റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

 


റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍
വാഴ്സോ: മരണഗ്രൂപ്പിലെ തീപാറുന്ന പോരാട്ടത്തിനൊടുവില്‍ നെതര്‍ലന്‍ഡ്സിനെ കീഴടക്കി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപട നെതര്‍ലന്‍ഡിനെ തകര്‍ത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളാണ് പോര്‍ച്ചുഗലിന് വിജയം സമ്മാനിച്ചത്. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ളിക്കുമായി ഏറ്റുമുട്ടും.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താരപ്രഭ ഫുട്ബോള്‍ ലോകം ഒരിക്കല്‍ കൂടി കണ്ടറിഞ്ഞപ്പോള്‍, കളി ആരവങ്ങള്‍ക്കൊടുവില്‍ പറങ്കികള്‍ പറന്നുയര്‍ന്നു. ആദ്യ രണ്ട് കളികളിലെയും പിഴവുകള്‍ക്ക് പ്രായശ്ചിത്തമെന്നോണമായിരുന്നു റൊണാള്‍ഡോയുടെ മിന്നലാട്ടം. തുടക്കം മുതല്‍ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിലാണ് പറങ്കിപട നെതര്‍ലന്‍ഡിനെ കീഴടക്കിയത്. ടൂര്‍ണമെന്റില്‍ സമ്പൂര്‍ണ പരാജയമെന്ന നാണക്കേടുമായി ഓറഞ്ച് പടക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട. ഇരുടീമുകളും ഒന്നിനൊന്ന് മുന്നേറി കളിച്ച മല്‍സരം ആത്യാവേശകരമായിരുന്നു. തുടക്കത്തില്‍ ഡച്ച് പടയ്ക്കായിരുന്നു ആധിപത്യം. അതിന് ഫലമെന്നോണം 11ം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗീസ് വലകുലുങ്ങി. ആര്യന്‍ റോബന്‍ നല്‍കിയ പാസില്‍ വാന്‍ഡര്‍ വാര്‍ട്ടിന്റെ ബുള്ളറ്റ് ഷോട്ട്.

ഒരു ഗോള്‍ വഴങ്ങിയതോടെ പറങ്കിപട ഉണര്‍ന്നു കളിച്ചു. നാനി നല്‍കിയ പാസ് ഓറഞ്ച് പടയുടെ നെഞ്ച് പിളര്‍ന്ന് റൊണാള്‍ഡോയും വലയിലാക്കി. ആര്‍ത്തിരമ്പിയ നെതര്‍ലന്‍ഡ്സ് ആരാധകര്‍ നിശബ്ദരായി. പക്ഷെ അടങ്ങാന്‍ തയ്യാറായിരുന്നില്ല ഇരുടീമുകളും. വിജയത്തിനായി ഡച്ചിന്റെയും പോര്‍ച്ചഗലിന്റെയും ഒന്നാന്തരം മുന്നേറ്റങ്ങള്‍. എന്നാല്‍ നിരവധി അവസരങ്ങളാണ് ഇരുകൂട്ടരും പാഴാക്കിയത്. അങ്ങനെ ആദ്യ പകുതി ഓരോ ഗോള്‍വീതം നേടി സമനിലയില്‍.

രണ്ടാം പകുതിയിലായിരുന്നു യഥാര്‍ത്ഥ പോരാട്ടം കണ്ടത്. ഓറഞ്ച് പട കളിമറന്നെന്ന് തോന്നിച്ച നിമിഷങ്ങള്‍. വിജയംപിടിയ്ക്കാന്‍ ഡച്ച് പട ഒന്നടങ്കം മുന്നേറികളിച്ചപ്പോള്‍, അവസരം മുതലാക്കാന്‍ പറങ്കികള്‍ മറുപാളയത്തില്‍ തുടരെ ആക്രമണം അഴിച്ചുവിട്ടു. പക്ഷെ 72ം മിനിറ്റില്‍ ലഭിച്ച മികച്ചൊരു അവസരം നാനി തുലച്ചു. വിജയത്തിനായി തന്നെ പോര്‍ച്ചുഗല്‍ മുന്നേറി. 78ം മിനിറ്റില്‍ വീണ്ടും താരമായി റൊണാള്‍ഡോ. പന്തുമായി മുന്നേറിയ നാനിയുടെ പാസില്‍ നിന്നും ഗോളിയെയും ഡിഫന്‍ഡര്‍മാരെയും കബളിപ്പിച്ച് റൊണാള്‍ഡോയുടെ സുന്ദരന്‍ ഷോട്ട്. സൂപ്പര്‍ താരത്തിന്റെ രണ്ടാം ഗോള്‍.

കളിയുടെ അവസാന നിമിഷങ്ങളില്‍ ഒന്നിനൊന്ന് മികച്ച പോരാട്ടം ഇരുടീമുകളും പുറത്തെടുത്തെങ്കിലും പോര്‍ച്ചുഗീസ് പട ഉജ്ജ്വല വിജയം തന്നെ സ്വന്തമാക്കി.

Keywords:  Football, Sports, Euro 2012, Ronaldo, Netherlands, Portugal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia