'ഇത് എന്റെ അവസാന സീസണ്‍': വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഇന്‍ഡ്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നിസ് താരം സാനിയ മിര്‍സ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിഡ്‌നി: (www.kvartha.com 19.01.2022) 'ഇത് എന്റെ അവസാന സീസണ്‍', വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഇന്‍ഡ്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നിസ് താരം സാനിയ മിര്‍സ. ഓസ്‌ട്രേലിയന്‍ ഓപെണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗന്‍ഡില്‍ തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് സാനിയ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 

'ഇത് എന്റെ അവസാന സീസണ്‍': വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഇന്‍ഡ്യ കണ്ട ഏറ്റവും മികച്ച വനിതാ ടെന്നിസ് താരം സാനിയ മിര്‍സ

പെട്ടെന്നുള്ള തീരുമാനമല്ലെന്നും പിന്നില്‍ മറ്റു കാരണങ്ങളുണ്ടെന്നും 35 കാരിയായ സാനിയ പറയുന്നു. ഓസ്‌ട്രേലിയന്‍ ഓപെണില്‍ ഇനി മിക്‌സഡ് ഡബിള്‍സില്‍ രാജീവ് റാമിനൊപ്പം സാനിയ മത്സരിക്കുന്നുണ്ട്.

ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാന്‍ മിര്‍സ 'ഇ എസ് പി എന്നി'നോട് സ്ഥിരീകരിച്ചു.


സാനിയയുടെ വിരമിക്കല്‍ പ്രഖ്യാപനം ഇങ്ങനെ:

'ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസണ്‍ മുഴുവന്‍ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം' മത്സരശേഷം സാനിയ വ്യക്തമാക്കി.

'ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍ ചില കാരണങ്ങളുണ്ട്. ഇനി കളിക്കുന്നില്ലെന്ന് ഒറ്റയടിക്ക് തീരുമാനിച്ചതല്ല. പരിക്കേറ്റാല്‍ ഭേദമാകാന്‍ ഇപ്പോള്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്. മാത്രമല്ല, മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഒട്ടേറെ യാത്ര ചെയ്യുമ്പോള്‍ മൂന്നു വയസ്സുള്ള മകനെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണത്.

അത് ഗൗനിക്കാതിരിക്കാനാകില്ല. എന്റെ ശരീരവും പഴയതുപോലെയല്ല. ഇന്ന് കളിക്കുമ്പോള്‍ത്തന്നെ മുട്ടിനു നല്ല വേദനയുണ്ടായിരുന്നു. ഇന്ന് തോറ്റതിനു കാരണം അതാണെന്നല്ല പറയുന്നത്. പക്ഷേ, പ്രായം കൂടുന്തോറും പരിക്കു ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ട്' സാനിയ പറഞ്ഞു.

സിംഗിള്‍സില്‍ നിന്ന് സാനിയ 2013ല്‍ തന്നെ വിരമിച്ചിരുന്നു. 2003ല്‍ സീനിയര്‍ വിഭാഗത്തില്‍ അരങ്ങേറിയ സാനിയ 10 വര്‍ഷത്തോളം നീണ്ട സിംഗിള്‍സ് കരിയറില്‍ മാര്‍ടിന ഹിന്‍ജിസ്, വിക്ടോറിയ അസാരങ്ക, സ്വെറ്റ്ലാന കുസ്‌നെറ്റ് സോവ, ദിനാര സഫീന തുടങ്ങിയ വമ്പന്‍ താരങ്ങളെ തോല്‍പ്പിച്ചിട്ടുണ്ട്. പിന്നീട് ഡബിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാനിയ സ്വിസ് താരം മാര്‍ടിന ഹിന്‍ജിസിനൊപ്പം 2015ല്‍ യുഎസ് ഓപെണ്‍, വിമ്പിള്‍ഡന്‍ കിരീടങ്ങള്‍ ചൂടി. 2016ല്‍ ഓസ്‌ട്രേലിയന്‍ ഓപെണും നേടി. ഇതിനു പുറമേ മൂന്നു തവണ മിക്‌സഡ് ഡബിള്‍സിലും ഗ്രാന്‍സ്‌ലാം കിരീടം ചൂടി.

ഇത്തവണ യുക്രെയ്ന്‍ താരം നാദിയ കിചെനോകിനൊപ്പമാണ് സാനിയ ഓസ്‌ട്രേലിയന്‍ ഓപെണില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ മത്സരിച്ചത്. ടൂര്‍ണമെന്റില്‍ 12-ാം സീഡായിരുന്നെങ്കിലും ആദ്യ റൗന്‍ഡില്‍ തന്നെ ഇരുവരും തോറ്റു പുറത്തായി. സ്ലൊവേനിയന്‍ സഖ്യമായ കാജ യുവാന്‍ ടമാര സിദാന്‍സേക് എന്നിവരാണ് ആദ്യ റൗന്‍ഡില്‍ തന്നെ സാനിയ സഖ്യത്തെ തോല്‍പിച്ചത്. 4-6, 6-7 (5) എന്ന സ്‌കോറിലായിരുന്നു സ്ലൊവേനിയന്‍ സഖ്യത്തിന്റെ വിജയം.

വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിള്‍സില്‍ 27-ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവില്‍ 68-ാം റാങ്കിലാണ് സാനിയ.

ഗ്രാന്‍സ്‌ലാം കിരീടം ചൂടുന്ന ആദ്യ ഇന്‍ഡ്യന്‍ വനിതാ താരം കൂടിയാണ് സാനിയ. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകള്‍ക്കു പുറമേ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് താരം മാര്‍ടിന ഹിന്‍ജിസിനൊപ്പം 2016ല്‍ ഓസ്‌ട്രേലിയന്‍ ഓപെണിലാണ് ഏറ്റവുമൊടുവില്‍ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയത്. ഡബിള്‍സില്‍ സാനിയ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയത് ഹിന്‍ജിസിനൊപ്പമായിരുന്നു.

പാകിസ്ഥാന്‍ ക്രികെറ്റ് താരം ശുഐബ് മാലികിന്റെ ഭാര്യയായ സാനിയ, ഏതാനും വര്‍ഷങ്ങളായി കളത്തില്‍ പഴയതുപോലെ സജീവമല്ല. 2018ല്‍ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കളത്തില്‍നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി. തുടര്‍ന്ന് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വിട്ടുനിന്നു. 2021 സെപ്റ്റംബറിലാണ് കരിയറിലെ അവസാന കിരീടം ചൂടിയത്. അന്ന് ഒസ്ട്രാവ ഓപെണില്‍ ഷുവായ് ഷാങ്ങിനൊപ്പം നേടിയ കിരീടം സാനിയയുടെ കരിയറിലെ 43-ാം ഡബിള്‍സ് കിരീടമാണ്.

Keywords:  India Tennis Ace Sania Mirza To Retire After This Season, Sidney, News, Sports, Retirement, World, Tennis, Sania Mirza.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script