വനിതാ വിഭാഗം ഡിസ്‌കസ് ത്രോയില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്‍ഡ്യന്‍ താരം കമല്‍പ്രീത് കൗറിനു ഫൈനലില്‍ 6-ാം സ്ഥാനം
Aug 2, 2021, 19:12 IST
ടോക്യോ: (www.kvartha.com 02.08.2021) വനിതാ വിഭാഗം ഡിസ്‌കസ് ത്രോയില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്‍ഡ്യന്‍ താരം കമല്‍പ്രീത് കൗറിനു ഫൈനലില്‍ ആറാം സ്ഥാനത്തു (63.70) ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളു. യോഗ്യതാ റൗന്‍ഡില്‍ 64 മീറ്റര്‍ ദൂരം പിന്നിട്ടു രണ്ടാം സ്ഥാനക്കാരിയായാണ് കമല്‍പ്രീത് ഫൈനലിലെത്തിയത്. 68.98 മീറ്റര്‍ ദൂരം ഡിസ്‌ക് പായിച്ച യുഎസ്എയുടെ വലേരി ആള്‍മാനാണു സ്വര്‍ണം.
ജര്‍മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് (66.86) വെള്ളിയും ക്യൂബയുടെ യായ്‌മെ പെരേസ് വെങ്കലവും (65.72) നേടി. ആദ്യ ശ്രമത്തില്‍ തന്നെ 68.98 മീറ്റര്‍ കണ്ടെത്തിയ വലേരിയുടെ രണ്ട്, മൂന്ന് ത്രോകള്‍ ഫൗളായിരുന്നു. യോഗ്യതാ റൗന്‍ഡിലേതിനെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ മാത്രമേ കമല്‍പ്രീതിനു മെഡല്‍ സാധ്യത ഉണ്ടായിരുന്നുള്ളു.
ആദ്യ ത്രോയില്‍ 61.12 മീറ്റര്‍ ദൂരം കണ്ടെത്തിയ കമല്‍പ്രീതിന്റെ രണ്ടാമത്തെ ത്രോ ഫൗളായി. ഇതോടെ ഒമ്പതാം സ്ഥാനത്തേക്കു വീണ കമല്‍പ്രീത് പുറത്താകലിന്റെ വക്കിലെത്തിയതാണ്. 12 താരങ്ങളാണു ഫൈനലില്‍ മത്സരിക്കുന്നത്. ഓരോ താരവും മൂന്നു ത്രോകള്‍ വീതം പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തുന്ന താരങ്ങള്‍ക്കു പിന്നീടു ദൂരം മെച്ചപ്പെടുത്താന്‍ മൂന്നു അവസരങ്ങള്‍ കൂടി ലഭിക്കും.
മൂന്നാമത്തെ ത്രോയില്‍ 63.70 മീറ്റര്‍ ദൂരം കുറിച്ച കമല്‍പ്രീത് ആറാം സ്ഥാനത്തോടെ അവസാന എട്ടില്‍ ഇടം പിടിച്ചു. എന്നാല്‍ ഇതിനിടെ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നു നിര്‍ത്തിവച്ച മത്സരം പിന്നീട് അര മണിക്കൂറോളം വൈകിയാണു പുനരാരംഭിച്ചത്. മഴയെത്തുടര്‍ന്നു വഴുക്കിയ പ്രതലത്തില്‍ കമല്‍പ്രീതിന്റെ നാലാമത്തെ ത്രോയും ഫൗളായി. അഞ്ചാമത്തെ ത്രോയില്‍ 61.37 മീറ്റര്‍ കണ്ടെത്തിയ കമല്‍പ്രീതിന്റെ അവസാനത്തെ ത്രോയും ഫൗളായതോടെ ഇന്‍ഡ്യയ്ക്കു വീണ്ടും നിരാശ.
Keywords: Kamalpreet Kaur Finishes 6th In Women's Discus Final, Tokyo, Tokyo-Olympics-2021, Japan, News, Sports, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.