പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപിന്റെ ഫൈനലില്‍ ഇന്ത്യയേക്കാള്‍ വിജയ സാധ്യത കൂടുതല്‍ ന്യൂസിലന്‍ഡിന്: ആകാശ് ചോപ്ര
May 25, 2021, 12:36 IST
മുംബൈ: (www.kvartha.com 25.05.2021) ജൂണ്‍ 18 മുതല്‍ സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപിന്റെ ഫൈനലില്‍ ഇന്ത്യയേക്കാള്‍ വിജയ സാധ്യത കൂടുതല്‍ ന്യൂസിലന്‍ഡിനാണെന്ന് കമന്റേറ്ററും ഇന്ത്യയുടെ മുന്‍ താരവുമായ ആകാശ് ചോപ്ര. ഓസ്‌ട്രേലിയയില്‍ പോയി വിജയം നേടിയ അതേ ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനെതിരെ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട കാര്യം ചൂണ്ടിക്കാട്ടിയാണ് അദേഹത്തിന്റെ വിലയിരുത്തല്‍.
ഇന്ത്യയ്ക്കു മുന്‍പേ ഇംഗ്ലന്‍ഡിലെത്തിയ ന്യൂസിലന്‍ഡ് ടീം, ഫൈനലിനു മുന്നോടിയായി ഇംഗ്ലന്‍ഡിനെതിരെ അവിടെ കളിക്കാനിറങ്ങുന്നതും ഗുണം ചെയ്യുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റ് ജൂണ്‍ രണ്ടിന് ലോര്‍ഡ്‌സില്‍ ആരംഭിക്കും.
ഫൈനലില്‍ ഇന്ത്യയുടെ സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയുകയല്ലെന്നും 55-45 എന്ന നിലയില്‍ മുന്‍തൂക്കം തീര്‍ച്ചയായും ന്യൂസിലന്‍ഡിനു തന്നെയാണെന്നും ആകാശ് ചോപ്ര.
ടെസ്റ്റ് റാങ്കിങ്ങില്‍ ന്യൂസിലാന്‍ഡ് രണ്ടാമതാണെങ്കിലും സ്വന്തം നാട്ടില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരാണ്. ടെസ്റ്റ് നടക്കുന്ന സതാംപ്ടണില്‍ ഇന്ത്യയേക്കാള്‍ സാഹചര്യങ്ങളുടെ മെച്ചം ലഭിക്കുക ന്യൂസിലന്‍ഡിനു തന്നെയാണെന്നും ഹൃദയം കൊണ്ട് ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമ്പോഴും ന്യൂസിലന്‍ഡില്‍ പോയി അവരെ തോല്‍പിക്കാനായിട്ടില്ലെന്ന യാഥാര്‍ഥ്യം അതേപടി നിലനില്‍ക്കുന്നെന്നും ചോപ്ര.
ഓസ്‌ട്രേലിയയില്‍ പോയി തകര്‍പന്‍ വിജയം നേടിയ ടീമാണ് ന്യൂസിലന്‍ഡില്‍ പോയി തോറ്റു മടങ്ങിയത്. ഓസ്‌ട്രേലിയയ്ക്കെതിരെ കളിച്ച ടീമിനെ അപേക്ഷിച്ച് നമ്മുടെ സമ്പൂര്‍ണ ടീമാണ് ന്യൂസിലന്‍ഡിനെതിരെ കളത്തിലിറങ്ങിയത്. സതാംപ്ടണിലും നാം കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ക്രികെറ്റ് ടീം രണ്ടു ടെസ്റ്റുകള്‍ ഉള്‍പെടുന്ന പരമ്പര 2-0ന് കൈവിട്ടിരുന്നു. വെല്ലിങ്ടനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനും ക്രൈസ്റ്റ്ചര്‍ചില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വികെറ്റിനുമാണ് ഇന്ത്യ തോറ്റത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.