വടവൃക്ഷത്തിന്റെ അന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലീദ എ.എല്‍

(www.kvartha.com 09.08.2015) ഓ ! ഈ തോല്‍വി ഒരു യുഗാന്ത്യമാണോ അതോ സ്‌പോര്‍ട്ടിങ് സ്പിരിറ്റിന്റെ അവസാനമോ? ആഷസ് കൈവിട്ട് ട്രെന്റ് ബ്രിഡ്ജിലെ പടികളിറങ്ങുമ്പോള്‍ ഒരു പക്ഷേ വസന്തത്തിന്റെ ഇടിമുഴക്കത്തില്‍ നിന്ന് ശിശിരത്തിന്റെ കൊഴിഞ്ഞുപോക്കിലേക്ക് മാറുന്ന വടവൃക്ഷത്തിന്റെ മാനസികാവസ്ഥയിലായിരിക്കും ക്യാപ്ടന്‍ മൈക്കില്‍ ക്ലാര്‍ക്കും കൂട്ടരും. മാസങ്ങള്‍ക്ക് മുമ്പ് കിവി കൂട്ടില്‍ നിന്ന് ന്യൂസിലാന്‍ഡുകാരെ പുകച്ച് പുറത്തുചാടിച്ച് ഏകദിന ക്രിക്കറ്റിന്റെ രാജാക്കന്മാരായ ക്ലാര്‍ക്കിന്റെ കങ്കാരുപട നാലില്‍ മൂന്ന് തോല്‍വികളും ഹൃദയത്തിലേറ്റി നില്‍ക്കുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമാണ് അവര്‍ക്കുമുന്നിലുള്ളത്, കാരണം ക്യാപ്ടന്‍ തളര്‍ന്നു കഴിഞ്ഞു. ഇനിയൊരു തിരിച്ചടിക്ക് ശേഷിയില്ലാതെ.

ഒരു കാലത്ത് കരീബിയന്‍ അപ്രമാദിത്വത്തില്‍ നിന്ന് ക്രിക്കറ്റിനെ തങ്ങളുടെ വരുതിയിലാക്കിയവരാണ് ഓസ്‌ട്രേലിയന്‍സ്. ഗാരി സോബേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, മാല്‍ക്കം മാര്‍ഷ്, ആംബ്രോസ് തുടങ്ങിയവരുടെ നിഴലുകണ്ടാല്‍ മുട്ടുവിറക്കുന്ന മാനസികാവസ്ഥയില്‍ നിന്ന് അടിക്ക് തിരിച്ചടി എന്ന ക്രിക്കറ്റ് പോളിസിയിലൂടെ ക്രിക്കറ്റിന്റെ ഇരു ഫോര്‍മാറ്റുകളിലും തലതൊട്ടപ്പന്മാരായി വിലസിയവരാണ് കങ്കാരുക്കള്‍. തങ്ങളുടെ രാജവാഴ്ചയെ ചോദ്യം ചെയ്യാനെത്തുന്നവരെ കളത്തിനുപുറത്തും അകത്തും അവര്‍ ആക്രമിച്ചു. എതിരാളികളെ വാക്കാല്‍ വീഴ്ത്തി 22 വാരത്തില്‍ തീ തുപ്പുന്ന പന്തുകളില്‍ അവര്‍ കൊന്നുകുഴിച്ചുമൂടി. ഗ്ലെന്‍ മഗ്രാത്തിന്റെ ബോഡി ലെങ്ത്തും ബ്രെറ്റ് ലീയുടെ തലപൊളിയുന്ന ബൗണ്‍സറുകള്‍ക്കും ഷെയിന്‍ വാണിന്റെ കുത്തിതിരിയുന്ന പന്തുകള്‍ക്കും ജാക്‌സണ്‍ ഗില്ലസ്പിയുടെ മാരക സ്‌പെല്ലുകള്‍ക്കും മുന്നില്‍ ഉത്തരമില്ലാതെ ബാറ്റുവെച്ച് കീഴടങ്ങിയവര്‍ ഇന്ന് അതേ നാണയത്തില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിരിച്ചടിക്കുമ്പോള്‍ താങ്ങാനുള്ള ശേഷി ഇന്നിവര്‍ക്ക് ഇല്ല, കാരണം കങ്കാരുക്കളുടെ സഞ്ചിയിലെ പ്രതിഭയുടെ അവസാന കണികയും വറ്റിയിരിക്കുന്നു.

ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഓസ്‌ട്രേലിയയുടെ ആഷസ് തോല്‍വി ചരിത്രത്തിലാദ്യമല്ല. നഷ്ടപ്പെട്ട പരമ്പര സ്വന്തം മണ്ണിലെത്തുമ്പോള്‍ അവര്‍ ശക്തമായി പൊരുതി നേടിയിട്ടുമുണ്ട്. പക്ഷേ ഇത്തവണ ഫാസ്റ്റ് ട്രാക്ക് പിച്ചില്‍ കളിക്കാരുടെ കീഴടങ്ങലാണ് ഏതൊരു ക്രിക്കറ്റ് പ്രേമിയെയും ആശ്ചര്യപ്പെടുത്തുന്നത്. ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പോലും മറന്ന് ആദ്യമായി പന്തിനെ അഭിമുഖീകരിക്കുന്ന കുട്ടിയെപ്പോലെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും അഡേഴ്‌സണിന്റെയും പന്തുകളില്‍ നിന്ന് ശരീരത്തെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ കുനിഞ്ഞും ബാറ്റുയര്‍ത്തിയും സ്ലിപില്‍ കങ്കാരുക്കള്‍ വിക്കറ്റുകള്‍ വലിച്ചെറിയുമ്പോള്‍ ഒരു പക്ഷേ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പോലും ചിന്തിച്ചിരിക്കാം, ഇത്രയുമൊന്നും വേണ്ടിയിരുന്നില്ല.

കുട്ടിക്രിക്കറ്റിന്റെ വേഗതയില്‍ വളര്‍ന്ന പുതുമുഖതാരങ്ങള്‍ക്ക് ഏകാഗ്രതയുടെ പാഠം മനസ്സിലാക്കാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിവരും. സ്റ്റീവോയും റിക്കി പോണ്ടിംങും മൈക്കല്‍ ബേവനും ഡാമിയന്‍ മാര്‍ട്ടിനും ലേമാനും ഹൈഡനുമൊക്ക അരങ്ങുവാണ മണ്ണില്‍ ക്ലാര്‍ക്കും കൂട്ടരും മൂന്നുദിവസം കൊണ്ട് രണ്ട് ടെസ്റ്റുപരമ്പരകള്‍ അടിയറവെക്കുമ്പോള്‍ അടിവരയിടുന്നതിതാണ്. ഒരിക്കലും തോല്‍ക്കാത്ത ടീമില്‍ നിന്ന് ആരോടും തോല്‍ക്കുന്ന ടീമായി ഓസ്‌ട്രേലിയ മാറിയിട്ടുണ്ടെങ്കില്‍ അതിന് കാരണം ചികഞ്ഞ് അധികം പുറകോട്ട് പോകേണ്ടതില്ല. ഷെയിന്‍വാണും മഗ്രാത്തും ഒഴിച്ചിട്ട കസേരകള്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്. അവര്‍ക്ക് പകരക്കാരനെയോ അല്ലെങ്കില്‍ ആ പ്രതിഭയുടെ നാലയലത്ത് വരുന്ന താരങ്ങളെയോ കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇതുവരെ സാധിച്ചിട്ടില്ല. അവര്‍ ചിന്തിച്ചത് അടുത്ത ക്യാപ്ടനെക്കുറിച്ചാണ്. സ്റ്റീവോക്ക് പകരം റിക്കി, റിക്കിക്ക് പകരക്കാരന്‍ ക്ലാര്‍ക്ക്, ഇനി ക്ലാര്‍ക്കിന് പകരമാര്?

റിക്കി പോണ്ടിങ്ങിന്റെ കൈകളില്‍ നിന്ന് അമരത്തിരുന്ന ടീമിന്റെ ചെങ്കോലുമായി യാത്ര തുടങ്ങിയ ക്ലാര്‍ക്ക് ആഷസിന്റെ പാതിവഴിയില്‍ തന്റെ പടിയിറക്കം പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യം നഷ്ടപ്പെട്ട രാജാവിനെപ്പോലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകാതെയാണ് ക്ലാര്‍ക്കിന്റെ പടിയിറക്കം. ഒരു വര്‍ഷമായി തനിക്ക് നഷ്ടപ്പെട്ട ഫോമില്ലായ്മയെക്കുറിച്ച് പറഞ്ഞ് വെമ്പിയ ഓസ്‌ട്രേലിയന്‍ ക്യാപ്ടന്‍ പക്ഷേ ടീമിന്റെ തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് എത്തിനോക്കാന്‍ ശ്രമിക്കാത്തതിനെ ദുരന്തമെന്ന് വിശേഷിപ്പിക്കാനെ സാധിക്കുന്നുള്ളൂ. രാഷ്ട്രീയത്തിന്റെ പേരില്‍ ശോഭനമായ ക്രിക്കറ്റിനെ കൊല്ലുന്നവര്‍ക്കെതിരെ തിരിച്ചടിക്കേണ്ട സമയത്തും സ്വയം പഴിചാരി ക്യാപ്ടന്‍സി രാജിവെക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഒരാളും കൂടി എന്നതിനപ്പുറം ക്ലാര്‍ക്കിന്റെ രാജി പ്രഖ്യാപനം ആരിലും ഒന്നും സൃഷ്ടിക്കുന്നില്ല. പക്ഷേ നാമവശേഷമായികൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അതൊരു നഷ്ടമാണ്. എല്ലാമറിഞ്ഞിട്ടും ഒന്നും പറയാതെ പോകുന്ന താരത്തിന്റെ നഷ്ടം.
വടവൃക്ഷത്തിന്റെ അന്ത്യം

Keywords: Article, Sports, Cricket, Loss, Australia, Cricket team, Ashes, Captain,  Ashes 2015: England hammer Australia to regain the urn.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script