ഇടംകയ്യിൽ മാന്ത്രികത ഒളിഞ്ഞിരിപ്പുണ്ടെന്ന് തെളിയിച്ച യുവരാജൻ; കാത്തിരിക്കുന്നു പുതിയ ഇന്നിങ്‌സുകൾക്കായി
Dec 12, 2021, 19:19 IST
ശ്രീജേഷ് കെ
(www.kvartha.com 12.12.2021) അയാളുടെ വരവിനായി ഗ്യാലറി മൊത്തം കാത്തിരിക്കുമായിരുന്നു, ആ ബാറ്റിൽ നിന്ന് വെടിക്കെട്ട് പ്രകടനത്തിനായി അവർ കണ്ണിമ ചിമ്മാതെ നോക്കുകയായിരുന്നു. അത്രയ്ക്കും ആവേശമായിരുന്നു ഒരു കാലത്ത് ആ അത്ഭുത പ്രതിഭ. ജേഴ്സി നമ്പർ 12, പേര് യുവരാജ്.. മുഴുവൻ പേര് യുവരാജ് സിംഗ്. ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ. ടീം ഇന്ത്യയ്ക്ക് അയാൾ എല്ലാമായിരുന്നു. ബൗളിംഗിലും ബാറ്റിംഗിലും ഫീൽഡിങ്ങിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പടനായകൻ. ഇന്ത്യൻ ജനതയുടെ മനസ്സിൽ യുവി ഒരു വികാരം ആയി മാറി. ഇന്ത്യൻ മതിലുകളിൽ അയാളുടെ പേര് ആലേഖനം ചെയ്യപ്പെട്ടു.
അക്കാലത്തെ ലോകോത്തര ഓൾ റൗണ്ടർമാരുടെ പട്ടികയിൽ അയാളുടെ പേര് കത്തിജ്വലിച്ചു. ഇന്ത്യൻ ക്രിക്കറ്റിനെ അടക്കിഭരിച്ച യുവരാജാവ്. ബൗളർമാർക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു ആ ഇടംകൈയനെ.
ബ്രെറ്റ് ലീ, ജോൺസൺ, ബ്രോഡ് തുടങ്ങിയ ലോകോത്തര ബൗളർമാരെ അദ്ദേഹം ഒരു കൂസലുമില്ലാതെ അടിച്ചു പറത്തിയിട്ടുണ്ട്. യുവിയെ ഒരു നോട്ടം കൊണ്ടുപോലും പ്രകോപിപ്പിക്കാൻ ആരായാലും ഒന്ന് ആലോചിക്കും. അതിൻറെ ചൂട് നന്നായി അറിഞ്ഞവനാണ് ഇംഗ്ലണ്ട് ടീമിലേക്ക് പിച്ചവെച്ച് തുടങ്ങിയ സ്റ്റുവർട്ട് ബ്രോഡ്. ഒരു ഓവറിലെ ആറ് പന്തും നിലംതൊടാതെ ഗ്യാലറിയിൽ എത്തിച്ചു. പിന്നീടുള്ള ആ ബൗളറുടെ കരിയർ നോക്കിയാൽ മതി, അയാൾ ഒരു മോശം ബൗളറോ ആ എറിഞ്ഞ പന്തുകൾ മോശമോ ആയിരുന്നില്ല…. പക്ഷെ യുവരാജ് അങ്ങനെയാണ്.
മുൻനിര തകർന്നപ്പോൾ ആ നാലാം നമ്പർ ബാറ്റ്സ്മാനായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. ആ പ്രതീക്ഷ മിക്കപ്പോഴും അയാൾ കാത്തിട്ടുണ്ട്. ഇന്ത്യയുടെ രണ്ട് പ്രധാന ലോകകപ്പ് നേട്ടത്തിലെ പ്രധാനി. മൈതാനത്ത് ചോര തുപ്പിയിട്ടും കളം വിടാതെ ടീമിൻറെ വിജയത്തിനുവേണ്ടി പൊരുതി നിന്നു. രാജ്യത്തിനു വേണ്ടി എന്തും സഹിക്കാൻ അയാൾ തയ്യാറായിരുന്നു. ആവനാഴിയിലെ അവസാന അസ്ത്രം എടുത്തിട്ട് പോലും അദ്ദേഹത്തെ കീഴ് പ്പെടുത്താൻ എതിരാളികൾക്കായിട്ടില്ല.
2011 ലെ വേൾഡ് കപ്പ്, വേദി ഇന്ത്യ, വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. യുവി അങ്കത്തട്ടിൽ വീരഗാഥ രചിച്ചു കൊണ്ടിരിക്കുന്ന സമയം. ക്രിക്കറ്റ് ദൈവത്തിന്റെ അവസാന വേൾഡ് കപ്പ്. ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ ആവശ്യമായി വരുമ്പോൾ ധോണിക്ക് വിശ്വസിച്ച് പന്തെൽപ്പിക്കാൻ അയാൾ ഉണ്ടായിരുന്നു. തൻറെ സ്പിൻ മാന്ത്രികതയിൽ എതിരാളികളെ അയാൾ കറക്കി വീഴ്ത്തുമായിരുന്നു. ഫൈനൽ മത്സരത്തിൽ വാങ്കഡെയുടെ മണ്ണിൽ ധോണി അടിച്ച കൂറ്റൻ സിക്സർ കാണികളെ ചുംബിക്കുമ്പോൾ, മറുവശത്ത് ആ 12-ാം നമ്പർ ജേഴ്സികാരൻ ആഹ്ലാദത്താൽ ആർപ്പു വിളിക്കുകയായിരുന്നു. യുദ്ധഭൂമിയിൽ വിജയഗാഥ രചിച്ച് പടനായകനെ പോലെ. സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിനു വേണ്ടി പോരാളികൾ നേടിക്കൊടുത്ത വിജയം.
ഇല്ല യുവി നിങ്ങൾ ഇന്ത്യൻ ജനതയുടെ മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ല. അസ്തമിക്കാത്ത സൂര്യനെപ്പോലെ കത്തി ജ്വലിക്കുകയാണ്. യുവി…. നിങ്ങൾ ഒരു വികാരമാണ്. നിങ്ങൾക്കു മേൽ ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനെയും ഞങ്ങൾ ഇത്രയും സ്നേഹിച്ചിട്ടില്ല.
സച്ചിനെ കണ്ടു വലങ്കയ്യിൽ ബാറ്റുമേന്തി നടന്ന ഒരു ജനതയെ ഇടംകയ്യിൽ മാന്ത്രികത ഒളിഞ്ഞിരിപ്പുണ്ടെന്ന് അറിയിച്ച യുവരാജൻ. സിക്സറുകളുടെ തോഴൻ. വിശേഷണങ്ങൾ ഏറെയാണ്. ക്യാൻസറിനെ അതിജീവിച്ച് തിരിച്ചു വന്നെങ്കിലും, പ്രതാപകാലത്തിലേ യുവിയെ എവിടെയോ വെച്ച് നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനു മുമ്പ് കണ്ട യുവി അല്ലായിരുന്നു പിന്നീട് .
വീണ്ടും ക്രിക്കറ്റിന്റെ അംഗതട്ടിലേക്ക് തിരിച്ചു വരുമ്പോൾ പ്രതീക്ഷയോടെ ഒരുപറ്റം ആരാധകർ കാത്തിരിപ്പുണ്ട്. നിങ്ങളുടെ ബാറ്റിംഗ് വിസ്ഫോടനത്തിനായി. ഇന്ന് ഇന്ത്യൻ ടീം നാലാം നമ്പർ കളിക്കാരനെ മാറ്റി മാറ്റി പരീക്ഷിക്കുകയാണ്. ഒരുകാലത്ത് യുവിയുടെ കൈയിൽ ഭദ്രമായിരുന്നു ആ സ്ഥാനം കാലചക്രത്തിന്റെ ചക്രവാളങ്ങൾ എത്ര കടന്നു പോയാലും നിങ്ങൾക്ക് പകരം മറ്റൊരാൾ, അത് അത്ര എളുപ്പമാവില്ല.
Keywords: National, Sports, Article, Cricket, Birthday, Memories about Yuvaraj Singh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.