ടെഡി ബെയര്‍, പൊണ്ണത്തടിയന്‍.. കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്‍ഡ്യയുടെ അഭിമാനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹരിയാന: (www.kvartha.com 07.08.2021) ടെഡി ബെയര്‍, പൊണ്ണത്തടിയന്‍.. ഇങ്ങനെ ഒരുപാട് ഇരട്ട പേരുകള്‍ വിളിച്ച് കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചോപ്ര ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്‍ഡ്യയുടെ അഭിമാനമായി മാറി. ടോക്യോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയാണ് നീരജ് ചരിത്രമാകുന്നത്. ജാവലിന്‍ ത്രോയില്‍ ഇതാദ്യമായാണ് ഇന്‍ഡ്യക്ക് സ്വര്‍ണം ലഭിക്കുന്നത്.
Aster mims 04/11/2022

ടെഡി ബെയര്‍, പൊണ്ണത്തടിയന്‍.. കൂട്ടുകാരുടെ പരിഹാസങ്ങള്‍ ഒരുപാട് കേട്ട നീരജ് ചരിത്ര മെഡല്‍ നേടി ഇന്ന് ഇന്‍ഡ്യയുടെ അഭിമാനം

ഒരു സ്വര്‍ണ മെഡലിനായി ആവേശത്തോടെ, ആകാംക്ഷയോടെ, പ്രാര്‍ഥനയോടെ കാത്തിരുന്ന ജനകോടികളെ നിരാശരാക്കാതെയുള്ള പ്രകടനമാണ് ടോക്യോയില്‍ നീരജ് കാഴ്ചവച്ചത്. ഈ ഒളിംപിക്‌സിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവച്ച ഇന്‍ഡ്യയ്ക്ക്, ഇരുപത്തിമൂന്നുകാരന്‍ സുബേധാര്‍ നീരജ് ചോപ്രയിലൂടെ ആദ്യ സ്വര്‍ണം നേടിയപ്പോള്‍ അത് രാജ്യത്തിന് അഭിമാനമായി.

ഫൈനലിന്റെ ആദ്യ റൗന്‍ഡില്‍ രണ്ടാം ശ്രമത്തില്‍ കുറിച്ച 87.58 മീറ്റര്‍ ദൂരമാണ് നീരജിന് സ്വര്‍ണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം പിന്നിട്ടിരുന്നു. ചെക് റിപബ്ലിക് താരങ്ങളായ ജാകൂബ് വാദ്ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്ലി വിറ്റെസ്ലാവ് 85.44 മീറ്റര്‍ ദൂരത്തോടെ വെങ്കലവും നേടി. ഒളിംപിക്‌സില്‍ വ്യക്തിഗന ഇനത്തില്‍ ഇന്‍ഡ്യയുടെ രണ്ടാമത്തെ മാത്രം സ്വര്‍ണ മെഡലാണിത്. അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണവും. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്രയാണ് ഒന്നാമന്‍. സ്വര്‍ണത്തിലേക്കുള്ള നീരജ് ചോപ്രയുടെ ഏറ്, ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലേക്കുള്ള ഏറു കൂടിയായി.

ഹരിയാനയിലെ പാനിപതില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തില്‍ മുത്തശ്ശിയുടെ വാത്സല്യമേറ്റ് വളര്‍ന്നവനാണ് നീരജ് ചോപ്ര. 17 അംഗങ്ങളുള്ള ആ കുടുംബത്തിലെ കുട്ടികളില്‍ ഏറ്റവും മുതിര്‍ന്നവന്‍ നീരജ് ആയിരുന്നു. ആദ്യത്തെ കണ്‍മണി ആയതുകൊണ്ടുതന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ചു. ഭക്ഷണത്തിന്റെ രൂപത്തിലായിരുന്നു മുത്തശ്ശി സ്നേഹം പ്രകടിപ്പിച്ചത്. ഇതോടെ 11 വയസായപ്പോഴേക്കും നീരജിന്റെ ഭാരം 80 കിലോയും കടന്നു.

