‍, നാളെ ഇക്കാര്യം മറന്നുകളയരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
'വിനേഷ് ഫോഗട്ടിന് മെഡല്‍ ലഭിച്ചാല്‍ വളരെ നല്ലത്. ഇങ്ങനെയൊന്നും സംഭവിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ അവരുടെ കഴുത്തില്‍ മെഡല്‍ ഉണ്ടാകുമായിരുന്നു. അവര്‍ക്ക് മെഡല്‍ ലഭിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. കാരണം അതു കഴുത്തിലണിഞ്ഞില്ലെങ്കില്‍, ഹൃദയത്തില്‍ മാത്രമായി ഒതുങ്ങിപ്പോകും.
വിനേഷ് ഫോഗട്ട് യഥാര്‍ഥ ചാംപ്യനാണെന്ന് ഇന്ന് ജനങ്ങള്‍ പറഞ്ഞേക്കാം. പക്ഷേ, അവര്‍ക്ക് മെഡല്‍ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇതെല്ലാം കാലക്രമേണ എല്ലാവരും മറക്കും. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ എനിക്കു പേടി. വിനേഷിന് മെഡല്‍ ലഭിക്കുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. മെഡല്‍ ലഭിച്ചാലും ഇല്ലെങ്കിലും ഈ രാജ്യത്തിനായി അവര്‍ ചെയ്തത് ജനങ്ങള്‍ മറക്കില്ലെന്ന് കരുതുന്നു'- എന്നും നീരജ് ചോപ്ര പറഞ്ഞു.
അതേസമയം ഒളിംപക്സില്‍ വെളളി മെഡല്‍ നേട്ടത്തിനു പിന്നാലെ ദീര്‍ഘനാളായി അലട്ടിക്കൊണ്ടിരിക്കുന്ന പരുക്കിന് ശസ്ത്രക്രിയക്ക് വിധേയനാകാനൊരുങ്ങിയിരിക്കയാണ് നീരജ് ചോപ്ര. ഹെര്‍ണിയമൂലം ദീര്‍ഘനാളായി നാഭിഭാഗത്തെ വേദന താരത്തെ അലട്ടുന്നുണ്ട്. പാരീസ് ഒളിംപിക്സില്‍ മത്സരിക്കുന്നതിനായി ശസ്ത്രക്രിയ നീട്ടിവെയ്ക്കുകയായിരുന്നു. 2022-ലെ ലോക ചാംപ്യന്‍ഷിപ്പിനിടെയാണ് പരുക്കിനെ കുറിച്ച് നീരജ് ആദ്യമായി വെളിപ്പെടുത്തുന്നത്. ശസ്ത്രക്രിയ നടത്താന്‍ മൂന്ന് മികച്ച ഡോക്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്.
പരുക്കിനെ ഭയന്നാണ് ഒളിംപിക്സില്‍ മത്സരിച്ചതെന്നും നീരജ് മെഡല്‍ നേട്ടത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നുവെങ്കിലും ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘനാളത്തെ വിശ്രമം ആവശ്യമാണെന്ന കാരണത്താല്‍ ഒളിംപിക്സ് മുന്നില്‍ കണ്ട് നീട്ടിവെയ്ക്കുകയായിരുന്നു.
ജാവലിന്‍ ഫൈനലില്‍ 89.45 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. സീസണില്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. ഫൈനലില്‍ 92.97 മീറ്റര്‍ എറിഞ്ഞ പാകിസ്താന്റെ അര്‍ശാദ് നദീം ഒളിംപിക് റെകോഡോടെ സ്വര്‍ണം നേടി.