Euro Winners | ഇതുവരെ നടന്ന യൂറോ കപ്പിലെ ജേതാക്കളെ അറിയാം; ഏറ്റവും കൂടുതൽ കിരീടം ജർമനിക്കും സ്പെയിനും


ആദ്യകാലത്ത് നാല് ടീമുകൾ മാത്രമാണ് പങ്കെടുത്തിരുന്നത്. പിന്നീട് എട്ട് ആയും 16 ആയും ഉയർന്നു. 2016 ടൂർണമെന്റുമുതൽ 24 ടീമുകൾ മത്സരിക്കുന്നു
ബെർലിൻ: (KVARTHA) ഫുട്ബോൾ ലോകകപ്പ് കഴിഞ്ഞാൽ ഏറ്റവും ആവേശം വിതറുന്ന യൂറോ കപ്പിന് പന്തുരുളാൻ ദിവസങ്ങൾ ബാക്കി. 1960 മുതൽ ആരംഭിച്ച ഈ ടൂർണമെന്റ് യൂറോപ്പിലെ മികച്ച ദേശീയ ടീമുകൾ തമ്മിലുള്ള മത്സരങ്ങൾക്കാണ് വേദിയൊരുക്കുന്നത്. ഇതുവരെ നടന്ന ടൂർണമെന്റുകളിൽ ജർമ്മനിയും (മുമ്പ് പശ്ചിമ ജർമ്മനി) സ്പെയിനും ഏറ്റവും കൂടുതൽ കിരീടങ്ങൾ (3) നേടി.
ഇറ്റലി (2 വീതം) തൊട്ടുപിന്നാലെ ഉണ്ട്. 2016 ൽ പോർച്ചുഗലും 2020 ൽ ഇറ്റലിയും ആദ്യമായി കിരീടം ചൂടി. യൂറോ കപ്പിൽ ആദ്യകാലത്ത് നാല് ടീമുകൾ മാത്രമാണ് പങ്കെടുത്തിരുന്നത്. പിന്നീട് എട്ട് ആയും 16 ആയും ഉയർന്നു. 2016 ടൂർണമെന്റുമുതൽ 24 ടീമുകൾ മത്സരിക്കുന്നു. ഇതുവരെ നടന്ന 16 യൂറോ കപ്പുകളിൽ വിജയം സ്വന്തമാക്കിയ രാജ്യങ്ങളെ അറിയാം.
1960
1960 ലാണ് യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ - ഇപ്പോൾ നമ്മൾ വിളിക്കുന്ന യൂറോ കപ്പ് - ആദ്യ ടൂർണമെന്റ് നടന്നത്. അന്ന് മത്സരങ്ങൾക്ക് 'യൂറോപ്യൻ നേഷൻസ് കപ്പ്' എന്നാണ് പേര് നൽകിയിരുന്നത്.
ഫ്രാൻസ് ആയിരുന്നു 1960 യൂറോ കപ്പിന്റെ ആതിഥേയ രാജ്യം. 17 ടീമുകൾ യോഗ്യത നേടി ടൂർണമെന്റിൽ പങ്കെടുത്തു. ഫൈനൽ പാരീസിൽ നടന്നു. സോവിയറ്റ് യൂണിയൻ യുഗോസ്ലാവിയയെ എക്സ്ട്രാ ടൈമിൽ 2-1 ന് തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യന്മാരായി കിരീടം ചൂടി.
1964
സ്പെയിൻ 1964 യൂറോ കപ്പിന് ആതിഥേയത്വം വഹിച്ചു. 1960 ലെ ടൂർണമെന്റിന്റെ രീതിയിൽ നിന്ന് വ്യത്യാസം വന്നു. 29 ടീമുകൾ യോഗ്യത നേടി ടൂർണമെന്റിൽ പങ്കെടുത്തു. ഗ്രീസ് യോഗ്യത നേടിയ ശേഷം റഷ്യയുമായുള്ള പ്രശ്നങ്ങൾ കാരണം പിന്മാറി. ഫൈനൽ മാഡ്രിഡിൽ നടന്നു. ഫൈനലിൽ സ്പെയിൻ സോവിയറ്റ് യൂണിയനെ 2-1 ന് തോൽപ്പിച്ച് അവരുടെ ആദ്യത്തെ യൂറോ കപ്പ് കിരീടം നേടി.
1968
ഇറ്റലിയിൽ നടന്ന ഈ യൂറോ കപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത നാടകീയതകളായിരുന്നു. സെമിഫൈനലിൽ സോവിയറ്റ് യൂണിയനും ഇറ്റലിയും തമ്മിലുള്ള മത്സരം സമനിലയിലായി. ഫലം നിർണയിക്കാൻ നാണയ ടോസ് വേണ്ടി വന്നു. നാണയ ടോസിൽ ഇറ്റലി വിജയിച്ചു. ഫൈനലിൽ ഇറ്റലിയും യൂഗോസ്ലാവിയയും ഏറ്റുമുട്ടി. റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ നടന്ന ആദ്യ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. സമനിലയിലായതോടെ രണ്ടാമതും മത്സരം ആവശ്യമായി വന്നു. തുടർന്ന് യൂഗോസ്ലാവിയയെ 2-0 ന് തോൽപ്പിച്ച് ഇറ്റലി ആദ്യമായി യൂറോ കപ്പ് കിരീടം ചൂടി.
1972
ടൂർണമെന്റ് ബെൽജിയത്തിൽ നടന്നു. ആകെ 16 ടീമുകൾ പങ്കെടുത്തു. പശ്ചിമ ജർമ്മനി ഫൈനലിൽ സോവിയറ്റ് യൂണിയനെ 3-0 ന് തോൽപ്പിച്ച് കിരീടം നേടി. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വ്യത്യാസത്തിൽ (3 ഗോൾ) ഫൈനൽ ജയിച്ചത് 1972 ൽ പശ്ചിമ ജർമ്മനിയാണ്. 2012 വരെ ഈ റെക്കോർഡ് നിലനിന്നു.
1976
യുഗോസ്ലാവിയയിൽ നടന്ന യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ചെക്കോസ്ലോവാക്യ (ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക് & സ്ലോവാക്യ) അവിസ്മരണീയമായ വിജയം നേടി. ഫൈനലിൽ ചെക്കോസ്ലോവാക്യ ഏറ്റുമുട്ടിയത് ഫുട്ബോൾ ശക്തികളായ പശ്ചിമ ജർമ്മനിയോടായിരുന്നു. മത്സരം സമനിലയിൽ (2-2) അവസാനിച്ചു. എക്സ്ട്രാ ടൈമിലും ഗോളുകൾ ഇല്ലാതിരുന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാൽറ്റി ഷൂട്ടൗട്ടിൽ ചെക്കോസ്ലോവാക്യ 5-3 ന് വിജയിച്ചു. ചെക്കോസ്ലോവാക്യയുടെ വിജയത്തിന് നിദാനമായത് അവസാന പെനാൽറ്റി എടുത്ത ആന്റോണിൻ പനെങ്ക ആയിരുന്നു.
1980
1980 ൽ നടന്ന യൂറോ കപ്പ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. ഇറ്റലിയിൽ നടന്ന ഈ ടൂർണമെന്റിൽ ആദ്യമായി എട്ട് ടീമുകൾ കളിച്ചു. മുൻപ് നാല് ടീമുകൾ മാത്രമാണ് കളിച്ചിരുന്നത്. ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടവും മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫും ഫൈനൽ മത്സരവും നടന്നു. ഫൈനലിൽ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ച് പശ്ചിമ ജർമ്മനി അവരുടെ രണ്ടാമത്തെ യൂറോപ്യൻ കിരീടം നേടി.
1984
1984 ലെ യൂറോ കപ്പ് ഫ്രാൻസിൽ നടന്നു. ടൂർണമെന്റിൽ വിജയിച്ചത് ഫ്രാൻസ് ആയിരുന്നു. ഫൈനലിൽ സ്പെയിനിനെ 2-0 ന് പരാജയപ്പെടുത്തി ഫ്രാൻസ് അവരുടെ ആദ്യത്തെ പ്രധാന കിരീടം നേടി. ക്യാപ്റ്റൻ മിഷേൽ പ്ലാറ്റിനി അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടി ശ്രദ്ധേയനായി.
1988
1988 ലെ യൂറോ കപ്പ് പശ്ചിമ ജർമ്മനിയിൽ നടന്നു. ടൂർണമെന്റിൽ നെതർലാൻഡ്സ് (ഹോളണ്ട്) ആദ്യമായി കിരീടം നേടി. ഫൈനലിൽ നെതർലൻഡ്‌സ് 2-0ന് സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തി. മികച്ച താരമായിരുന്ന മാർകോ വാൻ ബാസ്റ്റൺ അഞ്ച് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.
1992
യൂറോ കപ്പ് സ്വീഡനിൽ നടന്നു. യുഗോസ്ലാവിയയുടെ യോഗ്യത നഷ്ടപ്പെടലിനെ തുടർന്ന് ടൂർണമെന്റിൽ പങ്കെടുത്ത ഡെന്മാർക്ക് അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് കിരീടം നേടി. ഫൈനലിൽ അവർ അന്നത്തെ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ 2-0 ന് തോൽപ്പിച്ചു.
1996
1996 ൽ ഇംഗ്ലണ്ടിൽ നടന്ന യൂറോ കപ്പിൽ 16 ടീമുകൾ മത്സരിച്ചു. ഇത് മുൻപ് നടന്ന ടൂർണമെന്റുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു, നേരത്തെ എട്ട് ടീമുകൾ മാത്രമാണ് പങ്കെടുത്തത്. ജർമ്മനി ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിനെ (മുൻപ് ചെക്കോസ്ലൊവാക്യ) അധിക സമയത്തെ ഗോളിലൂടെ 2-1 ന് (ഗോൾഡൻ ഗോൾ) തോൽപ്പിച്ച് കിരീടം നേടി.
2000
2000 ൽ നടന്ന യൂറോ കപ്പ് ഫുട്ബോൾ ലോകത്തെ ആവേശം കൊളിക്കുന്നതായിരുന്നു. ബെൽജിയം, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ ചേർന്ന് സംയുക്തമായി ആതിഥേയത്വം വഹിച്ച ഈ ടൂർണമെന്റിൽ ഫ്രാൻസ് 1998 ലെ ലോകകപ്പ് വിജയത്തിന് ശേഷം യൂറോ കിരീടവും നേടി ചരിത്രം സൃഷ്ടിച്ചു. ഫൈനലിൽ ഇറ്റലിയെയാണ് 2-1 ന് തോൽപ്പിച്ചത്.
2004
ഇത്തവണത്തെ യൂറോ കപ്പ് പോർച്ചുഗലിൽ നടന്നു. ടൂർണമെന്റിൽ അപ്രതീക്ഷിത വിജയികളായി ഗ്രീസ് കിരീടം ചൂടി. പരമ്പരാഗത കരുത്തരായ ജർമ്മനി, സ്‌പെയിൻ, ഇറ്റലി എന്നീ ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി എന്നത് ടൂർണമെന്റിന്റെ സവിശേഷതയാണ്. ഫൈനലിൽ ആതിഥേയരായ പോർച്ചുഗലിനെ 1-0ന് ഗ്രീസ് തോൽപിച്ചു.
2008
2008 ൽ ഓസ്ട്രിയയിലും സ്വിറ്റ്സർലണ്ടിലുമായി നടന്ന യൂറോ കപ്പിൽ സ്പെയിൻ വിജയിച്ചു. ഫൈനലിൽ ജർമ്മനിയെ 1-0 ന് തോൽപ്പിച്ചാണ് സ്പെയിൻ കിരീടം നേടിയത്. ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന ഫൈനലിൽ ഫെർണാണ്ടോ ടോറസ് വിജയ ഗോൾ നേടി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് സ്പാനിഷ് താരം ഡേവിഡ് വില്ല (4 ഗോൾ) ആയിരുന്നു
2012
2012 ലെ യൂറോ കപ്പ് പോളണ്ടിലും യുക്രെയനിലുമായി നടന്നു. 16 ടീമുകൾ ഫൈനൽ ഘട്ടത്തിൽ മാറ്റുരച്ചു. ഫൈനലിൽ സ്‌പെയിൻ ഇറ്റലിയെ 4-0 ന് തോൽപ്പിച്ച് ചാമ്പ്യന്മാരായി. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ആന്ദ്രേസ് ഇനിയേസ്റ്റയും ഡേവിഡ് വില്ലയും ആയിരുന്നു.
2016
ഫ്രാൻസിൽ നടന്ന 2016 യൂറോ കപ്പ് ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ ഓർക്കുന്ന ഒരു ടൂർണമെന്റാണ്. ഫ്രാൻസും പോർച്ചുഗലും തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ വിജയം വരിച്ചത് പോർച്ചുഗൽ ആയിരുന്നു. 24 ടീമുകൾ ടൂർണമെന്റിലേക്ക് യോഗ്യത നേടി, മുമ്പ് 16 ആയിരുന്നു. ഫൈനലിൽ ഫ്രാൻസിനെ 1-0 ന് പരാജയപ്പെടുത്തി പോർച്ചുഗൽ അവരുടെ ആദ്യത്തെ പ്രധാന ട്രോഫി ഉയർത്തി.
2021
യഥാർത്ഥത്തിൽ 2020 ൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കോവിഡ് -19 മഹാമാരിയെ തുടർന്ന് 2021 ലേക്ക് മാറ്റിവെച്ചിരുന്നു. ഒരേ സമയം 11 യൂറോപ്യൻ രാജ്യങ്ങളിലായി 2021 ജൂണിൽ ആരംഭിച്ച് ജൂലൈയിൽ സമാപിച്ച ഈ ടൂർണമെന്റ് ഫുട്ബോൾ ആരാധകർക്ക് ആവേശം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ചു. 2006 ന് ശേഷമുള്ള ആദ്യ യൂറോ കപ്പ് കിരീടം നേടിയ ഇറ്റലിയുടെ മികച്ച പ്രകടനം ടൂർണമെന്റിൽ കണ്ടു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അധിക സമയം 1-1 ന് അവസാനിച്ചപ്പോൾ പെനാൽറ്റിയിൽ ഇംഗ്ലണ്ട് ഇറ്റലിയോട് 3-2 ന്റെ തോൽവി ഏറ്റുവാങ്ങി.
കിരീടം ചൂടിയ രാജ്യങ്ങൾ:
1960: സോവിയറ്റ് യൂണിയൻ
1964: സ്പെയിൻ
1968: ഇറ്റലി
1972: പശ്ചിമ ജർമ്മനി
1976: ചെക്കോസ്ലോവാക്യ
1980: പശ്ചിമ ജർമ്മനി
1984: ഫ്രാൻസ്
1988: നെതർലാൻഡ്സ്
1992: ഡെന്മാർക്ക്
1996: ജർമ്മനി
2000: ഫ്രാൻസ്
2004: ഗ്രീസ്
2008: സ്പെയിൻ
2012: സ്പെയിൻ
2016: പോർച്ചുഗൽ
2020: ഇറ്റലി