T20 World Cup | വനിത ട്വന്റി20 ലോക കപ് സെമി ഫൈനല്‍; ആസ്‌ട്രേലിയക്ക് മുന്നില്‍ പൊരുതി വീണ് ഇന്‍ഡ്യ; തോല്‍വി വഴങ്ങിയത് 5 റണ്‍സിന്

 


കേപ് ടൗണ്‍: (www.kvartha.com) വനിത ട്വന്റി20 ലോക കപ് സെമി ഫൈനലില്‍ അഞ്ച് റണ്‍സിന് ഇന്‍ഡ്യയെ തോല്‍പിച്ച് തുടര്‍ചയായ രണ്ടാം തവണയും ഫൈനലില്‍ കടന്ന് ആസ്‌ട്രേലിയ. മുന്‍നിര ബാറ്റര്‍മാര്‍ വേഗത്തില്‍ മടങ്ങിയതാണ് ഇന്‍ഡ്യക്ക് തിരിച്ചടിയായത്.

ആസ്‌ട്രേലിയ കുറിച്ച 173 റണ്‍സ് എന്ന വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്‍ഡ്യക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വികറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്‌കോര്‍: ആസ്‌ട്രേലിയ -നാലിന് 172. ഇന്‍ഡ്യ -എട്ടിന് 167.

ഇന്‍ഡ്യക്കായി നായിക ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ചുറി നേടി. 34 പന്തില്‍ താരം ആറു ഫോറും ഒരു സിക്‌സും അടക്കം 52 റണ്‍സെടുത്തു. ടീം സ്‌കോര്‍ 11 റണ്‍സിലെത്തി നില്‍ക്കെ ഓപണര്‍ ശഫാലി വര്‍മ പുറത്തായി. ആറു പന്തില്‍ ഒമ്പത് റണ്‍സെടുത്ത താരത്തെ മേഗന്‍ ഷട് എല്‍ബി ഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. പിന്നാലെ അഞ്ചു പന്തില്‍ രണ്ടു റണ്‍സുമായി സ്മൃതി മന്ദാനയും മടങ്ങി. യാസ്തിക ഭാട്ടിയ നാലു റണ്‍സുമായി പുറത്തായി.
-
T20 World Cup | വനിത ട്വന്റി20 ലോക കപ് സെമി ഫൈനല്‍; ആസ്‌ട്രേലിയക്ക് മുന്നില്‍ പൊരുതി വീണ് ഇന്‍ഡ്യ; തോല്‍വി വഴങ്ങിയത് 5 റണ്‍സിന്

നാലാം വികറ്റില്‍ ജെമീമ റോഡ്രിഗസും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് നടത്തിയ വമ്പനടികള്‍ ടീമിന് ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 24 പന്തില്‍ 43 റണ്‍സെടുത്ത ജെമീമ ഡാര്‍സി ബ്രൗണിന്റെ പന്തില്‍ വികറ്റ് കീപര്‍ക്ക് കാച് നല്‍കി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ റിച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് കൗര്‍ സ്‌കോറിങ് ഉയര്‍ത്തി.

ടീം 135ല്‍ എത്തിനില്‍ക്കെ ഹര്‍മന്‍പ്രീത് റണൗടില്‍ കുടുങ്ങി. പിന്നാലെ 17 പന്തില്‍ 14 റണ്‍സെടുത്ത റിച ഘോഷും മടങ്ങി. സ്‌നേഹ റാണ (17 റണ്‍സ്), രാധാ യാദവ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 17 പന്തില്‍ 20 റണ്‍സെടുത്ത ദീപ്തി ശര്‍മയും ഒരു റണ്ണുമായി ശിഖ പാണ്ഡെയും പുറത്താകാതെ നിന്നു.

ഓസീസിനായി ഡാര്‍സി ബ്രൗണ്‍, ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ടു വികറ്റ് വീതവും മേഗന്‍ ഷട്, ജെസ് ജോനാസെന്‍ എന്നിവര്‍ ഓരോ വികറ്റ് വീതവും വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറില്‍ നാലു വികറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിരുന്നു. ഓപണര്‍ ബേത് മൂണിയുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്. താരം 37 പന്തില്‍ നാലു ഫോറും ഒരു സിക്‌സും അടക്കം 54 റണ്‍സെടുത്തു.

നായിക മെഗ് ലാന്നിങ് 34 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപണര്‍മാരായ അലീസ ഹീലിയും ബേത്ത് മൂണിയും മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ഇരുവരും ഒന്നാം വികറ്റില്‍ 52 റണ്‍സെടുത്തു. 26 പന്തില്‍ 25 റണ്‍സെടുത്ത അലീസയെ രാധാ യാദവ് പുറത്താക്കി. 18 പന്തില്‍ 31 റണ്‍സെടുത്ത ആഷ്‌ലീഗ് ഗാര്‍ഡ്‌നറെ ദീപ്തി ശര്‍മ പുറത്താക്കി.

ഇുന്‍ഡ്യക്കായി ശിഖ പാണ്ഡെ രണ്ടു വികറ്റ് വീഴ്ത്തി. ദീപ്തി ശര്‍മ, രാധാ യാദവ് എന്നിവര്‍ ഓരോ വികറ്റ് വീതവും നേടി. നിലവിലെ ജേതാക്കളായ ഓസീസിനോട് കഴിഞ്ഞ തവണ ഫൈനലില്‍ വീണാണ് ഇന്‍ഡ്യക്ക് കൈയകലെ പ്രഥമ കിരീടം നഷ്ടമായത്. ഗ്രൂപ് ഒന്നിലെ നാല് മത്സരങ്ങളും ജയിച്ചാണ് ആസ്‌ട്രേലിയ സെമിയിലെത്തിയത്.

ഇതുവരെ എട്ട് ലോകകപുകള്‍ നടന്നപ്പോള്‍ അഞ്ചിലും ജേതാക്കളായവര്‍. ഇന്‍ഡ്യ ഗ്രൂപ് രണ്ടിലെ മൂന്ന് കളികള്‍ ജയിച്ചപ്പോള്‍ ഇംഗ്ലീഷുകാരോട് തോറ്റു. പാകിസ്താന്‍, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകളെയാണ് ഹര്‍മനും സംഘവും തോല്‍പിച്ചത്. രണ്ടാം സെമി ഇംഗ്ലന്‍ഡും ദക്ഷിണാഫ്രികയും തമ്മില്‍ വെള്ളിയാഴ്ച നടക്കും.

Keywords: IND vs AUS Highlights, Women's T20 World Cup 2023 Semifinal: Harmanpreet 52 goes in vain as IND W crash to defeat in SF, News, Cricket, Sports, Women, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia