Dream fight | ഏഷ്യാ കപിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സ്വപ്‌ന പോരാട്ടം ഇതുവരെ നടന്നിട്ടില്ല; ഇത്തവണയെങ്കിലും സംഭവിക്കുമോ?

 


ADVERTISEMENT

ദുബൈ: (www.kvartha.com) ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ് ആരംഭിക്കുന്നത്. ഇൻഡ്യൻ ടീമിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 28ന് പാകിസ്താനെതിരെയാണ്. ഇരു ടീമുകളും ഈ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ, ഏഷ്യാ കപിന്റെ കഴിഞ്ഞ 14 സീസണുകളിൽ ഇൻഡ്യയും പാകിസ്താനും തമ്മിലുള്ള ഫൈനൽ മത്സരം ഒരിക്കൽ പോലും നടന്നിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇത്തവണ ഈ രണ്ട് ടീമുകളും ഫൈനലിലെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എങ്കിൽ അത് ചിത്രമായിരിക്കും.
  
Dream fight | ഏഷ്യാ കപിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സ്വപ്‌ന പോരാട്ടം ഇതുവരെ നടന്നിട്ടില്ല; ഇത്തവണയെങ്കിലും സംഭവിക്കുമോ?

1984ലാണ് ഏഷ്യാ കപ് ആരംഭിച്ചത്. ആദ്യ പതിപ്പിൽ തന്നെ ഇൻഡ്യ ഈ ട്രോഫി നേടി. ശ്രീലങ്കയായിരുന്നു ഫൈനലിൽ എതിരാളി. 1986ലെ രണ്ടാം പതിപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇൻഡ്യയെ തോൽപിച്ച് ശ്രീലങ്ക ആദ്യമായി ഏഷ്യാ കപ് സ്വന്തമാക്കി. 1988-ലെ മൂന്നാം പതിപ്പിൽ ഇൻഡ്യ തിരിച്ചുവരവ് നടത്തി, ദിലീപ് വെങ്‌സർക്കറിന്റെ നായകത്വത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി. 1991 ലെ നാലാം പതിപ്പിൽ, ഇൻഡ്യ ആധിപത്യം തുടർന്നു, മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റൻസിയിൽ, ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇൻഡ്യൻ ടീം മൂന്നാം തവണയും ഏഷ്യാ കപ് കിരീടം നേടി.

അഞ്ചാം പതിപ്പ് നടന്നത് 1995-ലാണ്, ഈ പതിപ്പിലും മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റൻസിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ടീം ഇൻഡ്യ തുടർചയായി രണ്ടാം തവണയും കിരീടം നേടി. 1997ലെ ആറാം പതിപ്പിൽ സചിൻ ടെൻഡുൽകറായിരുന്നു ഇൻഡ്യൻ ടീമിനെ നയിച്ചത്. ഈ എഡിഷനിൽ ഇൻഡ്യക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെ ശ്രീലങ്ക രണ്ടാം തവണയും കിരീടം സ്വന്തമാക്കി. 2000ലെ ഏഴാം പതിപ്പിൽ പുതിയ ജേതാവിനെ ലഭിച്ചു. ഫൈനലിൽ ശ്രീലങ്കയെ തോൽപിച്ച് പാകിസ്താൻ ആദ്യമായി കിരീടം നേടി.

2004-ലെ എട്ടാം പതിപ്പിൽ, ശ്രീലങ്ക വീണ്ടും മികച്ച കളി പുറത്തെടുക്കുകയും മൂന്നാം തവണയും കിരീടം നേടുകയും ചെയ്തു. ഫൈനലിൽ ഇൻഡ്യൻ ടീമിനെയാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. ഒമ്പതാം പതിപ്പിലും ശ്രീലങ്ക ആധിപത്യം തുടർന്നു, ഫൈനലിൽ ഇൻഡ്യൻ ടീമിനെ തുടർചയായി രണ്ടാം തവണയും പരാജയപ്പെടുത്തി മൊത്തത്തിൽ നാലാം തവണയും കപ് സ്വന്തമാക്കി. 2010 ൽ പത്താം എഡിഷനിൽ ക്യാപ്റ്റൻ ധോണിയുടെ മാന്ത്രികത കാണുകയും ഇൻഡ്യ വിജയിക്കുകയും ചെയ്തു. ഫൈനലിൽ ശ്രീലങ്കയെയാണ് പരാജയപ്പെടുത്തിയത്.

2012ൽ നടന്ന പതിനൊന്നാം എഡിഷനിൽ പാകിസ്താൻ തിരിച്ചുവരവ് നടത്തി രണ്ടാം തവണയും ഏഷ്യാ കപ് സ്വന്തമാക്കി. ഫൈനലിൽ ബംഗ്ലാദേശിനെയാണ് പാകിസ്താൻ പരാജയപ്പെടുത്തിയത്. 2014 ലെ 12-ാം പതിപ്പിൽ, ശ്രീലങ്കൻ ടീം ചടുലമായ കളിയിലൂടെ അഞ്ചാം തവണയും കിരീടം നേടി. ഇത്തവണ ഫൈനലിൽ പാകിസ്താനെയാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്.

2016ലെ പതിമൂന്നാം പതിപ്പിൽ ക്യാപ്റ്റൻ ധോണിയുടെ നേതൃത്വത്തിൽ ഇൻഡ്യൻ ടീം വീണ്ടും കിരീടം ചൂടി നാട്ടിലെത്തി. ഇത്തവണ ഫൈനലിൽ ബംഗ്ലാദേശിനെയാണ് പരാജയപ്പെടുത്തിയത്. 2018 ലെ 14-ാം പതിപ്പിൽ, രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇൻഡ്യ വീണ്ടും കപ്പ് നേടി. ഫൈനലിൽ ബംഗ്ലാദേശിനെ തന്നെയാണ് തോൽപിച്ചത്. ഇതുവരെ നടന്ന ഏഷ്യാ കപിൽ ഇൻഡ്യ ഏഴ് തവണയും ശ്രീലങ്ക അഞ്ച് തവണയും പാകിസ്താൻ രണ്ട് തവണയും കിരീടം നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia