ജാവലിന്‍ ത്രോയിലൂടെ ഇന്‍ഡ്യയ്ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്; തീര്‍ന്നില്ല, മറ്റ് വിജയികള്‍ക്കും സമ്മാനമുണ്ട്

 


ടോക്യോ: (www.kvartha.com 08.08.2021) ഒളിംപിക്‌സ് അത്ലറ്റിക്‌സില്‍ ഒരു നൂറ്റാണ്ടു പിന്നിട്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ജാവലിന്‍ ത്രോയിലൂടെ ഇന്‍ഡ്യയ്ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്. നീരജിന് മാത്രമല്ല, ഏഴു മെഡലുകളുമായി ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സാഹചര്യത്തില്‍ മറ്റു താരങ്ങള്‍ക്കും ബൈജൂസിന്റെ സമ്മാനമുണ്ട്. പ്രസ്താവനയിലൂടെയാണ് ബൈജൂസ് സമ്മാനക്കാര്യം പുറത്തുവിട്ടത്.

ജാവലിന്‍ ത്രോയിലൂടെ ഇന്‍ഡ്യയ്ക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്; തീര്‍ന്നില്ല, മറ്റ് വിജയികള്‍ക്കും സമ്മാനമുണ്ട്

വ്യക്തിഗത ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ എല്ലാ താരങ്ങള്‍ക്കും ഓരോ കോടി രൂപ വീതമാണ് ബൈജൂസ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരാബായ് ചാനു, ഗുസ്തിയില്‍ വെള്ളി നേടിയ രവികുമാര്‍ ദാഹിയ, ബാഡ്മിന്റന്‍ സിംഗിള്‍സില്‍ വെങ്കലം നേടിയ പി വി സിന്ധു, ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ ജേതാവായ ലവ്ലിന ബോര്‍ഗോഹെയ്ന്‍, ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്രംഗ് പൂനിയ എന്നിവര്‍ക്കാണ് ബൈജൂസിന്റെ ഓരോ കോടി രൂപ ലഭിക്കുക. രാജ്യത്തെ കായിക താരങ്ങള്‍ക്കുള്ള പ്രോത്സാഹനം എന്ന നിലയ്ക്കാണ് ഈ സമ്മാനം പ്രഖ്യാപിക്കുന്നതെന്ന് ബൈജൂസ് പ്രസ്താവനയില്‍ അറിയിച്ചു.

കോവിഡ് വ്യാപനവും അനന്തര ഫലമായുള്ള ലോക്ഡൗണും സൃഷ്ടിച്ച വെല്ലുവിളികള്‍ മറികടന്നാണ് താരങ്ങള്‍ ഒളിംപിക്‌സില്‍ ചരിത്രനേട്ടം കൈവരിച്ചതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയതിനൊപ്പം, ഇന്‍ഡ്യയ്ക്ക് ഇനിയും കൂടുതല്‍ ഒളിംപിക് ചാംപ്യന്‍മാരെ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷ പകരാനും ഇവര്‍ക്ക് കഴിഞ്ഞുവെന്ന് ബൈജൂസ് ചൂണ്ടിക്കാട്ടി.

'രാജ്യത്തിന്റെ വളര്‍ച്ചയില്‍ കായിക മേഖലയ്ക്ക് തനതായ പങ്കുണ്ട്. ഇത് നമ്മുടെ ഒളിംപിക് മെഡല്‍ വിജയികളെ ആദരിക്കുന്ന സമയമാണ്. ഈ ആദരവും പ്രോത്സാഹനവും നാലു വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കേണ്ട കാര്യമല്ല. എല്ലാ ദിവസവും വേണം. അവര്‍ ഓരോരുത്തരും അര്‍ഹിക്കുന്ന ആദരവ് തന്നെയാണ് അത്. ടോക്യോ ഒളിംപിക്‌സില്‍ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ താരങ്ങളുടെ കഠിനാധ്വാനത്തിനും ത്യാഗത്തിനും സമ്മാനം നല്‍കുകയാണ്' ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.

'രാജ്യത്തിനായി കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഈ താരങ്ങള്‍ക്കും ജീവിതത്തില്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ നമ്മുടെ കുട്ടികള്‍ക്കും ഈ സമ്മാനങ്ങള്‍ പ്രോത്സാഹനമാകുമെന്ന് കരുതുന്നു. കായിക രംഗത്ത് കൂടുതല്‍ ചാംപ്യന്‍മാരെ സൃഷ്ടിക്കാനുള്ള പ്രതിഭാ സമ്പത്ത് നമ്മുടെ രാജ്യത്തിനുണ്ട്. വിജയികളായവരെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കായിക മേഖലയെ ഇഷ്ടപ്പെടുന്നവര്‍ എന്ന നിലയില്‍നിന്ന് കായിക മേഖലയുടെ ഭാഗങ്ങളായി മാറാന്‍ ഇന്‍ഡ്യയ്ക്ക് കഴിയും. നമ്മുടെ അഭിമാനമുയര്‍ത്തിയ ഈ നേട്ടങ്ങള്‍ക്ക് നന്ദി' ബൈജൂ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  BYJU'S announces Rs 2 crore for Neeraj Chopra, Rs 1 crore each for other medallists, Tokyo, Tokyo-Olympics-2021, Compensation, Winner, Sports, Japan, News, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia