Asian Champions Trophy | ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ തുടർ വിജയവുമായി ഇന്ത്യ
മാറ്റ്സുമോട്ടോ കസുമാസയാണ് ജപ്പാന്റെ ആശ്വാസ ഗോൾ നേടിയത്.
ന്യൂ ഡൽഹി: (KVARTHA) ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം .
ജപ്പാനെ 5-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം നേടിയത്. സുഖ്ജീത് സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, അഭിഷേക്, സഞ്ജയ് റാണ, ഉത്തം സിങ് എന്നിവർ ഓരോ ഗോൾ വീതം നേടി. ജപ്പാന്റെ ആശ്വാസ ഗോൾ മാറ്റ്സുമോട്ടോ കസുമാസയാണ് നേടിയത്.
മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ ഇന്ത്യ നേടി മുന്നിൽ നിന്നു. സുഖ്ജീത് സിങ് ആദ്യ മിനിറ്റിലും അഭിഷേക് രണ്ടാം മിനിറ്റിലും ഇന്ത്യയ്ക്കായി ഗോൾ നേടി.
മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യൻ ടീം ജപ്പാനെ പൂർണമായും പിടിച്ചുകെട്ടിയിരുന്നു. രണ്ടാം പാദത്തിന്റെ തുടക്കത്തിൽ, 17-ാം മിനിറ്റിൽ സഞ്ജയ് റാണ പെനാൽറ്റി കോർണർ മുതലാക്കി ഇന്ത്യയുടെ മൂന്നാം ഗോൾ നേടി.
രണ്ടാം പകുതിയിൽ ജപ്പാൻ ഒരു ഗോൾ തിരിച്ചടിച്ചു. മാറ്റ്സുമോട്ടോ കസുമാസയാണ് ജപ്പാനായി ഗോൾ നേടിയത്. എന്നാൽ, നാലാം പാദത്തിൽ ഇന്ത്യ വീണ്ടും രണ്ട് ഗോളുകൾ നേടി വിജയം ഉറപ്പാക്കി. ഉത്തം സിങ് ഇന്ത്യയ്ക്കായി നാലാമത്തെ ഗോളും സുഖ്ജീത് സിങ് അഞ്ചാമത്തെ ഗോളും നേടി.