Victory | ഏഷ്യൻ ഹോക്കി കിരീടം ഇന്ത്യയ്ക്ക്; ശക്തമായ പോരാട്ടത്തിൽ ചൈനയെ തോൽപിച്ചു; ഇത് അഞ്ചാം നേട്ടം
● ജുഗ്‌രാജ് സിങ്ങിന്റെ ഗോൾ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു
● ഒളിമ്പിക്‌സിന് ശേഷം ഇന്ത്യൻ ഹോക്കിയുടെ മികച്ച പ്രകടനം
● പാകിസ്ഥാൻ മൂന്നാം സ്ഥാനക്കാരായി.
ബീജിംഗ്: (KVARTHA) ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ചൈനയെ 1-0ന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ഇന്ത്യയുടെ അഞ്ചാം കിരീട നേട്ടമാണിത്. 51-ാം മിനിറ്റിൽ ജുഗ്‌രാജ് സിങ് നേടിയ ഗോൾ ഇന്ത്യയുടെ വിജയത്തിന് നിർണായകമായി. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 3-0ന് വിജയിച്ചിരുന്നുവെങ്കിലും ഫൈനലിൽ ചൈന ശക്തമായ പ്രതിരോധം തീർത്തു. ഹർമൻപ്രീത് സിങ്ങും സംഘവും പ്രതീക്ഷിച്ചതിലും കൂടുതൽ പോരാട്ടം നേരിട്ടു.
ഇന്ത്യൻ പ്രതിരോധത്തെ ചൈന സമ്മർദത്തിലാക്കിയതോടെ മത്സരം കടുത്തതായി മാറി. ആദ്യ പകുതിയിൽ ഇരു ടീമും ഗോളൊന്നും നേടിയില്ല. ചൈനയ്ക്ക് പലതവണ പെനൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം അവരെ തടയാൻ സാധിച്ചു. ഒടുവിൽ നിശ്ചിത സമയത്തിന് ഒമ്പത് മിനിറ്റ് ശേഷിക്കെ ഡിഫൻഡർ ജുഗ്‌രാജ് സിംഗ്, 51-ാം മിനിറ്റിൽ അപൂർവ ഗോൾ നേടി ടീമിന് കിരീടം സമ്മാനിച്ചു.
ആറ് ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ പാകിസ്ഥാൻ 5-2ന് കൊറിയയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനക്കാരായി. കഴിഞ്ഞ മാസം നടന്ന പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്, തുടർന്ന് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം നേടാനായി എന്നടി ശ്രദ്ധേയമാണ്.
അഞ്ചാം കിരീടം
2011-ൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ ആദ്യമായി കിരീടം നേടിയത്. 2016-ലും പാകിസ്ഥാനെ പരാജയപ്പെടുത്തി ഈ നേട്ടം ആവർത്തിച്ചു. 2023-ൽ മലേഷ്യയെ പരാജയപ്പെടുത്തി നാലാം തവണയും കിരീടം നേടിയ ഇന്ത്യ, ഇപ്പോൾ അഞ്ചാം തവണയും ഈ ടൂർണമെന്റ് കീഴടക്കി. തുടർച്ചയായി രണ്ടാം തവണയും ടീം ജേതാക്കളായതോടെ ഇന്ത്യ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായി മാറിയിരിക്കുന്നു.
#IndianHockey #AsianChampionsTrophy #Hockey #Sports #Olympics #IndiaWins