ആന്ദ്രേ എസ്കോബാർ: ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച ദുരന്തത്തിന് മൂന്ന് പതിറ്റാണ്ട്!

 
Black and white photo of Colombian footballer Andres Escobar
Black and white photo of Colombian footballer Andres Escobar

Image Credit: X/ FIFA World Cup

● കായിക ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തമാണ് ഇത്.
● എസ്കോബാറിനെ 'ജെന്റിൽമാൻ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
● കൊലപാതകം കൊളംബിയയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കി.
● എസ്കോബാറിന്റെ ഓർമ്മയ്ക്കായി പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ഭാമനാവത്ത്

(KVARTHA) ഫുട്‌ബോൾ ലോകത്തിന് ഒരു രക്തസാക്ഷിയുണ്ടെങ്കിൽ, അത് ആന്ദ്രേ എസ്കോബാറാണ്. ലോക കായിക ചരിത്രത്തിൽ ഇതുവരെ ആവർത്തിച്ചിട്ടില്ലാത്ത ഒരു മഹാ ദുരന്തത്തിന് ഇന്ന് (ജൂലൈ 02) 31 വർഷം തികയുന്നു. ഒരു സെൽഫ് ഗോളിന് മരണമെന്ന അർത്ഥം കൂടിയുണ്ടെന്ന് ലോകം അറിയുന്നത് ഈ താരത്തിന് നേരെ വെടിയൊച്ച മുഴങ്ങിയപ്പോഴാണ്. മഹാനായ കൊളംബിയൻ ഫുട്‌ബോൾ താരം ആന്ദ്രേ എസ്കോബാറിന് ജീവൻ നഷ്ടമായത് ലോകകപ്പിലെ ഒരു സെൽഫ് ഗോളിന്റെ പേരിലായിരുന്നു.

കായിക രംഗത്ത് ജീവൻ ബലിയർപ്പിക്കേണ്ടിവന്ന നിരവധി പേരുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും കളിക്കിടയിലെ പരിക്കുകൾ കാരണമോ ഹൃദയസ്തംഭനം കാരണമോ ആകാം. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, കളിക്കിടയിൽ അബദ്ധത്തിലുണ്ടായ സെൽഫ് ഗോളിന്റെ പേരിൽ ജീവൻ നഷ്ടപ്പെടേണ്ടിവന്ന ഒരു നിർഭാഗ്യവാനും എസ്കോബാറിനെപ്പോലെ കായിക ചരിത്രത്തിലില്ല. 
 

‘ജെന്റിൽമാൻ’ എന്ന് വിളിപ്പേരുള്ള, 27 വയസ്സുകാരനായ ഈ കൊളംബിയൻ ഫുട്‌ബോൾ ടീം അംഗത്തെ ഇന്നും ഫുട്‌ബോൾ പ്രേമികൾ ഓർക്കുന്നു. എതിരാളികളെ ടാക്കിൾ പോലും ചെയ്യാതെ, കളിക്കളത്തിലെ വിശുദ്ധിയുടെയും ശാന്തതയുടെയും പേരിൽ പേരെടുത്ത കളിക്കാരനായിരുന്നു എസ്കോബാർ.

1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിലാണ് ലോകത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ സംഭവം അരങ്ങേറിയത്. ജൂൺ 22-ന് ആതിഥേയരും അക്കാലത്ത് ഫുട്‌ബോളിൽ പൊതുവേ ദുർബലരുമായിരുന്ന അമേരിക്കയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ, ചാമ്പ്യന്മാരാകുമെന്ന് പെലെ പോലുള്ള ഫുട്‌ബോൾ മഹാരഥന്മാർ വിശ്വസിച്ചിരുന്ന ടീമായിരുന്നു കൊളംബിയ. 
 

ടീമിന് സംഭവിച്ച മനപ്പൂർവ്വമല്ലാത്ത ഒരു അബദ്ധത്തിൽ, അമേരിക്കൻ മിഡ്‌ഫീൽഡർ ജോൺ ഹാർക്‌സിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ, കളിയുടെ ആദ്യ പകുതിയുടെ മുപ്പത്തിനാലാം മിനിറ്റിൽ ആ ദുരന്തം സംഭവിച്ചു. എസ്കോബാറിന്റെ കാലിൽ തട്ടിയ പന്ത് വെട്ടിത്തിരിഞ്ഞ് അബദ്ധത്തിൽ സ്വന്തം വലയിലേക്ക് കയറുകയായിരുന്നു. എസ്കോബാറിന് പറ്റിയ അബദ്ധം കാരണം അമേരിക്കയ്ക്ക് 1-0 ലീഡ് ലഭിക്കുകയും മത്സരത്തിൽ കൊളംബിയ 2-1ന് പരാജയപ്പെടുകയും ചെയ്തു. 

1950-നു ശേഷം അമേരിക്കയ്ക്ക് ആദ്യ ലോകകപ്പ് വിജയവും ഇത് സമ്മാനിച്ചു. ഈ പരാജയവും ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ റൊമാനിയോട് തോറ്റതും കൊളംബിയയുടെ വിധി എഴുതുകയും, രണ്ടാം റൗണ്ടിൽ കടക്കാതെ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ചാമ്പ്യന്മാരാകാൻ വന്ന കൊളംബിയ ലോകകപ്പിൽ നിന്ന് നാണംകെട്ട് പുറത്തായി.

സ്വിറ്റ്‌സർലൻഡിനെതിരെ വിജയിച്ച അവസാന മത്സരം കഴിഞ്ഞ്, ടൂർണമെന്റിൽ നിന്ന് പുറത്തായി അഞ്ചു ദിവസത്തിനുശേഷം, ജൂലൈ ഒന്നിന് എസ്കോബാർ തന്റെ സുഹൃത്തുക്കളോടൊപ്പം കൊളംബിയയിലെ ഒരു നൈറ്റ് ക്ലബ്ബിലെ മദ്യശാലയിൽ ഇരിക്കുകയായിരുന്നു. 
 

തന്റെ സുഹൃത്തുക്കളെല്ലാം തിരിച്ചുപോയി, ജൂലൈ രണ്ടിന് പുലർച്ചെ ഏകദേശം മൂന്നര മണിയോടടുത്ത് തന്റെ കാറിൽ ഇരിക്കുമ്പോൾ അവിടെ പ്രത്യക്ഷപ്പെട്ട മൂന്ന് യുവാക്കൾ, ‘ദ്രോഹി,’ ‘ചതിയൻ’ എന്നൊക്കെ വിളിച്ച് എസ്കോബാറുമായി കലഹിക്കുകയുണ്ടായി. അതിലൊരാൾ തന്റെ കൈത്തോക്ക് പുറത്തെടുത്ത്, ‘രാജ്യത്തെ അപമാനിച്ച ദ്രോഹി,’ ‘നീ ജീവിക്കാൻ യോഗ്യനല്ല’ എന്ന് ആക്രോശിച്ച് എസ്കോബാറിനെ ആറു തവണ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ എസ്കോബാറിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഹൃദയവും ശ്വാസകോശവും തകർന്നതിനാൽ ഏതാനും മിനിറ്റുകൾക്കകം മരണപ്പെട്ടു.

കൊളംബിയൻ മയക്കുമരുന്ന് സംഘത്തിലെ മൂന്നുപേരായിരുന്നു കൊലയാളികൾ. ലോകകപ്പ് മത്സരത്തിൽ കൊളംബിയ വിജയിക്കുമെന്ന് പറഞ്ഞ് നടത്തിയ വാതുവെപ്പിന്റെ പേരിൽ വൻ തുക നഷ്ടം വന്നതിന്റെ വിഷമത്തിൽ നിൽക്കവേ, അതിന് കാരണക്കാരനായ വ്യക്തിയെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായ നൈമിഷികമായ പ്രകോപനമായിരുന്നു എസ്കോബാറിന്റെ വധത്തിന് കാരണമെന്ന് വിശദീകരിക്കപ്പെട്ടെങ്കിലും, പ്രതി കുറ്റം ചെയ്തു എന്ന കാര്യം കൃത്യമായി കോടതി മുമ്പാകെ തെളിയിക്കപ്പെട്ടതിനാൽ 43 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 
 

എസ്കോബാറിന്റെ കൊലപാതകം അന്താരാഷ്ട്ര തലത്തിൽ കൊളംബിയയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. മനപ്പൂർവ്വമല്ലാതെ കളിക്കളത്തിൽ ഉണ്ടായ ഒരു അബദ്ധത്തിന് സംഭവിച്ച കുറ്റത്തിന് എസ്കോബാറിന്റെ ജീവനെടുത്തത് കൊളംബിയയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും, എസ്കോബാറിനോടുള്ള ആദരവ് നിലനിർത്താൻ ആരാധകർ നിരവധി പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തു. 

2001-ൽ കൊളംബിയ ആതിഥേയത്വം വഹിച്ച കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിനു മുമ്പ് എസ്കോബാറിന്റെ ഒരു പൂർണ്ണ പ്രതിമ നഗരത്തിൽ അനാച്ഛാദനം ചെയ്യുകയുണ്ടായി.
 

ഏറെ പ്രതീക്ഷയോടെയെത്തിയ ലോകകപ്പിൽ, മനപ്പൂർവ്വമല്ലെങ്കിലും തനിക്ക് സംഭവിച്ച ഒരു പിഴവ് കാരണം ലോകകപ്പിൽ നിന്ന് പുറത്തായതിൽ അങ്ങേയറ്റം ഖിന്നനായിരുന്നു എസ്കോബാർ. ‘ജീവിതം ഇവിടെ അവസാനിക്കുന്നില്ല,’ ‘അടുത്ത ലോകകപ്പിന്റെ ഉത്സവ വേദികളിൽ വീണ്ടും നിറഞ്ഞാടി ചാമ്പ്യന്മാരായിക്കൊണ്ട് നമ്മൾ തിരിച്ചു വരും’ എന്ന് കൊളംബിയൻ ജനതയ്ക്ക് ഉറപ്പുനൽകിയെങ്കിലും, അതിന് അവസരം ലഭിക്കാതെ അവർക്ക് നൽകിയ വാഗ്ദാനത്തിന്റെ അഞ്ചാം ദിവസം ഈ ലോകത്തോട് വിടപറയാനായിരുന്നു എസ്കോബാറിന്റെ വിധി. കായിക ലോകത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മായാത്ത ചോരത്തുള്ളിയായി എസ്കോബാറിന്റെ രക്തസാക്ഷിത്വം എന്നും നിലനിൽക്കും.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
 

Article Summary: The tragic death of Colombian footballer Andres Escobar, 31 years on.

#AndresEscobar #FootballTragedy #ColombiaFootball #WorldCup1994 #SelfGoal #FootballHistory

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia