Olympic Medal | ഒളിമ്പിക്‌സിൽ ഇന്ത്യ എത്ര മെഡലുകൾ നേടിയിട്ടുണ്ട്? നോർമൻ പ്രിച്ചാർഡ് മുതൽ നീരജ് ചോപ്ര വരെ, ജേതാക്കൾ ഇതാ

 
indian olympic medal winners a comprehensive list
indian olympic medal winners a comprehensive list


അരങ്ങേറ്റത്തിൽ തന്നെ രണ്ട് മെഡൽ നേട്ടം ഒളിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു

ന്യൂഡെൽഹി: (KVARTHA) 1900 മുതൽ നടന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യ പങ്കെടുത്തു വരുന്നുണ്ടെങ്കിലും, മെഡൽ നേട്ടങ്ങളുടെ കാര്യത്തിൽ ഇന്ത്യ പിറകിലാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യ ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിൽ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം സ്വതന്ത്ര രാഷ്ട്രമായിട്ടാണ് ഇന്ത്യ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്.  അരങ്ങേറ്റത്തിൽ തന്നെ രണ്ട് മെഡൽ നേട്ടം ഒളിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതുവരെ 24 ഒളിമ്പിക്സുകളിലായി ഇന്ത്യ 35 മെഡലുകൾ നേടിയിട്ടുണ്ട്. ഒളിമ്പിക്സിൽ ഇന്ത്യ നേടിയ മെഡലുകൾ ഇതാ.

1900 - നോർമൻ പ്രിച്ചാർഡ് (വെള്ളി)

പാരീസിൽ 1900 നടന്ന ഒളിമ്പിക്സിൽ പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ നോർമൻ പ്രിച്ചാർഡ് വെള്ളി മെഡൽ കരസ്ഥമാക്കി. സെമി ഫൈനലിൽ രണ്ടാം സ്ഥാനം കിട്ടിയാണ് അദ്ദേഹം ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലിൽ യുഎസ്എയിൽ നിന്നുള്ള വാൾട്ടർ ട്യൂക്സ്ബറി 22.2 സെക്കൻഡിൽ ഓടി സ്വർണം നേടി. നോർമൻ പ്രിച്ചാർഡ് 22.8 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി വെള്ളി മെഡൽ നേടുകയായിരുന്നു.

1928 - ഇന്ത്യൻ ഹോക്കി ടീം (സ്വർണം)

1928 ൽ നെതർലാൻഡ്സിലെ ആംസ്റ്റർഡാമിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ ഇന്ത്യൻ ഹോക്കി ചരിത്രം രചിച്ചു. 5 മത്സരങ്ങളിൽ 29 ഗോളുകൾ നേടിയ ഇന്ത്യ ഒരു ഗോൾ പോലും വഴങ്ങാതെ ആദ്യത്തെ ഒളിമ്പിക് സ്വർണം കരസ്ഥമാക്കി. 'ഹോക്കിയുടെ മാന്ത്രികൻ' എന്നറിയപ്പെട്ടിരുന്ന ധ്യാൻ ചന്ദ് ഈ വിജയത്തിന്റെ പ്രധാന ശക്തിയായി. ഫൈനലിൽ നെതർലാൻഡ്സിനെതിരെ ഹാട്രിക്ക് നേടിയ അദ്ദേഹം മൊത്തം ടൂർണമെന്റിൽ 14 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. ഇന്ത്യയുടെ ഒളിമ്പിക്  ചരിത്രത്തിലെ ആദ്യത്തെ മെഡൽ കൂടിയായിരുന്നു ഈ സ്വർണം.

1932 - ഇന്ത്യൻ ഹോക്കി ടീം (സ്വർണം)

1932 ലെ ലോസ് ആഞ്ചിലസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ആധിപത്യം തുടർന്നു. മത്സരങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും ഇന്ത്യ കരുത്തു തെളിയിച്ചു. ആദ്യ മത്സരത്തിൽ ജപ്പാനെ 11-1 ന് തകർത്ത ഇന്ത്യ, രണ്ടാം മത്സരത്തിൽ യുഎസ്എയെ എതിരില്ലാത്ത 24-1 ന്റെ ഭീമാകാരമായ വിജയം നേടി. ഈ വിജയത്തിൽ
ധ്യാൻ ചന്ദിന്റെ ഇളയ സഹോദരൻ രൂപ് സിംഗ് 10 ഗോളും, ധ്യാൻ ചന്ദ് എട്ട് ഗോളും നേടി. തകർപ്പൻ മുന്നേറ്റം  ഇന്ത്യയെ തുടർച്ചയായ രണ്ടാം ഒളിമ്പിക് സ്വർണത്തിലേക്ക് നയിച്ചു.