തടി കൂടിയതോടെ സ്‌കൂളില്‍ പോകുമ്പോഴെല്ലാം കൂട്ടുകാര്‍ അവനെ കളിയാക്കാന്‍ തുടങ്ങി. ടെഡി ബെയര്‍, പൊണ്ണത്തടിയന്‍..തുടങ്ങി ഇരട്ടപ്പേരുകള്‍ അവന് ഒരുപാടുണ്ടായിരുന്നു. കൂട്ടുകാരുടെ പരിഹാസം കൂടിയതോടെ എങ്ങനെയെങ്കിലും ഭാരം കുറയ്ക്കണമെന്നായി നീരജിന്റെ ചിന്ത. ഇതോടെ പാനിപതിലുള്ള ജിമ്മിലെത്തി വ്യായാമം ആരംഭിച്ചു. ജിമ്മിലേക്കുള്ള ബസ് യാത്രക്കിടയില്‍ ശിവാജി സ്റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന അത്ലറ്റുകളെ നീരജ് കാണാനിടയായി. അതോടെ ജാവലിന്‍ പരിശീലിക്കണമെന്ന ആഗ്രഹം മനസിലുദിച്ചു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജിമ്മിലേക്കുള്ള യാത്ര അവന്‍ ശിവാജി സ്റ്റേഡിയത്തിലേക്ക് മാറ്റി. അവിടെ പരിശീലനം നടത്തുന്ന ഒരു അത്ലറ്റില്‍ നിന്ന് ജാവലിന്‍ വാങ്ങി അവനും അതുപോലെ എറിയാന്‍ ശ്രമിച്ചു. പക്ഷേ എറിഞ്ഞിടത്ത് തന്നെ വീണു. എന്നാലും ഈ കളി കൊള്ളാമല്ലോ എന്ന് കുഞ്ഞു നീരജിന് തോന്നി. പിന്നീട് അവന്റെ ജീവിതംതന്നെ ജാവലിന്‍ ത്രോ ആയി മാറി. ഇതോടെ ഭക്ഷണത്തിലും പുതിയ ക്രമീകരണങ്ങള്‍ വന്നു.

അന്ന് ഓരോ ദിവസവും അവന്റെ പോകെറ്റിലുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നു. 15 കിലോമീറ്റര്‍ യാത്രയ്ക്കുള്ള ബസ് ടികെറ്റിന് തന്നെ ആ പൈസ തികയില്ലായിരുന്നു. ഒരു ഗ്ലാസ് ജ്യൂസ് കുടിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. പാനിപതില്‍ ജോലി ചെയ്യുന്ന അങ്കിളിനൊപ്പം വൈകുന്നേരം തിരിച്ചുപോരുന്നതിനാല്‍ ആ ബസ് കൂലി അദ്ദേഹത്തിന്റെ വകയായിരുന്നു. എന്നിട്ടും ജാവലിനോടുള്ള അതിയായ ഇഷ്ടം കാരണം അവന്‍ തന്റെ യാത്ര തുടര്‍ന്നു.

ബിഞ്ചോളിലെ ജാവലിന്‍ ത്രോ താരം ജയ്വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ഹരിയാനയുടെ താരമായ ജയ് വീര്‍ നീരജിന്റെ കഴിവ് തിരിച്ചറിഞ്ഞ് അവന് പരിശീലനം നല്‍കാന്‍ തുടങ്ങി. 14-ാം വയസില്‍ പാഞ്ച്കുലയിലെ സ്പോര്‍ട്സ് നഴ്സറിയിലെത്തി. അവിടെ നിന്നാണ് സിന്തറ്റിക്ക് ട്രാകിലെ ആദ്യ ജാവലിന്‍ പരിശീലനം. 2012-ല്‍ ലക് നൗവില്‍ ആദ്യ ദേശീയ ജൂനിയര്‍ സ്വര്‍ണം നേടി. 68.46 മീറ്റര്‍ എറിഞ്ഞ് ദേശീയ റെകോഡും തിരുത്തി.

എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ നിറം മങ്ങിയ തുടക്കമാണ് നീരജിന് ലഭിച്ചത്. 2013-ല്‍ യുക്രെയ്നില്‍ നടന്ന ലോക യൂത് ചാമ്പ്യന്‍ഷിപില്‍ ലഭിച്ചത് 19-ാം സ്ഥാനം മാത്രം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപില്‍ ഒമ്പതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു. ഇതോടെ വിദേശത്ത് പോയി പരിശീലനം നേടിയ നീരജ് ലോക റെകോഡുകാരനായ ഉവെ ഹോഹ്നയുടേയും (ജാവലിന്‍ 100 മീറ്റര്‍ പായിച്ച ജര്‍മന്‍ താരം) വെര്‍ണര്‍ ഡാനിയല്‍സിന്റേയും ഗാരി കാല്‍വേര്‍ടിന്റേയും ക്ലൗസ് ബര്‍ടോനിയെറ്റ്സിന്റേയും ശിഷ്യനായി. നീരജിന്റെ കരിയറില്‍ തന്നെ നിര്‍ണായകമായിരുന്നു ഈ വിദേശ കോച്ചുമാരുടെ സേവനം.

2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടര്‍ -20 ചാമ്പ്യന്‍ഷിപില്‍ സ്വര്‍ണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്‍ഡ്യന്‍ താരമായി. 86.48 മീറ്റര്‍ എറിഞ്ഞ് ലോക ജൂനിയര്‍ റെകോഡും ഈ ഇന്‍ഡ്യന്‍ താരം സ്വന്തം പേരില്‍ കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ല്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണത്തിലേക്ക് എറിഞ്ഞു.

ഇതിനിടയില്‍ കൈമുട്ടിന് പരിക്കേറ്റത് നീരജ് ചോപ്രയെ കുറച്ചുകാലം വലച്ചു. ഒടുവില്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. ഇതോടെ 2019-ലെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപിലും ദേശീയ ഓപെണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020-ല്‍ കോവിഡിനെ തുടര്‍ന്ന് പരിശീലനവും മുടങ്ങി.

എന്നാല്‍ 2021-ല്‍ തിരിച്ചുവരവ് കണ്ടു. ആ വര്‍ഷം നടന്ന അഞ്ച് മത്സരങ്ങളില്‍ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളില്‍ ജാവലിന്‍ പായിച്ചു. പാട്യാലയില്‍ നടന്ന ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ 88.07 മീറ്റര്‍ പിന്നിട്ട് പുതിയ ദേശിയ റെകോഡും സൃഷ്ടിച്ചു. ടോക്യോയിലും ഈ ആത്മവിശ്വാസം നീരജ് കൈവിട്ടില്ല. ഒളിമ്പിക്സില്‍ ഇന്‍ഡ്യക്ക് നീരജിലൂടെ ചരിത്ര മെഡല്‍ ലഭിക്കുകയും ചെയ്തു.

നീരജിലൂടെ ടോക്യോയിലെ ഏഴാം മെഡല്‍ കുറിച്ച ഇന്‍ഡ്യ, ഒളിംപിക് ചരിത്രത്തില്‍ ഒറ്റ പതിപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന മെഡലെണ്ണമാണിത്. 2012ല്‍ ലന്‍ഡനില്‍ കൈവരിച്ച ആറു മെഡലുകള്‍ എന്ന നേട്ടമാണ് ഏഴിലേക്ക് ഉയര്‍ത്തിയത്. പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ 65 കിലോ വിഭാഗത്തില്‍ ബജ്രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്‍ഡ്യ ലന്‍ഡനിലെ റെകോര്‍ഡിന് ഒപ്പമെത്തിയിരുന്നു.

ടോക്യോയില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു, ഗുസ്തിയില്‍ രവികുമാര്‍ ദാഹിയ എന്നിവര്‍ ഇന്‍ഡ്യയ്ക്കായി വെള്ളി നേടിയിരുന്നു. ബജ്രംഗ് പൂനിയയ്ക്കു പുറമെ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പി വി സിന്ധു, ബോക്‌സിങ്ങില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍, ഇന്‍ഡ്യന്‍ പുരുഷ ഹോകി ടീം എന്നിവര്‍ വെങ്കലവും നേടി.

Keywords:  'Golden throw': Neeraj Chopra wins gold in men's javelin throw at Tokyo Olympics, breaks India's 100-yr jinx, Tokyo, Tokyo-Olympics-2021, Winner, News, Sports, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia