Martinez | 'വീട്ടിലെ ചുവരില്‍ തൂക്കിയിടുന്നതിനേക്കാളും ഒരു കുട്ടിക്ക് സഹായമാകുമെങ്കില് അതാണ് വലിയ കാര്യം'; കുഞ്ഞുങ്ങള്‍ക്ക് കാന്‍സര്‍ ചികിത്സ നടത്തുന്ന ആശുപത്രിയെ സഹായിക്കാന്‍ ലോകകപ് മത്സരങ്ങളില്‍ ഉപയോഗിച്ച ഗ്ലൗവുകള്‍ ലേലം ചെയ്ത് എമിലിയാനോ മാര്‍ടിനെസ്
Mar 13, 2023, 11:17 IST
ബ്യൂനസ് ഐറിസ്: (www.kvartha.com) കുഞ്ഞുങ്ങള്‍ക്ക് കാന്‍സര്‍ ചികിത്സ നടത്തുന്ന ആശുപത്രിയെ സഹായിക്കാന്‍ ഗ്ലൗവുകള്‍ ലേലം ചെയ്ത് ഗോള്‍ കീപര്‍ എമിലിയാനോ മാര്‍ടിനെസ്. അര്‍ജന്റീനയ്ക്കായി ലോകകപ് മത്സരങ്ങളില്‍ ഉപയോഗിച്ച ഗ്ലൗവുകളാണ് ലേലം ചെയ്തത്.
ഫൈനലില്‍ ഫ്രാന്‍സിനെതിരായ പെനല്‍റ്റി ഷൂടൗടില്‍ അടക്കം ഉപയോഗിച്ച ഗ്ലൗവിന് 45,000 ഡോളറാണ് കിട്ടിയത്. ഓണ്‍ലൈനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലേലം നടപടികള്‍ നടന്നത്. ലേലത്തിന് മുന്‍പ് ഗ്ലൗവില്‍ അര്‍ജന്റീന താരം കയ്യൊപ്പിട്ട് നല്‍കിയിരുന്നു. ഇന്‍ഡ്യന്‍ രൂപ ഏകദേശം 36.8 ലക്ഷത്തിനായിരുന്നു ഗ്ലൗ ലേലത്തില്‍ പോയത്.
ഇന്‍ഗ്ലന്‍ഡിലെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ലിങ്ക് വഴി മാര്‍ടിനസ് ലേലത്തിന്റെ ഭാഗമായി. മുഴുവന്‍ തുകയും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഇന്ഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റന്‍ വിലയുടെ ഗോള്‍ കീപറാണ് എമിലിയാനോ മാര്‍ടിനസ്.
അര്‍ജന്റീനയിലെ കുട്ടികളെ ചികിത്സിക്കുന്ന പ്രധാന ആശുപത്രികളിലൊന്നായ ഗറാഹന്‍ ആശുപത്രിക്കാണ് പണം കൈമാറിയത്. 'ലോകകപ് ഫൈനല്‍ എപ്പോഴും കളിക്കാനാകാത്തത് കൊണ്ടുതന്നെ ഗ്ലൗ തനിക്ക് പ്രധാനപ്പെട്ട ഒന്നായിരുന്നു. പക്ഷേ അത് വീട്ടിലെ ചുവരില്‍ തൂക്കിയിടുന്നതിനേക്കാളും ഒരു കുട്ടിക്ക് സഹായമാകുമെങ്കില് അതാണു വലിയ കാര്യം.'- മാര്‍ടിനസ് പറഞ്ഞു.
ഫിഫ ലോകകപ് ഫൈനലില്‍ പെനല്‍റ്റി ഷൂടൗട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫ്രാന്‍സിനെ കീഴടക്കി അര്‍ജന്റീന കിരീടം ചൂടിയത്. മികച്ച ഗോള്‍ കീപര്ക്കുള്ള പുരസ്കാരവും എമിലിയാനോ മാര്‍ടിനെസ് സ്വന്തമാക്കിയിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച ഫിഫ ദ് ബെസ്റ്റില്‍ ഗോള്‍കീപര്‍ക്കുള്ള പുരസ്കാരവും എമിലിയാനോ സ്വന്തമാക്കി.
Keywords: News, World, Football, help, Player, Sports, Health, hospital, Children, Cancer, Top-Headlines, Latest-News, Argentina goalkeeper Martinez auctions World Cup gloves for hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.