1936 - ഇന്ത്യൻ ഹോക്കി ടീം (സ്വർണം)

1936 ൽ ജർമ്മനിയിലെ ബെർലിനിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ ക്യാപ്റ്റൻ ധ്യാൻ ചന്ദിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹോക്കി ചരിത്രം സൃഷ്ടിച്ചു. മൂന്നാമത്തെ തവണയും ഒളിമ്പിക് സ്വർണം നേടിയ ടീം ഇത്തവണയും ഹോക്കി ലോകം കീഴടക്കി. 5 മത്സരങ്ങളിൽ ഇന്ത്യ 38 ഗോളുകൾ നേടി, ഫൈനലിൽ ജർമ്മനിക്കെതിരെ വഴങ്ങിയത് വെറും 1 ഗോൾ മാത്രം. പ്രകടനത്തിൽ നിർണായക പങ്ക് വഹിച്ചത് ധ്യാൻ ചന്ദ് തന്നെ. ഒളിമ്പിക് ഫൈനലിൽ രണ്ടാമത്തെ തവണയും ഹാട്രിക്ക് നേടിയ അദ്ദേഹത്തിന്റെ മികവ് ഇന്ത്യയെ 8-1 ന്റെ വിജയത്തിലേക്ക് നയിച്ചു.

1948 - ഇന്ത്യൻ ഹോക്കി ടീം (സ്വർണം)

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വർണം 1948 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഹോക്കിയിൽ നിന്നാണ് ലഭിച്ചത്. മൂന്ന് മത്സരങ്ങളിൽ 19 ഗോൾ നേടിയ ഇന്ത്യ സെമിഫൈനലിലേക്ക് കുതിച്ചു. സെമിഫൈനലിൽ നെതർലാൻഡ്സിനെ 2-1 ന് തോൽപ്പിച്ചു. ഫൈനലിൽ ആതിഥേയരായ ബ്രിട്ടനെ 4-0 ന് തോൽപ്പിച്ച് ഇന്ത്യ നാലാമത്തെ ഒളിമ്പിക് സ്വർണം കരസ്ഥമാക്കി. ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് ബൽബീർ സിംഗ് സീനിയർ ആയിരുന്നു, അദ്ദേഹം ഫൈനലിൽ രണ്ട് ഗോൾ നേടി. 

1952 - ഇന്ത്യൻ ഹോക്കി ടീം (സ്വർണം)

ഹെൽസിങ്കിയിൽ 1952 ൽ ഇന്ത്യൻ ഹോക്കി ടീം അവിശ്വസനീയമായ നേട്ടം കൈവരിച്ചു - തുടർച്ചയായ അഞ്ചാമത്തെ ഒളിമ്പിക് സ്വർണം! മൂന്ന് മത്സരങ്ങളിൽ ബൽബീർ സിംഗ് സീനിയർ ഒൻപത് ഗോളുകൾ നേടി, അതിൽ ഫൈനലിൽ നെതർലാൻഡിനെതിരെ അഞ്ച് ഗോളുകൾ ഉൾപ്പെടുന്നു. ഇത് ഒളിമ്പിക് പുരുഷ ഹോക്കി ഫൈനലിൽ ഒരു വ്യക്തി നേടിയ ഏറ്റവും കൂടുതൽ ഗോളുകളുടെ റെക്കോഡാണ്.
ഈ അവിസ്മരണീയ വിജയത്തിന് പിന്നിൽ ഇന്ത്യൻ ടീമിന്റെ കഠിനാധ്വാനവും ഒത്തൊരുമയും ആയിരുന്നു. കൊടുംതണുപ്പിലും വിചിത്രമായ വെളിച്ചത്തിലും അവർ തകർപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു.

1952 - കെ ഡി ജാധവ് - (വെങ്കലം)

1952 ൽ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കേശവ ദാദാസാഹേബ ജാധവ് (കെ ഡി ജാധവ്) ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക് മെഡൽ ജേതാവായി. കഠിനാധ്വാനിയായ ഗുസ്തിക്കാരനായ ജാധവിന് ഒളിമ്പിക് യാത്രയ്ക്കുള്ള പണം കണ്ടെത്താൻ ഏറെ പാടുപെട്ടിരുന്നു. സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം നിരന്തരം പരിശ്രമിച്ചു.  ഒടുവിൽ ലോകവേദിയിൽ തന്റെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിച്ചു. ഫ്രീസ്റ്റൈൽ ബാന്റം വെയ്റ്റ് വിഭാഗത്തിൽ മൂന്നാം സ്ഥാനം കിട്ടിയ ജാധവ് ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിൽ തന്റെ പേര് അടയാളപ്പെടുത്തി.

1956 - ഇന്ത്യൻ ഹോക്കി ടീം (സ്വർണം)

1956ൽ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ചരിത്രം തന്നെ മറികടന്നു! ഇതോടെ ആറാമത്തെ ഒളിമ്പിക് സ്വർണം ഇന്ത്യ കരസ്ഥമാക്കി. മുഴുവൻ ടൂർണമെന്റിലും ഇന്ത്യ ഒരു ഗോൾ പോലും വഴങ്ങിയില്ല.
ഫൈനലിൽ അയൽക്കാരായ പാകിസ്താനെ 1-0 ന് തോൽപ്പിച്ച് സ്വർണം നേടി. ടീം നായകനായ ബൽബീർ സിംഗ് സീനിയർ വലംകയ്യ് ഒടിഞ്ഞ നിലയിലാണ് ഫൈനൽ കളിച്ചത്! കഠിനാധ്വാനം, നിശ്ചയദൃഢത ഇവയുടെയെല്ലാം സംഗമമായിരുന്നു ഈ അവിസ്മരണീയ വിജയം.

1960  - ഇന്ത്യൻ ഹോക്കി ടീം (വെള്ളി)

1960 റോമിൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ അതുല്യമായ ഹോക്കി സ്വർണ നേട്ടങ്ങൾക്ക് വിരാമം കുറിച്ചു. ഫൈനലിൽ പാകിസ്താനോട് 1-0 ന് തോറ്റ ഇന്ത്യൻ ടീം വെള്ളി മെഡൽ കരസ്ഥമാക്കി.

1964 - ഇന്ത്യൻ ഹോക്കി ടീം (സ്വർണം)

റോമിലെ നിരാശയ്ക്ക് ശേഷം 1964ൽ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി വീണ്ടും കരുത്തു തെളിയിച്ചു. സ്വർണം നേടിയ ടീം ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ മറക്കാനാകാത്ത അധ്യായം കുറിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ നാല് മത്സരങ്ങൾ ജയിക്കുകയും രണ്ടിൽ സമനില വരിക്കുകയും ചെയ്തു. സെമിഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചു. ഫൈനലിൽ തുടർച്ച മൂന്നാം തവണയും പാകിസ്താനെയായിരുന്നു എതിരാളികൾ. പെനാൽറ്റി സ്ട്രോക്ക് ഗോളിലൂടെ ഇന്ത്യ പാകിസ്താനെ 1-0 ന് തോൽപ്പിച്ച് സ്വർണം സ്വന്തമാക്കി.

1968 - ഇന്ത്യൻ ഹോക്കി ടീം (വെങ്കലം)

മെക്സിക്കോയിൽ 1968 ൽ നടന്ന ഒളിമ്പിക്സിൽ ഹോക്കി ചരിത്രത്തിൽ ഒരു വഴിത്തിരിവ് ഉണ്ടായി. ഹോക്കി കളി യൂറോപ്പിൽ കൂടുതൽ പ്രചാരം നേടുന്നതോടൊപ്പം, ഇന്ത്യൻ ഹോക്കി ടീമിന്റെ ആധിപത്യം പതിയെ കുറയുകയായിരുന്നു. 1968 ലെ വെങ്കല മെഡൽ ഇതിന്റെ ഒരു സൂചനയായിരുന്നു. മെക്സിക്കോ, സ്പെയിൻ എന്നീ ടീമുകളെ തോൽപ്പിച്ച ഇന്ത്യ, ജപ്പാനെതിരായ മത്സരത്തിൽ വാക്കോവർ നേടി. എന്നാൽ സെമിഫൈനലിൽ ഓസ്ട്രേലിയയോട് 2-1 ന് പരാജയം ഏറ്റുവാങ്ങി. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ വെസ്റ്റ് ജർമ്മനിയെ 2-1 ന് തോൽപ്പിച്ച് വെങ്കല മെഡൽ നേടി. ഇത് ഫൈനലിൽ എത്താതെ ഇന്ത്യ നേടിയ ആദ്യത്തെ ഒളിമ്പിക് മെഡൽ കൂടിയായിരുന്നു.

1972 - ഇന്ത്യൻ ഹോക്കി ടീം (വെങ്കലം)

മ്യൂണിക്കിൽ 1972 ൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം തുടർച്ചയായ രണ്ടാം തവണയും വെങ്കല മെഡൽ നേടി. സെമി ഫൈനലിലെത്തുന്നതിനുമുമ്പ് നാല് മത്സരങ്ങൾ ജയിക്കുകയും രണ്ടിൽ സമനില വരിക്കുകയും ചെയ്തു. എന്നാൽ, മത്സരങ്ങൾക്കിടയിൽ ഇസ്രയേലി ടീമിനെതിരെ നടന്ന ആക്രമണം കാരണം പാകിസ്താനെതിരായ ഇന്ത്യയുടെ സെമിഫൈനൽ മത്സരം രണ്ട് ദിവസം മുന്നോട്ടായി. ഈ അപ്രതീക്ഷിത മാറ്റം ഇന്ത്യൻ ടീമിന്റെ താളം തെറ്റിച്ചു. പാകിസ്താനോട് 2-0 ന് പരാജയം ഏറ്റുവാങ്ങി. എങ്കിലും നിരാശയിൽ നിന്ന് കരകയറിയ ടീം നെതർലാൻഡ്സിനെ 2-1 ന് തോൽപ്പിച്ച് വെങ്കല മെഡൽ സ്വന്തമാക്കി.

1980 - ഇന്ത്യൻ ഹോക്കി ടീം (സ്വർണം)

1976ലെ ഏഴാം സ്ഥാനം എന്ന ഇതുവരെയുള്ള ഏറ്റവും മോശം പ്രകടനത്തിന് ശേഷം 1980ൽ മോസ്‌കോയിൽ ഇന്ത്യൻ ടീം ശക്തമായി തിരിച്ചുവന്നു. മത്സരങ്ങളുടെ എണ്ണം കുറവായിരുന്ന ആ ഒളിമ്പിക്സിൽ, ഇന്ത്യ പ്രാഥമിക റൗണ്ടിൽ മൂന്ന് വിജയങ്ങളും രണ്ട് സമനിലകളും നേടി. ഫൈനലിൽ സ്പെയിനിനെ 4-3 ന് തോൽപ്പിച്ച് സ്വർണം നേടി. ഇതാണ് ഇന്ത്യ ഒളിമ്പിക്സിൽ നേടിയ അവസാന ഹോക്കി സ്വർണം.

1996 - ലിയാണ്ടർ പേസ് (വെങ്കലം)

1996 ൽ അറ്റ്ലാന്റയിൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ വരൾച്ചയ്ക്ക് അവസാനമായി. ടെന്നീസ് താരം, ലിയാണ്ടർ പേസ്, മൂന്ന് ഒളിമ്പിക്സുകളുടെ നിരാശയ്ക്ക് ശേഷം ഇന്ത്യയെ വീണ്ടും മെഡൽ പട്ടികയിൽ എത്തിച്ചു. സെമിഫൈനലിൽ ആൻഡ്രേ അഗാസിക്ക് എതിരെ തോറ്റ ശേഷം, ലിയാണ്ടർ പേസ് വെങ്കല മെഡൽ മത്സരത്തിൽ ഫെർണാണ്ടോ മെലിഗാനിയെ തോൽപ്പിച്ചു. ഈ വിജയം ഇന്ത്യൻ ടെന്നിസിന്റെ ചരിത്രത്തിലെ ഒരു മറക്കാനാകാത്ത നിമിഷമായിരുന്നു.

2000 - കർണം മല്ലേശ്വരി (വെങ്കലം)

സിഡ്‌നിയിൽ 2000 ൽ നടന്ന ഒളിമ്പിക്‌സിൽ ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരി വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. 54 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അവർ ഇന്ത്യയിൽ നിന്നും ഒളിമ്പിക് മെഡൽ നേടുന്ന ആദ്യത്തെ വനിത കായികതാരം കൂടിയാണ്.

2004 - രാജ്യവർധൻ സിങ് റാത്തോഡ് (വെള്ളി)

ഇന്ത്യയ്ക്കായി ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ ഷൂട്ടർ എന്ന റെക്കോർഡ് കരസേനാ താരം രാജ്യവർധൻ സിങ് റാത്തോഡിനാണ്. 2004ൽ ആഥൻസിൽ നടന്ന ഒളിമ്പിക്‌സിലാണ് ഈ നേട്ടം. യുഎഇയുടെ ഷെയ്ഖ് അഹമ്മദ് അൽമക്തൂം ആണ് സ്വർണം നേടിയത്.

2008 - അഭിനവ് ബിന്ദ്ര (സ്വർണം)

2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര സ്വർണം നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിലായിരുന്നു നേട്ടം. ഫൈനലിലെ അവസാന ഷോട്ടിൽ 10.8 എന്ന അപാര സ്കോർ നേടിയ അദ്ദേഹം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ മെഡൽ നേടിക്കൊടുത്തു.

2008 - വിജേന്ദർ സിംഗ് (വെങ്കലം)

2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ ഇന്ത്യയുടെ കായിക ചരിത്രത്തിൽ ഇടം നേടിയ മറ്റൊരു മികച്ച നേട്ടമായിരുന്നു വിജേന്ദർ സിംഗിന്റെ വെങ്കല മെഡൽ. ബോക്സിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ നേടിയ താരമാണ് വിജേന്ദർ സിംഗ്. ഹരിയാനയിൽ നിന്നുമുള്ള ഈ കരുത്തൻക്വാർട്ടർ ഫൈനലിൽ ഇക്വഡോറിന്റെ കാർലോസ് ഗൊങ്കോറയെ 9-4 ന് തോൽപ്പിച്ച് വെങ്കല മെഡൽ ഉറപ്പാക്കി. സെമി ഫൈനലിൽ ക്യൂബയുടെ എമിലിയോ കൊറിയയോട് 5-8 ന് തോറ്റെങ്കിലും ഇന്ത്യൻ ബോക്സിംഗ് ചരിത്രത്തിൽ വിജേന്ദർ സിംഗിന്റെ നേട്ടം വളരെ പ്രധാനപ്പെട്ടതായിരുന്നു.

2008 - സുശീൽ കുമാർ (വെങ്കലം)

2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ മഴയിൽ മറ്റൊരു മികവ് കാഴ്ചവച്ചത് മല്ലൻ സുശീൽ കുമാർ ആയിരുന്നു. 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ നേടിയ അദ്ദേഹം  ഇന്ത്യയുടെ 56 വർഷത്തെ ഗുസ്തി ഒളിമ്പിക് മെഡൽ വരൾച്ചയ്ക്ക് വിരാമം ഇട്ടു.

2012 - ഗഗൻ നാരായണൻ (വെങ്കലം)

2012 ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടങ്ങളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ഗഗൻ നാരായണന്റെ വെങ്കല മെഡൽ. 10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിലാണ് മെഡൽ സ്വന്തമാക്കിയത്. ചൈനയുടെ വാങ് താവോയെയും ഇറ്റലിയുടെ നിക്കോളോ കാംപ്രിയയെയും നേരിട്ട് ഗഗൻ നാരായണൻ മത്സരത്തിൽ മൂന്നാം സ്ഥാനം കൈവശപ്പെടുത്തി.

2012 - സുശീൽ കുമാർ (വെള്ളി)

ലണ്ടൻ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ച സുശീൽ കുമാർ ആ വർഷത്തെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായിരുന്നു. കടുത്ത ശാരീരിക അസ്വസ്ഥതകളെ മറികടന്ന് അദ്ദേഹം ഫൈനലിലേക്ക് കുതിച്ചു. ഫൈനലിൽ ജപ്പാന്റെ ടാറ്റ്സുഹിരോ യോണെമിത്സുവിനോട് പരാജയപ്പെട്ട സുശീൽ കുമാർ വെള്ളി മെഡൽ നേടി. ഇതോടെ ഇന്ത്യയിൽ നിന്ന് ഒന്നിലധികം വ്യക്തിഗത ഒളിമ്പിക് മെഡലുകൾ നേടുന്ന ആദ്യത്തെ കായികതാരമായി അദ്ദേഹം മാറി.

2012 - വിജയ് കുമാർ (വെള്ളി)

ഇതേ ഒളിമ്പിക്സിൽ ഷൂട്ടിംഗ് താരം വിജയ് കുമാർ വെള്ളി മെഡൽ നേടി. അധികം  അറിയപ്പെടാതിരുന്ന വിജയ് കുമാർ 25 മീറ്റർ റാപ്പിഡ് പിസ്റ്റിൽ വിഭാഗത്തിലാണ് മെഡൽ കരസ്ഥമാക്കി  ചരിത്രത്തിൽ ഇടം നേടിയത്. 

2012 - മേരി കോം (വെങ്കലം)

2012 ലെ ലണ്ടനിലെ തൻ്റെ കന്നി ഒളിമ്പിക്‌സിന് മുമ്പ് തന്നെ ഒരു ഇതിഹാസമായിരുന്ന മേരി കോം, വനിതകളുടെ ഫ്ലൈവെയ്റ്റ് ബോക്സിംഗ് വിഭാഗത്തിൽ വെങ്കലം നേടി പ്രതിഭ തെളിയിച്ചു. 

2012 - യോഗേഷ്വർ ദത്ത് (വെങ്കലം)

ലണ്ടനിൽ 60 കിലോ ഫ്രീസ്റ്റൈൽ മത്സരത്തിൽ വെങ്കല മെഡൽ നേടിയ യോഗേഷ്വർ ദത്തിന്റെ വിജയം ശ്രദ്ധേയമായിരുന്നു. മൂന്ന് ഒളിമ്പിക്സുകളിൽ മത്സരിച്ച പരിചയ സമ്പന്നനായ മല്ലനായ അദ്ദേഹം, ബാല്യകാല സ്വപ്നം നേടിയെടുത്ത മധുര നിമിഷമായിരുന്നു ഇത്.  വെറും 1:02 മിനിറ്റിൽ നോർത്ത് കൊറിയയുടെ റി ജോങ് മ്യോങ്ങിനെ തോൽപ്പിച്ച് മെഡൽ നേടിയത് അവിസ്മരണീയമായ നേട്ടമായിരുന്നു.

2012 - സൈന നെഹ്‌വാൾ (വെങ്കലം)

സൈന നെഹ്‌വാൾ 2012 ലണ്ടൻ ഒളിമ്പിക്സിൽ വനിതാ സിംഗിൾസ് ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയത് ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 

2016 - പി.വി. സിന്ധു (വെള്ളി)

സൈനയുടെ വെങ്കല മെഡലിന്‌ ശേഷം പി.വി സിന്ധു 2016ൽ റിയോ ഒളിമ്പിക്‌സിൽ ഒരു പടി കൂടെ കയറി വനിതാ സിംഗിൾസ് ഫൈനലിൽ എത്തി. സ്‌പെയിനിന്റെ കരോലിന മറീനെയാണ് ഫൈനലിൽ എതിരിട്ടത്. 83 മിനിറ്റ് നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിൽ സ്വർണം നഷ്ടമായിട്ടും വെള്ളി മെഡൽ നേടിയാണ് സിന്ധു ചരിത്രം രചിച്ചത്.

2016 - സാക്ഷി മാലിക് (വെങ്കലം)

സാക്ഷി മാലിക്, റിയോ ഒളിമ്പിക്‌സിൽ വനിതാ 58 കിലോ ഗുസ്തിയിൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ ഒളിമ്പിക് സംഘത്തിലേക്ക് അവസാന നിമിഷം ഉൾപ്പെടുത്തിയതായിരുന്നു സാക്ഷി. എന്നാൽ കിർഗിസ്ഥാന്റെ  ഐസുലു ടൈനെബെക്കോവയെ 8-5 ന് തോൽപ്പിച്ച് വെങ്കല മെഡൽ സ്വന്തമാക്കി. മൂന്ന് ഒളിമ്പിക്‌സുകളിൽ തുടർച്ചയായി ഗുസ്തിയിൽ മെഡൽ നേടുന്ന രാജ്യം എന്ന നേട്ടവും  ഇതോടെ ഇന്ത്യ സ്വന്തമാക്കി.

2020 - മീരാഭായി ചാനു (വെള്ളി)

മികച്ച ഭാരോദ്വഹന കായികതാരമായ മീരാഭായി ചാനു 2020 ൽ ടോക്കിയോയിൽ വനിതാ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഉയർത്തി വെള്ളി മെഡൽ നേടി. കർണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് മീരാഭായി. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലും ഇതുതന്നെയായിരുന്നു.

2020 - ലവ്‍ലിന ബോർഗോഹെയ്ൻ  (വെങ്കലം)

ലവ്‍ലിന ബോർഗോഹെയ്ൻ ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. വനിതാ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ (64-69 കിലോഗ്രാം) ആയിരുന്നു മെഡൽ നേട്ടം. ഒന്നാം നമ്പർ സീഡ് ബസേനാസ് സുർമെനെലിയോട് സെമി ഫൈനലിൽ പരാജയപ്പെട്ടെങ്കിലും, ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്‌പേയുടെ ചിൻ ചെന്നിനെ തോൽപ്പിച്ച് മെഡൽ ഉറപ്പിച്ചു. 

2020 - പി.വി. സിന്ധു  (വെങ്കലം)

പി.വി. സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിൽ നിന്നും രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ നേടുന്ന ആദ്യത്തെ വനിതാ കായികതാരവും, സുശീൽ കുമാറിന് ശേഷം ഇത് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ കായികതാരവുമാണ് സിന്ധു. വനിതാ സിംഗിൾസ് മത്സരത്തിൽ ചൈനയുടെ ഹെ ബിംഗ് ജിയാവോയെ 21-13, 21-15 ന് തോൽപ്പിച്ചാണ് സിന്ധു വെങ്കല മെഡൽ സ്വന്തമാക്കിയത്. 

2020 - രവി കുമാർ ദഹിയ  (വെള്ളി)

രവി കുമാർ ദഹിയ ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ (57 കിലോഗ്രാം) വെള്ളി മെഡൽ നേടി. ഫൈനലിൽ രണ്ടുതവണ ലോകചാമ്പ്യനായ റഷ്യയുടെ സാവൂർ ഉഗുവേവിനോട് പരാജയപ്പെട്ടു.  സെമിഫൈനലിൽ കസാഖിസ്ഥാന്റെ നൂരിസ്ലാം സനായേവിനെ തോൽപ്പിച്ച് രവി ഒളിമ്പിക് മെഡൽ ഉറപ്പിച്ചു. 

2020 - ഇന്ത്യൻ പുരുഷ ഹോക്കി ടീം (വെങ്കലം)

ടോക്കിയോയിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ നേടി. 1980 മോസ്കോ ഒളിമ്പിക്സിൽ നേടിയ സ്വർണത്തിന് ശേഷം 41 വർഷത്തെ ഇടവേളയാണ് ഇതിലൂടെ അവസാനിച്ചത്. മത്സരത്തിനിടെ ഒരു സമയം 3-1 ന് പിന്നിലായിരുന്നെങ്കിലും ഇന്ത്യ മികച്ച തിരിച്ചുവരവ് നടത്തി ജർമ്മനിയെ 5-4 ന് തോൽപ്പിച്ച് വെങ്കലം സ്വന്തമാക്കുകയായിരുന്നു. ഇത് ഇന്ത്യൻ ഹോക്കി ടീമിന്റെ മൂന്നാമത്തെ ഒളിമ്പിക് വെങ്കല മെഡലും ആകെ 12-ാമത്തെ ഒളിമ്പിക് മെഡലുമാണ്.

2020 - ബജ്‌രംഗ് പൂനിയ (വെങ്കലം)

ബജ്‌രംഗ് പൂനിയ ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി. പുരുഷ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോഗ്രാം വിഭാഗത്തിന്റെ പ്ലേഓഫിൽ കസാഖിസ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവിനെ തോൽപ്പിച്ചാണ് ബജ്‌രംഗ് മെഡൽ സ്വന്തമാക്കിയത്. 

2020 - നീരജ് ചോപ്ര (സ്വർണം)

നീരജ് ചോപ്ര, ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോയിൽ സ്വർണം നേടി ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റി എഴുതിയ കായികതാരമാണ് അദ്ദേഹം. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വ്യക്തിഗത ഒളിമ്പിക് സ്വർണ മെഡലിസ്റ്റാണ് നീരജ്. ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗത്തിൽ ഇന്ത്യയുടെ  ആദ്യ ഒളിമ്പിക് മെഡലും കൂടിയാണിത്. 87.58 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. ടോക്കിയോയിൽ ഇന്ത്യ നേടിയ ഏഴാമത്തെ മെഡലും ഇതായിരുന്നു - ഒരൊറ്റ ഒളിമ്പിക്സിൽ ഇതുവരെ ഇന്ത്യ നേടിയ ഏറ്റവും മികച്ച പ്രകടനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia