തുല്യതയില്ലാതെ ലയണല്‍ മെസ്സി

 


തുല്യതയില്ലാതെ ലയണല്‍ മെസ്സി
മാഡ്രിഡ്: ഒടുവില്‍ ഫുട്‌ബോള്‍ ലോകം കാത്തിരുന്ന നിമിഷമെത്തി. ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 85 ഗോളുകളെന്ന ജര്‍മന്‍ ഇതിഹാസം ഗെര്‍ഡ് മുളളറുടെ റെക്കോര്‍ഡാണ് ഇരുപത്തഞ്ചുകാരനായ  മെസ്സിയുടെ സ്‌കോറിംഗ് മികവിന് മുന്നില്‍ ചരിത്രമായത്. നാല് പതിറ്റാണ്ട് പഴക്കമുളള റെക്കോര്‍ഡ് മറികടന്നതോടെ മെസ്സി ഫുട്‌ബോള്‍ ചരിത്രത്തിലെ സമാനതയില്ലാത്ത താരമായി മാറി.

സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് മെസ്സി റെക്കോര്‍ഡ് സ്വന്തമാക്കിയത്. 66 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 86 ഗോള്‍ നേടിയത്. ബെറ്റിസിനെതിരായ മത്സരത്തില്‍ 2-1ന് ആയിരുന്നു ബാഴ്‌സയുടെ ജയം. കളിയുടെ പതിനാറാം മിനിറ്റില്‍ തന്നെ മെസ്സി 85 ഗോളെന്ന മുള്ളറുടെ റെക്കോര്‍ഡിനൊപ്പമെത്തി. അഡ്രിയാനോയില്‍ നിന്നും ലഭിച്ച പാസ് മെസ്സി ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ഇരുപത്തിയഞ്ചാം മിനിറ്റിലാണ് മെസ്സിയുടെ ചരിത്ര ഗോള്‍ പിറക്കുന്നത് . ആന്ദ്ര ഇനിയസ്റ്റയാണ് അവസരമൊരുക്കിയത്.  ഇടങ്കാലന്‍ ഷോട്ടിലൂടെ മെസ്സി ഗോളടിച്ചപ്പോള്‍ മുളളര്‍ ചരിത്രമായി. ബാഴ്‌സതാരങ്ങളും ക്യാമ്പും ആനന്ദനൃത്തം ചവിട്ടി. ഈ വര്‍ഷം ബാഴ്‌സലോണയ്ക്കായി 74 ഗോളുകളും അര്‍ജന്റീനയ്ക്കായി 12 ഗോളുകളുമാണ് മെസ്സി നേടിയത

കഴിഞ്ഞ ലാലിഗ സീസണില്‍ മെസ്സി 50 ഗോള്‍ നേടിയിരുന്നു. ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിയും മെസ്സിക്ക് സ്വന്തമാണ്. ബാഴ്‌സലോണയ്ക്കായി 1940-50 കാലഘട്ടില്‍ സീസര്‍ റോഡ്രിഗസ് നേടിയ 232 ഗോളെന്ന റെക്കോര്‍ഡായിരുന്നു മെസ്സി തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡും മെസ്സിയുടെ പേരിലാണ്.

Key Words:  Barcelona , Lionel Messi , Goals , Calendar year , Messi ,German legend ,Gerd Mueller, La Liga ,Real Betis, Adriano, Andres Iniesta ,Cesar Rodriguez, Champions League season , Ballon d'Or, Cristiano Ronaldo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia