മുംബൈ ഇന്‍ഡ്യന്‍സിനെ 23 റണ്‍സിന് കീഴടക്കി രാജസ്താന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

 


മുംബൈ: (www.kvartha.com 02.04.2022) മുംബൈ ഇന്‍ഡ്യന്‍സിനെ 23 റണ്‍സിന് കീഴടക്കി രാജസ്താന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സീസണില്‍ രാജസ്താന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
സ്‌കോര്‍ രാജസ്ഥാന്‍: 20 ഓവറില്‍ 193-8; മുംബൈ 20 ഓവറില്‍ 170-8.

ഇഷന്‍ കിഷന്‍ തിലക് വര്‍മ സഖ്യം തകര്‍ത്തടിച്ചതോടെ കളി കൈവിട്ടെന്നു തോന്നിച്ചെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന രവിചന്ദ്രന്‍ അശ്വിന്‍ യുസ്വേന്ദ്ര ചെഹല്‍ സ്പിന്‍ സഖ്യത്തിന്റെ പ്രകടനമാണ് രാജസ്താന്റെ വിജയത്തിന് കാരണമായത്. 

മുംബൈ ഇന്‍ഡ്യന്‍സിനെ 23 റണ്‍സിന് കീഴടക്കി രാജസ്താന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്


 കാപ്റ്റന്‍ രോഹിത് ശര്‍മ (5 പന്തില്‍ ഒരു സിക്‌സ് അടക്കം 10), അന്‍മോല്‍പ്രീത് സിങ് (5 പന്തില്‍ ഒരു ഫോര്‍ അടക്കം 4) എന്നിവരുടെ വികറ്റുകള്‍ തുടക്കത്തിലേ നഷ്ടമായെങ്കിലും തിലക് വര്‍മ (33 പന്തില്‍ 3 ഫോറും 5 സിക്‌സും അടക്കം 61), ഇഷന്‍ കിഷന്‍ (43 പന്തില്‍ 5 ഫോറും ഒരു സിക്‌സും അടക്കം 54) എന്നിവരുടെ ബാറ്റിങ് മികവില്‍ മുംബൈ 14.1 ഓവറില്‍ 135-3 എന്ന സ്‌കോര്‍ വരെ എത്തിയതാണ്.

മൂന്നാം വികറ്റില്‍ വെറും 51 പന്തില്‍ കിഷന്‍ തിലക് സഖ്യം 84 റണ്‍സ് ചേര്‍ത്തു. എന്നാല്‍ തിലക് വര്‍മയെ ബോള്‍ഡാക്കിയ അശ്വിന്‍ രാജസ്താനു നിര്‍ണായക ബ്രേക് നല്‍കി. പിന്നാലെ 16-ാം ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ടിം ഡേവിഡ് (1), ഡാനിയല്‍ സാംസ് (0) എന്നിവരെ പുറത്താക്കിയ യുസ്വേന്ദ്ര ചെഹല്‍ രാജസ്ഥാനു മത്സരത്തില്‍ മേല്‍കൈയും നല്‍കി. ഹാട്രിക് പന്തില്‍ മുരുഗന്‍ അശ്വിന്റെ പ്രതിരോധം പിഴച്ചെങ്കിലും ആദ്യ സ്ലിപില്‍ കരുണ്‍ നായര്‍ കാച് വിട്ടുകളഞ്ഞതോടെ ഹാട്രിക് നഷ്ടമായത് ചെഹലിനു കടുത്ത നിരാശയായി.

കെയ്‌റന്‍ പൊള്ളാര്‍ഡ് (24 പന്തില്‍ 3 ഫോറും ഒരു സിക്‌സും അടക്കം 22) ക്രീസില്‍ നില്‍ക്കെ അവസാന രണ്ട് ഓവറില്‍ 39 റണ്‍സാണു മുംബൈയ്ക്കു വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാം ഓവറില്‍ മുംബൈ 10 റണ്‍സ് നേടി. ഇതോടെ അവസാന ഓവറില്‍ ജയത്തിനായി വേണ്ടിയിരുന്നത് 29 റണ്‍സ്. നവ്ദീപ് സെയ്‌നിയുടെ 20-ാം ഓവറില്‍ നേടാനായത് ആറു റണ്‍സ് മാത്രം.

ഇതോടെ ജയം രാജസ്താന്റെ കൈപിടിയില്‍. രാജസ്ഥാനായി യുസ്വേന്ദ്ര ചെഹല്‍ നാല് ഓവറില്‍ 26 റണ്‍സും നവ്ദീപ് സെയ്‌നി മൂന്നു ഓവറില്‍ 36 റണ്‍സ് വഴങ്ങിയും രണ്ടു വികറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട് നാല് ഓവറില്‍ 29 റണ്‍സും അശ്വിന്‍ 30 റണ്‍സും പ്രസിദ്ധ് കൃഷ്ണ 37 റണ്‍സും വഴങ്ങി ഓരോ വികെറ്റെടുത്തു.

നേരത്തെ, 2022 ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി തന്റെ പേരിലാക്കിയ ജോസ് ബട്ലറുടെ ഉജ്വല ബാറ്റിങ്ങാണ് രാജസ്താനെ തുണച്ചത്. 68 പന്തില്‍ 11 ഫോറും അഞ്ചു സിക്‌സും അടങ്ങുന്നതാണ് ബട്ലറുടെ ഇന്നിങ്‌സ്. 66 പന്തിലാണ് ബട്ലര്‍ സെഞ്ചുറി തികച്ചത്. 32-ാം പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ബട്ലര്‍ ഒരു ഘട്ടത്തിലും സ്‌കോറിങ്ങില്‍ പിന്നോക്കം പോയില്ല. മലയാളി താരം ബേസില്‍ തമ്പി എറിഞ്ഞ നാലാം ഓവറില്‍ മൂന്നു സിക്‌സും രണ്ടു ഫോറും അടക്കം 26 റണ്‍സാണ് ജോസ് ബട്ലര്‍ അടിച്ചെടുത്തത്.

ഷിമ്രോണ്‍ ഹെറ്റെമെയര്‍ (14 പന്തില്‍ 3 വീതം ഫോറും സിക്‌സും അടക്കം 35), കാപ്റ്റന്‍ സഞ്ജു സാംസണ്‍ (21 പന്തില്‍ ഒരു ഫോറും 3 സിക്‌സും അടക്കം 30) എന്നിവരാണു മറ്റു പ്രധാന സ്‌കോറര്‍മാര്‍. നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്നു വികെറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് മുംബൈ ബോളര്‍മാരില്‍ തിളങ്ങിയത്. ടെയ്മല്‍ മില്‍സ് നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നു വികറ്റും കെയ്‌റന്‍ പൊള്ളാര്‍ഡ് നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി ഒരു വികറ്റും വീഴ്ത്തി.

മൂന്നാം വികറ്റില്‍ രാജസ്താനായി ബട്ലര്‍ സഞ്ജു സാംസണ്‍ സഖ്യം 50 പന്തില്‍ 82 റണ്‍സ് ചേര്‍ത്തു. പൊള്ളാര്‍ഡിനെ കയറി അടിക്കാനുള്ള ശ്രമത്തിനിടെയാണു സഞ്ജു പുറത്തായത്. ഓപണര്‍ യശസ്വി ജെയിസ്വാളിനെ (2 പന്തില്‍1) ജസ്പ്രീത് ബുമ്രയാണു പുറത്താക്കിയത്. ആറാം ഓവറിലെ അവസാന പന്തിലാണ് ദേവ് ദത്ത് പടിക്കല്‍ (7 പന്തില്‍ 7) പുറത്തായത്. 

ടെയ്മല്‍ മില്‍സിനായിരുന്നു വികറ്റ്. സഞ്ജു പുറത്തായതിനു പിന്നാലെയെത്തിയ ഹെറ്റ്‌മെയര്‍ തലങ്ങും വിലങ്ങും ബൗന്‍ഡറികള്‍ പായിച്ച് രാജസ്ഥാന്‍ സ്‌കോര്‍ കുത്തനെ ഉയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായി വികറ്റുകള്‍ വീണതോടെ ഡെത് ഓവറുകളില്‍ രാജസ്ഥാനു പ്രതീക്ഷിച്ചയത്ര റണ്‍സ് നേടാനായില്ല.

Keywords: IPL 2022: Rajasthan Royals beat Mumbai Indians by 23 runs, Mumbai, News, IPL, Cricket, Sports, Winner, Rajasthan Royals, Mumbai Indians, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia