അഞ്ജുവിനോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഇ പി ജയരാജന്‍

 


തിരുവനന്തപുരം: (www.kvartha.com 09.06.2016) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയെന്ന ആരോപണം കായിക മന്ത്രി ഇ.പി.ജയരാജന്‍ നിഷേധിച്ചു. തന്നെ കാണാനെത്തിയ അഞ്ജുവിനോട് തികച്ചും മാന്യമായാണ് പെരുമാറിയതെന്ന് അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അഞ്ജുവിനെ സന്തോഷത്തോടെയാണ് താന്‍ യാത്ര അയച്ചത്. തനിക്കെതിരെ അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ കുറിച്ച് അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

കായിക മന്ത്രിയായ ശേഷം ജയരാജനെ ആദ്യമായി കാണാനെത്തിപ്പോള്‍ അകാരണമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അഞ്ജുവിന്റെ പരാതി. സ്‌പോര്‍ട്്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്നാരോപിച്ച് മന്ത്രി തങ്ങളോട് തട്ടിക്കയറിയെന്നും പരുഷമായി സംസാരിച്ചെന്നും അഞ്ജു ആരോപിച്ചു. തുടര്‍ന്ന് അഞ്ജു മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം അഞ്ജുവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടിയും പുതിയ കായികമന്ത്രിയെ കാണാനെത്തിയപ്പോഴായിരുന്നു പരാതിക്കിടയാക്കിയ സംഭവം അരങ്ങേറിയത്. കായികരംഗത്ത് ചെയ്ത സംഭാവനകള്‍ പരിഗണിച്ച് ഇരുവരേയും സ്വീകരിക്കുന്നതിനു പകരം നിലവിലെ ഭരണ സമിതിയെ പുറത്താക്കുമെന്ന് പറഞ്ഞ് മന്ത്രി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അഞ്ജു ആരോപിച്ചിരുന്നു.

സ്പോര്‍ട്‌സ് കൗണ്‍സിലില്‍ കായിക താരങ്ങള്‍ക്ക് പ്രാധാന്യമില്ലെന്നും അതില്‍ അഴിമതിക്കാരെ കുത്തിത്തിരുകിയിരിക്കുകയാണെന്നും പറഞ്ഞ് മന്ത്രി തങ്ങളെ ആക്ഷേപിക്കുകയായിരുന്നുവെന്നും ആറുമാസത്തിനകം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉടച്ചുവാര്‍ക്കുമെന്നും കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ ബംഗളൂരുവിലേക്കുള്ള വിമാനയാത്രാക്കൂലിയായി അഞ്ജു സര്‍ക്കാരില്‍നിന്ന് വാങ്ങിയ 40,000 രൂപ തിരിച്ചടപ്പിക്കുമെന്നും മന്ത്രി പറഞ്ഞതായും അഞ്ജുവിന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം 2008 ല്‍ ഇടതുസര്‍ക്കാര്‍ കൗണ്‍സില്‍ പ്രസിഡന്റിന് വിമാന യാത്രാക്കൂലി അനുവദിക്കാന്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കായിക സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവരുടെ അനുമതിയോടെയാണ് യാത്രാക്കൂലി വാങ്ങിയതെന്നും താന്‍ അഴിമതി കാട്ടിയിട്ടില്ലെന്നും അഞ്ജു വ്യക്തമാക്കി.

പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ സ്ഥാനമൊഴിയേണ്ടത് രാഷ്ട്രീയ നിയമനം നേടിയവരാണ്. കായിക രംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളെ ഈ പദവിയിലേക്ക് ക്ഷണിച്ചു വരുത്തിയത്. ഒടുവില്‍ ആക്ഷേപിച്ച് ഇറക്കിവിടുന്നത് ശരിയല്ലെന്നും അഞ്ജു പറഞ്ഞിരുന്നു. മാത്രമല്ല, കായിക താരങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് താന്‍ നില്‍ക്കുന്നതെന്നും അഞ്ജു പറഞ്ഞു. അതേസമയം അഞ്ജു ബോബി ജോര്‍ജിനോടുള്ള കായിക മന്ത്രിയുടെ പെരുമാറ്റം പൊറുക്കാന്‍ കഴിയാത്തതാണെന്ന് മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
അഞ്ജുവിനോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഇ പി ജയരാജന്‍

Also Read:
ഭര്‍തൃമതിയെയും മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കാണാതായി

Keywords:  Anju Bobby George accuses E P Jayarajan of harsh behaviour, minister denies, Thiruvananthapuram, Allegation, Complaint, Chief Minister, Pinarayi vijayan, Thiruvanchoor Radhakrishnan, Media, Sports, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia