India Won | മഴ വില്ലനായി, മൂന്നാം മത്സരം ടൈ; ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി

 


വെല്ലിംഗ്ടണ്‍: (www.kvartha.com) ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം ടൈയില്‍ അവസാനിച്ചു. ഇതോടെ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഇന്ത്യക്ക് മുന്നില്‍ 161 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ മൂലം കളി നിര്‍ത്തുന്നത് വരെ ഒമ്പത് ഓവറില്‍ നാല് വിക്കറ്റിന് 75 റണ്‍സ് എടുത്തിരുന്നു.
                
India Won | മഴ വില്ലനായി, മൂന്നാം മത്സരം ടൈ; ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി

ആദ്യ മത്സരം മഴ കാരണം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. അന്ന് ടോസ് പോലും സാധിച്ചിരുന്നില്ല. അതേ സമയം രണ്ടാം മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന് വിജയിച്ചു. ന്യൂസിലന്‍ഡിനെതിരെ അവരുടെ തട്ടകത്തില്‍ ടീം ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ടി20 പരമ്പര വിജയമാണിത്. നേരത്തെ 2020ല്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ടി20 പരമ്പരയില്‍ ഇന്ത്യ 5-0ന് പരാജയപ്പെടുത്തിയിരുന്നു.

മുഹമ്മദ് സിറാജിന്റെയും അര്‍ഷ്ദീപ് സിംഗിന്റെയും മുന്നില്‍ ന്യൂസിലന്‍ഡ് ടീം തകര്‍ന്നു. 19.4 ഓവറില്‍ 160 റണ്‍സിന് കിവി ടീമിന്റെ ഇന്നിംഗ്സ് ഇന്ത്യ ഒതുക്കി. ഒരു സമയത്ത് 17ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് കിവീസ് നേടിയത്. ഇതിന് പിന്നാലെയാണ് സിറാജും അര്‍ഷ്ദീപും നാശം വിതച്ചത്. അവസാന 14 റണ്‍സിനിടെ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടമായി, അതായത് 146 മുതല്‍ 160 വരെ റണ്‍സ്. പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് ഇനി 20 ഓവറില്‍ 161 റണ്‍സ് വേണം. അര്‍ഷ്ദീപും സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ടീമിന്റെ തുടക്കം മോശമായിരുന്നു. ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ അര്‍ഷ്ദീപ് സിംഗ് ന്യൂസിലന്‍ഡിന് ആദ്യ പ്രഹരം നല്‍കി. ഫിന്‍ അലനെ എല്‍ബിഡബ്ല്യു ചെയ്തു. മൂന്ന് റണ്‍സ് എടുക്കാനേ അലന് കഴിഞ്ഞുള്ളൂ. ഇതിന് പിന്നാലെ മാര്‍ക്ക് ചാപ്മാനെ (12) അര്‍ഷ്ദീപിന്റെ പന്തില്‍ സിറാജ് പിടികൂടി. തുടര്‍ന്ന് ഡെവണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്സും ന്യൂസിലന്‍ഡിനായി മൂന്നാം വിക്കറ്റില്‍ 63 പന്തില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

പിന്നീട് പതിനാറാം ഓവറില്‍ ഫിലിപ്‌സിനെ പുറത്താക്കി സിറാജ് കൂട്ടുകെട്ട് തകര്‍ത്തു. ഇതിന് ശേഷം കിവീസ് ടീമിന് കരകയറാനായില്ല. ഫിലിപ്സ് 33 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 54 റണ്‍സെടുത്തു. ഇതിന് പിന്നാലെ 30 റണ്‍സെടുക്കുന്നതിനിടെ കിവീസ് ടീമിന് എട്ട് വിക്കറ്റ് നഷ്ടമായി. പതിനേഴാം ഓവറില്‍ അര്‍ഷ്ദീപ് കോണ്‍വെയെ പവലിയനിലേക്ക് അയച്ചു. 49 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 59 റണ്‍സാണ് താരം നേടിയത്. 18-ാം ഓവറില്‍ സിറാജ് ന്യൂസിലന്‍ഡിന് ഇരട്ടയടി നല്‍കി. ആദ്യം ജെയിംസ് നീഷാമിനെ (0) പന്തിന്റെ കൈകളിലെത്തിച്ചു. പിന്നീട് മിച്ചല്‍ സാന്റ്‌നറെ (1) ചാഹലിന്റെ കൈകളിലെത്തിച്ചു.

19-ാം ഓവറില്‍ അര്‍ഷ്ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഈ ഓവറിലെ ആദ്യ പന്തില്‍ ഡാരില്‍ മിച്ചല്‍ (10) പവലിയനിലേക്ക് മടങ്ങി. ഇതിന് പിന്നാലെ രണ്ടാം പന്തില്‍ ഇഷ് സോധിയും പുറത്തായി. സോധിക്ക് അക്കൗണ്ട് തുറക്കാനായില്ല. ഓവറിലെ മൂന്നാം പന്തില്‍ ആദം മില്‍നെ റണ്ണൗട്ടായി. 20-ാം ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ ടിം സൗത്തിയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി ന്യൂസിലന്‍ഡിന്റെ ഇന്നിങ്സ് 160 റണ്‍സില്‍ ഒതുക്കി. ഇന്ത്യക്കായി സിറാജും അര്‍ഷ്ദീപും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ഷലിന് ഒരു വിക്കറ്റ് ലഭിച്ചു. നാലോവറില്‍ 17 റണ്‍സ് വഴങ്ങിയാണ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തിയത്. ടി20യിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് ആണിത്.

മറുപടി ബാറ്റിംഗില്‍ രണ്ടാം ഓവറില്‍ സ്‌കോര്‍ 13ല്‍ ഇന്ത്യക്ക് ആദ്യ തിരിച്ചടി ലഭിച്ചു. 11 പന്തില്‍ 10 റണ്‍സെടുത്ത ഇഷാന്‍ പുറത്തായി. ഇതിനുശേഷം മൂന്നാം ഓവറില്‍ ഋഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും തുടര്‍ച്ചയായി രണ്ട് പന്തില്‍ ടിം സൗത്തി പവലിയനിലെത്തിച്ചു. ഋഷഭ് പന്ത് 11 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. ഏഴാം ഓവറില്‍ സ്‌കോര്‍ 60-ല്‍ ഇന്ത്യക്ക് നാലാമത്തെ പ്രഹരം. ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവിനെ (13) ഇഷ് സോധി പിടികൂടി. മഴയ്ക്ക് പിരിയുമ്പോള്‍ ഒമ്പത് റണ്‍സുമായി ദീപക് ഹൂഡയും 30 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍ ഉണ്ടായിരുന്നത്.

Keywords:  Latest-News, World, Top-Headlines, Sports, India, New Zealand, Cricket, Winner, Indian Team, IND vs NZ T20I: India wins series 1-0.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia