SWISS-TOWER 24/07/2023

ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ വീണ്ടും അടിപതറി ഇന്‍ഗ്ലന്‍ഡ്; 2-ാം ഇന്നിങ്‌സില്‍ 6 വികെറ്റ് നഷ്ടം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com 06.03.2021) മൊട്ടേരയില്‍ അടിപതറി ഇന്‍ഗ്ലന്‍ഡ്. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ ഒരിക്കല്‍ക്കൂടി അടിപതറിയ ഇന്‍ഗ്ലന്‍ഡ്് നാലാം ക്രികെറ്റ് ടെസ്റ്റിലും തോല്‍വിയിലേക്ക്. 160 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്‍ഗ്ലന്‍ഡ്, മൂന്നാം ദിനം ചായയ്ക്കു പിരിയുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആറു വികെറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയിലാണ്.

ഡാനിയല്‍ ലോറന്‍സ് (23 പന്തില്‍ 19), ബെന്‍ ഫോക്‌സ് (25 പന്തില്‍ ആറ്) എന്നിവര്‍ ക്രീസില്‍. നാലു വികെറ്റ് മാത്രം കൈവശമിരിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്‍ഗ്ലന്‍ഡിന് ഇനിയും 69 റണ്‍സ് കൂടി വേണം. ഇന്‍ഗ്ലന്‍ഡിന് നഷ്ടമായ വികെറ്റുകള്‍ തുല്യമായി പങ്കിട്ട രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ സഖ്യമാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു മുന്നില്‍ വീണ്ടും അടിപതറി ഇന്‍ഗ്ലന്‍ഡ്; 2-ാം ഇന്നിങ്‌സില്‍ 6 വികെറ്റ് നഷ്ടം!
Aster mims 04/11/2022
ഇതുവരെ 15 ഓവറുകള്‍ ബോള്‍ ചെയ്ത അക്ഷര്‍, 28 റണ്‍സ് വഴങ്ങിയാണ് മൂന്നു വികെറ്റ് വീഴ്ത്തിയത്. അശ്വിന്‍ 13 ഓവറില്‍ 35 റണ്‍സ് വഴങ്ങിയും മൂന്നു വികെറ്റ് പിഴുതു. 72 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് നിലവില്‍ ഇന്‍ഗ്ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. റൂട്ട്, ലോറന്‍സ് എന്നിവര്‍ക്കു പുറമെ ഇതുവരെ ഇന്‍ഗ്ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത് ഒലി പോപ്പ് മാത്രം.

പോപ്പ് 31 പന്തില്‍ ഒരേയൊരു സിക്‌സ് സഹിതം 15 റണ്‍സെടുത്തു. ഓപ്പണര്‍മാരായ സാക് ക്രൗളി (16 പന്തില്‍ അഞ്ച്), ഡൊമിനിക് സിബ്ലി (21 പന്തില്‍ മൂന്ന്), ജോണി ബെയര്‍‌സ്റ്റോ (0), ബെന്‍ സ്റ്റോക്‌സ് (ഒന്‍പത് പന്തില്‍ രണ്ട്) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി.

നേരത്തെ, കൂട്ടുനില്‍ക്കാനാളില്ലാതെ പോയതോടെ കന്നി സെഞ്ച്വറിയെന്ന സ്വപ്നം പടിക്കല്‍ വീണുടഞ്ഞെങ്കിലും 174 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 96 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിങ്ടന്‍ സുന്ദറിന്റെ സുന്ദരന്‍ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് 160 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്.

ഇന്‍ഗ്ലന്‍ഡിന്റെ 205 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റു ചെയ്ത ഇന്ത്യ 114.4 ഓവറിലാണ് 365 റണ്‍സെടുത്തത്. ഇന്ത്യന്‍ സ്‌കോര്‍ 365ല്‍ നില്‍ക്കെ അക്ഷര്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവര്‍ തുടരെ തുടരെ പുറത്തായതോടെയാണ് സുന്ദറിന് സെഞ്ച്വറി നഷ്ടമായത്. അക്ഷര്‍ പട്ടേല്‍ 97 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്തു.

എട്ടാം വികെറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത വാഷിങ്ടന്‍ സുന്ദര്‍ അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ പോരാട്ടം ഏറ്റെടുത്ത ഇരുവരും ടീമിന് നേട്ടമുണ്ടാക്കിയെങ്കിലും, വ്യക്തിഗത നേട്ടങ്ങളുടെ വക്കില്‍ വീണുപോയി. ടെസ്റ്റിലെ കന്നി അര്‍ധസെഞ്ച്വറിക്ക് അരികെ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടായതാണ് നിര്‍ണായകമായത്.

അക്ഷര്‍ പുറത്തായശേഷമെത്തിയ ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെ പൂജ്യത്തിന് പുറത്താക്കിയ ബെന്‍ സ്റ്റോക്‌സാണ് സുന്ദറിന്റെ സെഞ്ച്വറി മോഹം തല്ലിക്കെടുത്തിയത്. 115-ാം ഓവറിലെ ആദ്യ പന്തില്‍ ഇഷാന്തിനെ എല്‍ബിയില്‍ കുരുക്കിയ സ്റ്റോക്‌സ്, നാലാം പന്തില്‍ മുഹമ്മദ് സിറാജിനെ ബൗള്‍ഡാക്കി. എട്ടാം വികെറ്റില്‍ സുന്ദര്‍ അക്ഷര്‍ സഖ്യം 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്‍ഗ്ലന്‍ഡിനായി ബെന്‍ സ്റ്റോക്‌സ് 27.4 ഓവറില്‍ 89 റണ്‍സ് വഴങ്ങി നാലു വികെറ്റ് വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സന്‍ 25 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി മൂന്നു വികെറ്റുമെടുത്തു. ജാക്ക് ലീച്ച്് 27 ഓവറിലവ് 89 റണ്‍സ് വഴങ്ങി രണ്ടു വികെറ്റ് സ്വന്തമാക്കി.

നേരത്തെ, ആറാമനായി ഇറങ്ങി കരിയറിലെ തന്റെ 3-ാം സെഞ്ച്വറി (118 പന്തുകളില്‍ 101 റണ്‍സ്) നേടിയ ഋഷഭ് പന്തിന്റെ മികവില്‍ ഇന്‍ഗ്ലന്‍ഡിനെതിരായ അവസാന ടെസ്റ്റിന്റെ 2-ാം ദിനം ഇന്ത്യ 89 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ബൗണ്‍സറില്‍ വിരാട് കോലിയെയും (0) ഇന്‍സ്വിങ്ങറില്‍ രോഹിത് ശര്‍മയെയും (49) പുറത്താക്കി ബെന്‍ സ്റ്റോക്‌സ് ഇന്ത്യയെ 5ന് 121ലേക്ക് ഒതുക്കിയപ്പോഴാണു പന്ത് ക്രീസിലെത്തുന്നത്.

കരുതലോടെയായിരുന്നു തുടക്കം. 146ല്‍ ആര്‍ അശ്വിന്‍ മടങ്ങിയതോടെ പന്തിനു കൂട്ടായി വാഷിങ്ടനെത്തി. ഇന്‍ഗ്ലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ഇന്ത്യയ്ക്കു വന്‍മലയായി തോന്നിയ സമയം. 82 പന്തുകള്‍ തട്ടിയും മുട്ടിയും പന്ത് അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും പതിവു വെടിക്കെട്ടുണ്ടായില്ല.

Keywords:  IND vs ENG Live Cricket Score, 4th Test Day 3: Ashwin, Axar derail England; India needs four wickets to win, Ahmedabad, News, Cricket, Cricket Test, Sports, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia