Comeback Loss | 58 വയസിലെ ബോക്‌സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസന് തോല്‍വി; അടിയറവ് 27 കാരന്‍ ജേക്ക് പോളിന് മുന്നില്‍
● മൈക്ക് ടൈസന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം ഉണ്ടാക്കിയ കാര്യമാണ്.
● ആരാധകര്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു.
● അതുകൊണ്ടുതന്നെ രണ്ടാം വരവിലുള്ള കളി ആവേശത്തോടെയാണ് അവര്‍ നോക്കി കണ്ടത്.
യൂട്യൂബറായി തുടങ്ങി പ്രഫഷനല്‍ ബോക്‌സറായി മാറിയ താരമാണ് ജേക്ക് പോള്‍
● മൂന്നാം റൗണ്ട് മുതല്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയാണ് ജേക്ക് പോളിന്റെ മിന്നും വിജയം.
● ടൈസനുമായി നടന്നത് ആദ്യത്തെ ഹെവിവെയ്റ്റ് പോരാട്ടം
ടെക്‌സസ് (യുഎസ്എ): (KVARTHA) അമ്പത്തി എട്ടാം വയസിലുള്ള ഇതിഹാസ താരം മൈക്ക് ടൈസന്റെ തിരിച്ചുവരവ് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം ഉണ്ടാക്കിയ കാര്യമാണ്. ആരാധകര്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം വരവിലുള്ള കളി ആവേശത്തോടെയാണ് അവര്‍ നോക്കി കണ്ടത്.
എന്നാല്‍ എല്ലാവരുടേയും പ്രതീക്ഷ തെറ്റിച്ചുകൊണ്ട് തോല്‍വി വഴങ്ങിയാണ് അദ്ദേഹം കളം വിട്ടത്. യൂട്യൂബറായി തുടങ്ങി പ്രഫഷനല്‍ ബോക്‌സറായി മാറിയ 27 കാരന്‍ ജേക്ക് പോളുമായുള്ള പോരാട്ടത്തിലാണ് മുന്‍ ഹെവിവെയ്റ്റ് ചാംപ്യന്‍ മൈക്ക് ടൈസന്‍ പരാജയപ്പെട്ടത്. മത്സരത്തിന്റെ എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതി നിന്നെങ്കിലും, പ്രായത്തിന്റേതായ പരാധീനതകള്‍ പ്രകടനത്തെ ബാധിച്ചതോടെ അദ്ദേഹം തോല്‍വിക്ക് വഴങ്ങുകയായിരുന്നു. മൂന്നാം റൗണ്ട് മുതല്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയാണ് ജേക്ക് പോളിന്റെ മിന്നും വിജയം.
വിധികര്‍ത്താക്കള്‍ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്. എന്‍ എഫ് എല്‍ ടീം ഡാലസ് കൗബോയ്‌സിന്റെ ഗ്രൗണ്ടായ എടിആന്‍ഡ് ടി സ്റ്റേഡിയത്തിലായിരുന്നു ബോക്‌സിങ് ലോകം കാത്തിരുന്ന ആവേശ പോരാട്ടം. ജൂലൈ 20ന് നടക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടിവെട്ട് പോരാട്ടം, മൈക്ക് ടൈസന് ഉദരരോഗം വന്നതിനെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.
എക്കാലത്തെയും മികച്ച ഇതിഹാസ താരമാണ് ടൈസനെന്ന്, മത്സരശേഷം ജേക്ക് പോള്‍ പ്രതികരിച്ചു. ഇത് തന്റെ അവസാന മത്സരമല്ലെന്നും റിങ്ങിലേക്ക് വീണ്ടും തിരിച്ചെത്തുമെന്നുമുള്ള സൂചനകള്‍ നല്‍കിയാണ് ടൈസന്‍ മടങ്ങിയത്. അന്‍പത്തിയെട്ടുകാരന്‍ ടൈസനേക്കാള്‍ 31 വര്‍ഷം ചെറുപ്പമാണ് ജേക്ക് പോള്‍. ആറു വര്‍ഷം മുന്‍പു പ്രഫഷനല്‍ ബോക്‌സിങ്ങിലേക്കു വന്ന പോളിന്റെ ആദ്യത്തെ ഹെവിവെയ്റ്റ് മത്സരമാണിത്.
2018ല്‍ പ്രഫഷനല്‍ ബോക്‌സിങ് ആരംഭിച്ചു. ടൈസനുമായി നടന്നത് ആദ്യത്തെ ഹെവിവെയ്റ്റ് പോരാട്ടം. മുന്‍പു 11 പോരാട്ടങ്ങളില്‍ പത്തിലും ജയിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം മിക്‌സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആയിരുന്നു.
പ്രഫഷനല്‍ ബോക്‌സറാകും മുന്‍പ് യുഎസിലെ പ്രശസ്തനായ യുട്യൂബറും നടനും സമൂഹ മാധ്യമ ഇന്‍ഫ് ളുവന്‍സറുമായിരുന്നു ജേക്ക് പോള്‍. 2013 സെപ്റ്റംബറില്‍ യുട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തു തുടങ്ങിയ പോളിന് 53 ലക്ഷം ഫോളോവേഴ്‌സും 200 കോടി വ്യൂസും ലഭിച്ചിരുന്നു. ഫോബ്‌സ് സമ്പന്നരുടെ പട്ടികയില്‍ (2017, 2018, 2021, 2023), യുട്യൂബ് ക്രിയേറ്റര്‍മാരില്‍ ഏറ്റവുമധികം പണം സമ്പാദിക്കുന്നവരില്‍ ഒരാളായും വളരെ പെട്ടെന്ന് തന്നെ പോള്‍ മാറി.
2005ല്‍ ബോക്‌സിങ് റിങ്ങില്‍നിന്നു വിരമിച്ച ടൈസന്‍ നാലുവര്‍ഷം മുന്‍പാണ് അവസാനമായൊരു പ്രദര്‍ശന മത്സരത്തിനിറങ്ങിയത്. റോയ് ജോണ്‍സ് ജൂനിയറുമായി നടന്ന ആ മത്സരത്തിന് ഒപ്പം നടന്ന മറ്റൊരു പ്രദര്‍ശന മത്സരത്തില്‍ ജേക്ക് പോളും പങ്കെടുത്തിരുന്നു. ടൈസന്റെ ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍മാര്‍ പൂര്‍ണ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും, ഇത്തരമൊരു പോരാട്ടത്തിന് വേദിയാകാന്‍ യുഎസിലെ ടെക്‌സസ് ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും അംഗീകാരം നല്‍കിയിരുന്നില്ല.
മാത്രമല്ല, അന്‍പത്തിയെട്ടുകാരനായ ടൈസനും ഇരുപത്തിയേഴുകാരനായ ജേക്ക് പോളും തമ്മിലുള്ള മത്സരത്തിന് ചില ഇളവുകളും പ്രഖ്യാപിച്ചിരുന്നു. സാധാരണ 12 റൗണ്ടുകള്‍ നീളാറുള്ള ബൗട്ട് ഇത്തവണ എട്ടാക്കി ചുരുക്കി. മൂന്ന് മിനിറ്റിനു പകരം ഓരോ റൗണ്ടിന്റെയും സമയം രണ്ട് മിനിറ്റാക്കി. ഇടിയുടെ ആഘാതം കുറയ്ക്കാന്‍ കട്ടികൂടിയ ബോക്‌സിങ് ഗ്ലൗസുകളാണ് ഇരുവര്‍ക്കും നല്‍കിയത്.
#MikeTyson, #JakePaul, #BoxingComeback, #SportsNews, #HeavyweightFight, #TexasFight