Funeral | സ്വപ്നങ്ങള്‍ ബാക്കിയാക്കി അവള്‍ യാത്രയായി: നിദ ഫാത്വിമയ്ക്ക് യാത്രമൊഴിയേകി നാട്; മൃതദേഹം ഖബറടക്കി
Dec 24, 2022, 12:44 IST
അമ്പലപ്പുഴ: (www.kvartha.com) നാഗ്പൂരില്‍ മരിച്ച കേരള സൈകിള്‍ പോളോ താരം നിദ ഫാത്വിമ(10)യുടെ മൃതദേഹം കാക്കാഴം മുസ്ലീം ജമാത്ത് പള്ളിയില്‍ ഖബറടക്കി. മെഡലുകളുമായി ആര്‍പുവിളികള്‍ ഉയരേണ്ടിയിരുന്ന വീടും നാടും കുഞ്ഞുതാരത്തിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിച്ചു.
രാവിലെ ആറരയോടെയാണ് നിദയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് നാഗ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ ബെംഗ്‌ളൂറിലേക്ക് കൊണ്ടുവന്ന മൃതദേഹം കണ്ണൂര്‍ വഴിയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. റോഡ് മാര്‍ഗം ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. 10 മണി മുതല്‍ നിദ പഠിച്ച സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചു. സ്വപ്നങ്ങള്‍ ബാക്കിയാക്കി നിദ മടങ്ങുമ്പോള്‍ അവസാനമായി ഒരു നോക്ക് കാണാന്‍ നാടും സഹപാഠികളും അധ്യാപകരും എത്തിയിരുന്നു.
വ്യാഴാഴ്ച രാത്രി നാഗ്പുരിലെത്തിയ പിതാവ് ശിഹാബുദ്ദീന്‍ മെഡികല്‍ കോളജ് മോര്‍ചറിയിലെത്തി മകളുടെ ശരീരം തൊട്ട് വിങ്ങുമ്പോള്‍ കണ്ടുനിന്നവര്‍ക്കും ദുഃഖമടക്കാനായിരുന്നില്ല. ദേശീയ ചാംപ്യന്‍ഷിപ് സംഘടിപ്പിച്ച ദേശീയ സൈകിള്‍ പോളോ ഫെഡറേഷനെതിരെയും ശ്രീകൃഷ്ണ ആശുപത്രിക്കെതിരെയും ശിഹാബുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മൃതദേഹം എത്തിക്കാനും ആശുപത്രി ചിലവുകള്‍ക്കുമായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി നിദയുടെ വീട്ടിലെത്തിയ മന്ത്രി വി അബ്ദു റഹിമാന്‍ പറഞ്ഞു.
അതേസമയം, നിതയുടെ പോസ്റ്റുമോര്‍ടം റിപോര്‍ടിലെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് എ എം ആരിഫ് എം പി വ്യക്തമാക്കി.
ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്കും കത്തയച്ചു. ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ ദേശീയ സൈകിള്‍ ഫെഡറഷനോട് റിപോര്‍ട് ആവശ്യപ്പെടും.
Keywords: News,Kerala,State,Ambalapuzha,Sports,Complaint,Death,Funeral,Ministers,Top-Headlines,Trending, Ambalappuzha: Nida Fathima's funeral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.