വെങ്കല മെഡല്‍ നേട്ടത്തിനുശേഷം ശ്രീജേഷ് ജന്മനാട്ടിലേക്ക്; നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന താരത്തെ കായികമന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും അടക്കമുള്ളവര്‍ സ്വീകരിക്കും
Aug 10, 2021, 17:04 IST
കൊച്ചി: (www.kvartha.com 10.08.2021) ടോക്യോ ഒളിംപിക്‌സില്‍ 41 വര്‍ഷത്തിനുശേഷം ഹോകിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്‍ഡ്യന്‍ ടീമിലെ ഗോള്‍ കീപര്‍ പി ആര്‍ ശ്രീജേഷ് ചൊവ്വാഴ്ച ജന്മനാട്ടില്‍ എത്തുന്നു. വൈകിട്ട് 5.15ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശ്രീജേഷിനെ കായികമന്ത്രി വി അബ്ദുറഹിമാനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടനും അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് ഘോഷയാത്രയായി ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിലേക്ക് പോകും. അതിനിടെ മെഡല്‍ നേടി അഞ്ചുദിവസമായിട്ടും പാരിതോഷികം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍കാരിനെതിരെ നാനാ ഭാഗത്തുനിന്നും വിമര്‍ശനം ഉയരുന്നുണ്ട്. സ്വീകരണ ചടങ്ങില്‍ പാരിതോഷികം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാന സര്‍കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണു ശ്രീജേഷ്.
അതേസമയം, കേരളം പാരിതോഷികം പ്രഖ്യാപിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്ന് ശ്രീജേഷ് പ്രതികരിച്ചു.
കേരളം ഒരുക്കുന്ന സ്വീകരണത്തെക്കുറിച്ച് മന്ത്രി വി അബ്ദുറഹിമാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ത് ഇങ്ങനെ;
ഒളിംപിക് മെഡല്‍ ജേതാവ് പ്രിയപ്പെട്ട പി ആര്‍ ശ്രീജേഷിനെ കേരളം ഇന്ന് വരവേല്‍ക്കുകയാണ്. സംസ്ഥാന സര്‍കാരിനെ പ്രതിനിധീകരിച്ച് ഏറെ അഭിമാനത്തോടെ ഈ ചടങ്ങില്‍ പങ്കെടുക്കുകയാണ്.
ഒരു നാടിന്റെയാകെ ആവേശവും അഭിമാനവുമായി മാറിയിരിക്കുകയാണ് ശ്രീജേഷ്. കേരളം പതിറ്റാണ്ടുകളായി കാണുന്ന സ്വപ്നമാണ് ശ്രീജേഷ് യാഥാര്‍ഥ്യമാക്കിയത്. അതുകൊണ്ട് തന്നെ പ്രിയപുത്രന് അതിഗംഭീര സ്വീകരണമാണ് നാട് കരുതിവെച്ചിരിക്കുന്നത്.
41 വര്‍ഷത്തിനു ശേഷം ഇന്‍ഡ്യന്‍ ഹോകിയ്ക്ക് ഒളിംപിക് മെഡല്‍ നേടിക്കൊടുക്കുന്നതില്‍ ശ്രീജേഷ് സുപ്രധാന പങ്കാണ് വഹിച്ചത്. അത് ഒരു ഒളിംപിക്‌സ് കാലത്തെ മാത്രം ആകസ്മികതയല്ല. പന്ത്രണ്ടാം വയസില്‍ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ചേര്‍ന്ന നാള്‍ മുതലുള്ള കഠിന പ്രയത്‌നത്തിന്റെ ഫലമാണത്. കേരളത്തിനാകെ പ്രചോദനമാണ് ഈ നേട്ടം.
വൈകീട്ട് 5 മണിക്ക് നെടുമ്പാശ്ശേരിയില്‍ ശ്രീജേഷ് വിമാനമിറങ്ങും. ഏറെ സ്‌നേഹത്തോടെ സ്വീകരിക്കാം... നെഞ്ചോടു ചേര്‍ക്കാം അതുല്യ പ്രതിഭയെ...
Keywords: Kerala State reception to Sreejesh Today, Kochi, News, Sports, Nedumbassery Airport, Compensation, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.